മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ

By Web TeamFirst Published Jul 5, 2020, 10:59 PM IST
Highlights

സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മുക്ക് പണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് അറസ്റ്റിലായത്

പത്തനംതിട്ട: പത്തനംതിട്ടയിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ. കെഎസ്ആർടിസി ജീവനക്കാരനടക്കം നാല് പേരെയാണ് മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ മുക്ക് പണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 26 തീയതി മലയാലപ്പുഴയിലെ സഹകരണബാങ്കിൽ തട്ടിപ്പ് നടത്താനെത്തിയതോടെയാണ് സംഘത്തിന് മേൽ പിടിവീണത്. കെഎസ്ആർടിസി ജീവനക്കാരനും ഉടുമ്പുചോല സ്വദേശിയുമായ അഖിൽ ബിനു ബാങ്കിലെത്തി പണയംവെക്കാൻ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു. 

അഖിലിനെ ചോദ്യം ചെയ്തതോടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണത്തിലാണ് മണിയാർ സ്വദേശികളായ ബിനു, സാബു ഇടുക്കി സ്വദേശി അലി അക്ബർ എന്നിവർ പിടിയിലായത്. വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഇടുക്കിയിലാണ് പ്രതികൾ മുക്കു പണ്ടം ഉണ്ടാക്കുന്നത്. ബാങ്കുകൾക്ക് പുറമെ സ്വർണക്കടകളിലും പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. 

തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ടെന്നാണ് പൊലീസ് നിഗമനം. കൂടുതൽ പേർ സംഘത്തിലുണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു.

Read more: പൊലീസുകാരെ കൊലപ്പെടുത്തിയ കേസ്: വികാസ് ദുബൈ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി സംശയം

click me!