
കൊല്ലം: കടയ്ക്കലിൽ ബൈക്ക് യാത്രികനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേര്‍ പിടിയിൽ. അഞ്ചൽ കോട്ടുക്കൽ സ്വദേശികളായ വിപിൻ, മുഹമ്മദ് ഷഹദ് എന്നിവരെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ പതിനൊന്നാം തീയതി ആനപ്പുഴക്കൽ വെച്ചാണ് ബൈക്ക് യാത്രികനെ പ്രതികൾ അക്രമിച്ചത്. രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ വരികയായിരുന്നു അഞ്ചൽ സ്വദേശി രാധാകൃഷ്ണനെ ഇരുവരും ചേര്‍ന്ന് കമ്പിവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതികൾ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ബൈക്കിൽ നിന്നും വീണ രാധാകൃഷ്ണനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചു. ബൈക്ക് യാത്രികന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതികൾ കടന്നു കളഞ്ഞു.
രാധാകൃഷ്ണൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കോട്ടുക്കലിൽ നിന്നും കണ്ടെത്തിയത്. പിടിയിലായ വിപിൻ കാപ്പ പ്രകാരം ശിക്ഷ കഴിഞ്ഞിറങ്ങിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. വധ ശ്രമത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam