Latest Videos

വീട്ടുകാർ മുകളിലെ നിലയിൽ ഉറങ്ങുമ്പോൾ ആസൂത്രിത കവർച്ച; മൂന്നംഗ സംഘം പിടിയിൽ

By Web TeamFirst Published May 25, 2024, 9:47 PM IST
Highlights

വടകര സ്വദേശി എൻ കെ മണി, തഞ്ചാവൂർ സ്വദേശികളായ മുത്തു, വിജയൻ എന്നിവരാണ് പിടിയിലായത്. 

കണ്ണൂര്‍: വടക്കൻ കേരളത്തിലെ വിവിധയിടങ്ങളിൽ മോഷണം നടത്തിയ മൂന്നംഗ സംഘത്തെ കണ്ണൂർ ധർമടം പൊലീസ് പിടികൂടി. വടകര സ്വദേശിയും രണ്ട് തമിഴ്നാട് സ്വദേശികളുമാണ് അറസ്റ്റിലായത്. ധർമടം, കൊയിലാണ്ടി, പള്ളൂർ എന്നിവിടങ്ങളിൽ വീട്ടിൽ കയറി കവർച്ച നടത്തിയ സംഘമാണ് ഇവരെന്ന് പൊലീസ് പറയുന്നു.

വടകര സ്വദേശി എൻ കെ മണി, തഞ്ചാവൂർ സ്വദേശികളായ മുത്തു,വിജയൻ എന്നിവരാണ് പിടിയിലായത്. ഈ മാസം 16ന് പാലയാടുളള വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നിരുന്നു. വിരമിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ സതീശന്‍റെ വീട്ടിൽ നിന്നാണ് അഞ്ച് പവൻ സ്വർണവും അയ്യായിരം രൂപയും മോഷ്ടിച്ചത്. വീട്ടുകാർ മുകളിലെ നിലയിൽ ഉറങ്ങുമ്പോൾ ആസൂത്രിതമായി നടത്തിയ കവർച്ച. ഈ കേസിലെ അന്വേഷണത്തിലാണ് മണി പിടിയിലാകുന്നത്. തലശ്ശേരി എഎസ്പിയുടെ പ്രത്യേക സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്തതിൽ നിന്ന് സംഘത്തിൽ മറ്റ് രണ്ട് പേർ കൂടി ഉണ്ടെന്ന് മനസ്സിലായി. അങ്ങനെ മുത്തുവും വിജയനും അറസ്റ്റിലായി. 

കൊയിലാണ്ടിയിൽ ഒരു വീട്ടിലും ഇവർ കവർച്ച നടത്തിയിരുന്നു. അതിന്‍റെ മോഷണമുതലും പിടിച്ചെടുത്തു. മാഹി പളളൂരിലും കഴിഞ്ഞ ദിവസം വീട്ടിൽ കയറി സ്ത്രീയുടെ മാല മോഷ്ടിച്ചിരുന്നു.ഇതിന് പിന്നിലും ഈ സംഘമെന്നാണ് നിഗമനം. പലയിടങ്ങളിൽ നിന്നായി ഇരുചക്ര വാഹനങ്ങളും ഇവർ മോഷ്ടിച്ചിരുന്നു. മണിയാണ് കവർച്ചകളുടെയെല്ലാം സൂത്രധാരനെന്നാണ് പൊലീസ് പറയുന്നത്.

click me!