ക്രിപ്‌റ്റോ കറൻസി ഇടപാട്: തൃശ്ശൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; കോൺഗ്രസ് നേതാവ് ഉൾപ്പെടെ 11 പേര്‍ പിടിയില്‍

By Web TeamFirst Published Jul 5, 2020, 11:25 PM IST
Highlights

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം താനൂർ സ്വദേശിയായ കോൺഗ്രസ് നേതാവ് ഷൗക്കത്തും സുഹൃത്തുക്കളുമാണ് ക്വട്ടേഷൻ നൽകിയത്

തൃശ്ശൂര്‍: ക്രിപ്‌റ്റോ കറൻസി ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ തൃശ്ശൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. മലപ്പുറം സ്വദേശി നവാസിനെയാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് ഉൾപ്പെടെ 11 പേരെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് പിടികൂടി.

മലപ്പുറം ഏലംകുളം സ്വദേശിയായ നവാസ് തൃശ്ശൂർ നഗരത്തിലാണ് ബിസിനസ്സ് നടത്തുന്നത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കാറിൽ എത്തിയ സംഘം കടയിൽ നിന്ന് നവാസിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോയ വാഹനം വടക്കാഞ്ചേരിയിൽ നിന്നും കണ്ടെത്തി. എന്നാൽ പ്രതികൾ മറ്റൊരു വാഹനത്തിൽ നവാസിനെ കൊച്ചിയിലെ അരൂക്കുറ്റിയിലെത്തിച്ചു. വാഹനത്തെ കുറിച്ച് നടത്തിയ പരിശോധനയിൽ ആണ് അന്വേഷണം ക്വട്ടേഷൻ സംഘത്തിൽ എത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം താനൂർ സ്വദേശിയായ കോൺഗ്രസ് നേതാവ് ഷൗക്കത്തും സുഹൃത്തുക്കളുമാണ് ക്വട്ടേഷൻ നൽകിയത്.

എറണാകുളത്തെ വീട്ടിൽ ഒളിച്ചുകഴിയവേ ആണ് പ്രതികൾ പിടിയിലായത്. നവാസിൽ നിന്ന് തരാനുള്ള പണത്തിനു പകരം സ്വത്തുക്കൾ എഴുതി വാങ്ങാനായിരുന്നു പദ്ധതി. സ്വത്തുക്കൾ നൽകാം എന്ന് സമ്മതിച്ചതോടെ ഇന്നലെ അർദ്ധരാത്രി നവാസിനെ വിട്ടയക്കുകയായിരുന്നു. പിന്നീടാണ് ഇയാൾ പൊലീസിനെ കണ്ടതും കാര്യങ്ങൾ വിശദീകരിച്ചതും. സംഭവത്തിൽ രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

click me!