കെണിയിൽ പുലി കുടുങ്ങിയ സംഭവം: കർഷകന് ജാമ്യം, കുറ്റസമ്മത മൊഴി പുറത്ത്

By Web TeamFirst Published Jun 18, 2020, 1:21 AM IST
Highlights

ബത്തേരിയിൽ കെണിയിൽ പുലി കുടുങ്ങിയതിനെ തുടർന്ന് അറസ്റ്റിലായ കർഷകന് ജാമ്യം. ഓടപ്പള്ളം സ്വദേശി ഏലിയാസിനാണ് ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

വയനാട്: ബത്തേരിയിൽ കെണിയിൽ പുലി കുടുങ്ങിയതിനെ തുടർന്ന് അറസ്റ്റിലായ കർഷകന് ജാമ്യം. ഓടപ്പള്ളം സ്വദേശി ഏലിയാസിനാണ് ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പുലി കമ്പിവേലിയിൽ കുടുങ്ങിയതാണെന്ന വാദത്തിനിടെ കെണിവച്ചത് താനാണെന്ന ഏലിയാസിന്‍റെ മൊഴി പുറത്തുവന്നു.

കൃഷിയിടത്തിൽ സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങിയതിനെ തുടർന്നാണ് കർഷകനായ ഏലിയാസിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്. കാട്ടുപന്നിയെ പിടികൂടാൻ സ്ഥാപിച്ചതായിരുന്നു കെണി. കെണിയിൽ കുരുങ്ങിയ പുലി പിന്നീട് രക്ഷപ്പെട്ടെങ്കിലും വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. 

പുലി വീടിനോട് ചേർന്നുള്ള കമ്പിവേലിയിലാണ് കുടുങ്ങിയതെന്നും കെണി സ്ഥാപിച്ചിട്ടില്ലെന്നുമായിരുന്നു കുടുംബത്തിന്‍റെ വാദം. എന്നാൽ താൻ തന്നെ വച്ചതാണ് കെണിയെന്ന് ഏലിയാസ് പറയുന്ന കുറ്റസമ്മത മൊഴി പുറത്ത് വന്നു. അഞ്ച് കെണി ഉണ്ടായിരുന്നതായും മൊഴിയിലുണ്ട്.

കാട്ടുപന്നിയുൾപ്പെടെയുള്ള മൃഗങ്ങളെ പിടികൂടാനാണ് കെണിവച്ചതെന്നും കുറ്റസമ്മത മൊഴിയിൽ പറയുന്നു. ഏലിയാസിനെതിരെ വന്യ ജീവികളെ വേട്ടയാടിയതുൾപ്പെടെ വിവിധ വകുപ്പുകളനുസരിച്ചാണ് കേസ്സെടുത്തിരിക്കുന്നത്. കുറ്റസമ്മത മൊഴി സംബന്ധിച്ച് പ്രതികരിക്കാൻ കുടുംബം തയ്യാറായില്ല.

click me!