
കൊല്ലം: ഒന്നര വയസുകാരന്റെ വാക്സിനേഷൻ കുത്തിവയ്പ്പിൽ പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ ഗുരുതര അലംഭാവം വരുത്തിയെന്ന് പരാതി. കൊല്ലം തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർക്കെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടയിൽ എടുക്കേണ്ടിയിരുന്ന കുത്തിവയ്പ് കാൽമുട്ടിൽ നൽകിയതിനെ തുടർന്ന് ആരോഗ്യ നില മോശമായ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
കണ്ണനല്ലൂർ സ്വദേശി ഷഫീക്കിന്റെ ഒന്നര വയസുകാരൻ മകൻ മുഹമ്മദ് ഹംദാനാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അശ്രദ്ധയുടെ ഇരയായത്. ഈ മാസം ഒന്നാം തീയതിയാണ് ഡിപിഡി ബൂസ്റ്റർ വാക്സിൻ എടുക്കാൻ കുഞ്ഞിനെ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. സാധാരണ ഈ വാക്സിൻ കുത്തിവെക്കാറുള്ളത് കുഞ്ഞുങ്ങളുടെ തുടയിൽ ആണ്. എന്നാൽ വാക്സിനേഷൻ ചുമതലയുണ്ടായിരുന്ന നഴ്സ് കുഞ്ഞിനെ കാൽമുട്ടിൽ വാക്സിൻ കുത്തിവയ്ക്കുക ആയിരുന്നു എന്ന് പിതാവ് പറയുന്നു.
കാൽമുട്ടിൽ കടുത്ത നീരുവീക്കം ഉണ്ടായതിനെ തുടർന്ന് കുട്ടി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിൻറെ ആരോഗ്യനില മോശമായതിനു ശേഷവും പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാർ ഇടപെടലുകൾ ഒന്നും നടത്തിയില്ലെന്നും പരാതിയുണ്ട്. ആരോഗ്യമന്ത്രിക്ക് പുറമേ പൊലീസിലും കുടുംബം പരാതി നൽകിയിട്ടുണ്ട്. നിയമപരമായി മുന്നോട്ട് പോകാനാണ് കുടുംബത്തിൻറെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam