മദ്യപിച്ചെത്തിയാണ് അപ്പു പ്രശ്നങ്ങളുണ്ടാക്കിയത്. കൃഷ്ണൻകുട്ടിയും അരുണ്‍ ദാസും വീട്ടില്‍ നിന്നിറങ്ങി തര്‍ക്കിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി.  ഇരുവരും ചേർന്ന് അപ്പുവിനെ മൃഗീയമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: മണ്‍വെട്ടി കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് കയ്യാങ്കളിയില്‍. 60 വയസുകാരന്‍റെ കൈയും കാലും തല്ലിയൊടിച്ച സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റിലായതായി തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അറിയിച്ചു. തിരുവനന്തപുരം വട്ടപ്പാറയില്‍ തിങ്കളാഴ്ച രാത്രി ആണ് സംഭവം. മണ്‍വെട്ടിയടക്കം ചില സാധനങ്ങള്‍ കാണുന്നില്ലെന്ന് ആരോപിച്ച് ബന്ധുവായ അമ്പലനഗർ അരുൺഭവനിൽ കെ അരുൺദാസ് (28), പിതാവ് കൃഷ്ണൻകുട്ടി (60) എന്നിവരുടെ വീട്ടിലെത്തി വട്ടപ്പാറ അമ്പലനഗർ വീട്ടിൽ ആർ അപ്പു എന്നയാള്‍ അസഭ്യം പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.

മദ്യപിച്ചെത്തിയാണ് അപ്പു പ്രശ്നങ്ങളുണ്ടാക്കിയത്. കൃഷ്ണൻകുട്ടിയും അരുണ്‍ ദാസും വീട്ടില്‍ നിന്നിറങ്ങി തര്‍ക്കിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. ഇരുവരും ചേർന്ന് അപ്പുവിനെ മൃഗീയമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അരുൺ ദാസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അപ്പുവിന്‍റെ കൈകളും കൃഷ്ണൻകുട്ടി കുറുവടി കൊണ്ട് കാലും അടിച്ചൊടിച്ചു. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് ഒടുവില്‍ പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു.

ഇതിനിടെ തലയ്ക്കും കൈകാലുകൾക്കും സാരമായി പരിക്ക് പറ്റി ചോരയിൽ കുളിച്ച് കിടന്ന അപ്പുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസിന്‍റെ സേവനം തേടിയിരുന്നു. ഈ ആംബുലന്‍സ് വരുന്ന വഴി വേറ്റിനാട് വച്ച് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു. ആംബുലന്‍സ് ഓടിച്ചിരുന്ന ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്ക് പറ്റിയ ആംബുലൻസ് ഡ്രൈവർ തൃശൂർ ചൂലിശ്ശേരി അമ്പാടത്ത് ശിവകുമാർ (47) നെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മറ്റൊരു ആംബുലൻസ് വരുത്തിയാണ് പരിക്ക് പറ്റിയ അപ്പുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പൊലീസ് മാറ്റിയത്. 

ഹില്‍ സ്റ്റേഷനിൽ പോകാമെന്ന് പറഞ്ഞു, കാറില്‍ കൊടും ക്രൂരത; ഡാറ്റ കേബിള്‍ കൊണ്ട് കഴുത്തുഞെരിച്ച് അരുംകൊല