
കരീംനഗർ: തെലങ്കാനയിലെ കരീംനഗറിൽ 52-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കർഷകത്തൊഴിലാളിയായ പൈതാരി മൊഗിലി(52)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതിയായ ബംഗാരപ്പു മഹേഷി(40)നെ പൊലീസ് അറസ്റ്റ്ചെയ്തത്. പ്രതിയുടെ പെൺസുഹൃത്തിനെ മൊഗിലി നിരന്തരം ഉപദ്രവിക്കാൻ ശ്രമിച്ചതും ഇവരുടെ രഹസ്യബന്ധം മറ്റുള്ളവരോട് പറഞ്ഞതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. യൂട്യൂബ് വീഡിയോകൾ കണ്ടാണ് പ്രതി കൊലപാതകം ആസൂത്രണംചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.
പ്രദേശവാസിയായ ഒരു സ്ത്രീയുമായി മഹേഷിന് അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞവർഷം മൊഗിലി ഈ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇയാൾ അറസ്റ്റിലായി ജയിലിലായി. എന്നാൽ, ജയിലിൽനിന്നിറങ്ങിയിട്ടും മൊഗിലി സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് തുടർന്നു. മാത്രമല്ല, മഹേഷും സ്ത്രീയും തമ്മിലുള്ള അവിഹിതബന്ധം നാട്ടിൽ പലരോടും പറഞ്ഞു. ഇതിന്റെ വൈരാഗ്യമാണ് മൊഗിലിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്.
കൃത്യം നടത്തുന്നതിന് മുൻപായി ഒരാളെ എങ്ങനെ കൊല്ലാമെന്നുള്ള പലതരത്തിലുള്ള വീഡിയോകൾ പ്രതി യൂട്യൂബിൽ കണ്ടിരുന്നു. ഇതിനുശേഷമാണ് പ്രതി കൊലപാതകം ആസൂത്രണംചെയ്തത്. തുടർന്ന് ശനിയാഴ്ച രാത്രി മൊഗിലിയെ വകവരുത്താൻ തീരുമാനിച്ചു. മുഹറം ആഘോഷങ്ങൾ കഴിഞ്ഞ് സൈക്കിളിൽ വരികയായിരുന്ന മൊഗിലിയെ പ്രതി റോഡരികിൽ കാത്തിരുന്നു. മൊഗിലി എത്തിയതോടെ കൈയിൽ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിച്ചു. നിലത്തുവീണതോടെ സമാനരീതിയിൽ മർദനം തുടർന്നു. മൊഗിലി മരിച്ചെന്ന് ഉറപ്പിച്ചതോടെ പ്രതി വീട്ടിലേക്ക് തിരികെപോയി. തുടർന്ന് രക്തംപുരണ്ട വസ്ത്രങ്ങൾ മാറിയശേഷം നാടുവിടുകയാണുണ്ടായതെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും സംഭവസമയത്ത് ധരിച്ച ചോരപുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് യൂട്യൂബിൽ കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോകൾ കണ്ടതിന്റെ തെളിവുകൾ ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam