ട്രാൻസ്ജെൻഡർ ഷാലുവിന്‍റെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം പുറത്ത് വിട്ടു

By Web TeamFirst Published Jun 11, 2019, 10:50 PM IST
Highlights

ദൃശ്യത്തിൽ ഉള്ളയാളെ ഒഴികെ സംഭവ ദിവസം രാത്രി ഷാലുവിനോട് കൂടെ ഉണ്ടായിരുന്നവരെയെല്ലാം ചോദ്യം ചെയ്തു. ഇയാളെക്കുറിച്ച് ഒരു വിവരവുമില്ലാതെ വന്നതോടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ട്രാൻസ്ജെൻഡർ ഷാലു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. രണ്ട് മാസം കഴിഞ്ഞിട്ടും കുറ്റവാളിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.

ഏപ്രിൽ ഒന്നിന് രാത്രിയാണ് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ട്രാൻസ്ജെൻഡർ ഷാലുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസന്വേഷിക്കുന്ന നടക്കാവ് പൊലീസ് ഇതുവരെ 170ഓളം പേരെ ചോദ്യം ചെയ്തു. ദൃശ്യത്തിൽ ഉള്ളയാളെ ഒഴികെ സംഭവ ദിവസം രാത്രി ഷാലുവിനോട് കൂടെ ഉണ്ടായിരുന്നവരെയെല്ലാം വിശദമായി ചോദ്യം ചെയ്തു. 

ഇയാളെക്കുറിച്ച് ഒരു സൂചനയും കിട്ടാതെ വന്നതോടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. തനിക്ക് നേരെ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് കൊലപാതകത്തിന് തലേദിവസം ഷാലു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. 

സംശയമുള്ളവരുടെ പേരുകളടക്കമുള്ള വിശദാംശങ്ങൾ സുഹൃത്തുക്കൾ അന്വേഷണ സംഘത്തിന് നൽകി. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ട്രാൻസ്ജെന്‍റർ സംഘടനകൾ പരാതി നൽകിയിട്ടുണ്ട്. കൊലപാതകം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നത് പൊലീസിന് തലവേദനയാവുകയാണ്

click me!