സ്വർണ്ണക്കടത്തിൽ ആരോപണങ്ങളെല്ലാം നിഷേധിച്ച് യുഎഇ കോൺസുലേറ്റ്

By Web TeamFirst Published Jul 5, 2020, 11:27 PM IST
Highlights

കോൺസുലേറ്റിന്റെ വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് കാർഗോയിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. എന്നാൽ ഈ പൈപ്പുകളുൾപ്പടെ ഒന്നിനും തന്നെ ദുബൈയിലേക്ക് ഓർഡർ നൽകിയിരുന്നില്ല എന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.  

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ  15 കോടിയുടെ സ്വർണ്ണക്കടത്തിൽ ആരോപണങ്ങളെല്ലാം നിഷേധിച്ച് യുഎഇ കോൺസുലേറ്റ്. ദുബായിൽ നിന്നും ഭക്ഷണസാധനങ്ങൾ മാത്രം എത്തിക്കാനാണ് ഓ‍ർഡർ നൽകിയിരുന്നതെന്നും, മുൻ പിആർഒയെയാണ് ഇതിന്  ചുമതലപ്പെടുത്തിയതെന്നും  കോൺസുൽ കസ്റ്റംസിനെ അറിയിച്ചു. മുൻ പിആർഒയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

കോൺസുലേറ്റിന്റെ വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് കാർഗോയിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. എന്നാൽ ഈ പൈപ്പുകളുൾപ്പടെ ഒന്നിനും തന്നെ ദുബൈയിലേക്ക് ഓർഡർ നൽകിയിരുന്നില്ല എന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.  ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ മാത്രമാണ് ഓർഡർ നൽകിയിരുന്നത്.  ഈ കാര്യങ്ങൾക്ക് ചുമതല നൽകിയിരുന്നത് കോൺസുലേറ്റ് മുൻ പിആർഒക്കാണ്. ഈ സാഹചര്യത്തിലാണ് പിആർഒയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.  

ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണ്ണക്കടത്ത് പിടികൂടുന്നത്. ഈ കാർഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുളള അധികാരം കോൺസുലേറ്റിന് മാത്രമാണ്. അങ്ങനെയെരിക്കെ സ്വർണ്ണം ആർക്കുവേണ്ടി എത്തിച്ചു എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്ക് മുന്നിലുളളത്. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. 

യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം. നയതന്ത്ര വിഷയമായതിനാൽ വിദേശകാര്യമന്ത്രാലയം ഉൾപ്പെടെ ഉന്നത ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. ദുബായിൽ നിന്നും കാർഗോ അയച്ചത് മുതൽ സമഗ്ര അന്വേഷണം നടത്തേണ്ടി വരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. കസ്റ്റംസ് കമ്മീഷണറുടെ നേരിട്ടുളള നേതൃത്വത്തിലാണ് അന്വേഷണം.

click me!