ആറ് ഭാഷയറിയാം,മലേഷ്യയില്‍ മുന്തിയ ഹോട്ടല്‍, കേരളത്തില്‍ മാലമോഷണം; പ്രതി അറസ്റ്റില്‍

By Web TeamFirst Published May 18, 2019, 1:51 PM IST
Highlights

ആറ് ഭാഷകള്‍ സംസാരിക്കാന്‍ അറിയാവുന്ന ഷാഹുല്‍ ഹമീദിന് നെതര്‍ലന്‍റില്‍ നിന്നും പിജിയുമുണ്ട്. 

ചെന്നൈ: ട്രെയിനില്‍ നിരവധി മോഷണം നടത്തിവന്ന തൃശൂർ സ്വദേശിയും മലേഷ്യയിലെ ഹോട്ടല്‍ ബിസിനസുകാരനുമായ 37 കാരന്‍ പിടിയില്‍. ഷാഹുല്‍ ഹമീദ് എന്നയാളാണ് പൊലീസ് പിടിയിലായത്. കേരളത്തിലും തമിഴ്നാട്ടില്‍ നിന്നുമാണ് ഇയാള്‍ മോഷണങ്ങള്‍ നടത്തിയിരുന്നത്. ട്രെയിനിലെ എ സി കോച്ചുകളില്‍ യാത്ര ചെയ്ത് സ്ത്രീകളുടെ ആഭരണങ്ങളും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിക്കാറാണ് ഷാഹുലിന്‍റെ രീതി. മുപ്പതോളം തവണ എസി കോച്ചുകളില്‍ യാത്ര ചെയ്ത് ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ആറ് ഭാഷകള്‍ സംസാരിക്കാന്‍ അറിയാവുന്ന ഷാഹുല്‍ ഹമീദിന് നെതര്‍ലന്‍റില്‍ നിന്നും പിജിയുമുണ്ട്. നാലുവര്‍ഷത്തെ അലച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. 2016 മുതല്‍ എ സി കോച്ചുകളില്‍ നിന്ന്  നിരവധി പരാതികള്‍ ലഭിച്ചതോടെ  ഗവണ്‍മെന്‍റ് റെയില്‍വേ പൊലീസ് അന്വേഷണത്തിനായി സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചു. മോഷണം റിപ്പോര്‍ട്ട് ചെയ്ത എല്ലാ കോച്ചുകളിലും യാത്രക്കാരുടെ ലിസ്റ്റില്‍ ഹമീദ് ഉണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് എസി കോച്ചുകളില്‍ നിരീക്ഷണം ശക്തമാക്കി.

ഇതിന് പിന്നാലെയാണ് മേട്ടുപ്പാളയത്ത് വച്ച്  ബ്ലൂ മൌണ്ടെയ്ന്‍ എക്സ്പ്രസില്‍ നിന്നും ഷാഹുല്‍ ഹമീദിനെ പൊലീസ് പിടികൂടിയത്. എന്നാല്‍ അറസ്റ്റ് ചെയ്യുന്നതിനെ എതിര്‍ത്ത ഹമീദ് താനൊരു ബിസിനസുകാരനാണെന്ന് പൊലീസിനോട് പറയുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലില്‍ തന്‍റെ ക്രിമിനല്‍ ചരിത്രം ഹമീദ് സമ്മതിച്ചു.

പുലര്‍ച്ചെ രണ്ടുമണിക്കും നാലുമണിക്കും ഇടയിലാണ് ഷാഹുല്‍ മോഷണം നടത്തിവന്നിരുന്നത്. ബാഗുകളില്‍ നിന്ന് വിലയേറിയ വസ്തുക്കള്‍ അടിച്ചുമാറ്റും. പിന്നീട് ഇത് മുംബൈയിലും തൃശൂരിലും വിറ്റ ശേഷം മലേഷ്യയിലെ ക്വലാലം പൂരിലേക്ക് പറക്കുകയാണ് ഷാഹുലിന്‍റെ പതിവ്. ക്വലാലം പൂരിലെ ഒരു ഹോട്ടലിന്‍റെ പാര്‍ട്ടണര്‍മാരാണ് ഷാഹുലും ഇയാളുടെ ഭാര്യയും. മൂന്നാമത്തെ പാര്‍ട്ടണറെ ഹോട്ടലില്‍ നിന്നും പുറത്താക്കുന്നതിനായി പണം ആവശ്യമായി വന്നതോടെയാണ് ഇയാള്‍ വീണ്ടും മോഷണത്തിനായി എത്തിയതും പിടിയാലയതും. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!