
ഗുജറാത്ത്: ചൊവ്വാഴ്ചയാണ് നവസാരിയിൽ വിവാഹ സമ്മാനമായി കിട്ടിയ പാവ പൊട്ടിത്തെറിച്ച് ലതീഷ് ഗാവിത്ത് എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ കാഴ്ച നഷ്ടമായി. കൈ അറ്റ് പോയി. സഹോദരന്‍റെ മൂന്ന് വയസുള്ള മകനും സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. വധുവിന്‍റെ സഹോദരിയുടെ മുൻ കാമുകൾ നൽകിയ പാവയാണ് പൊട്ടിത്തെറിച്ചതെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നത്. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ ഒറ്റ ദിവസം കൊണ്ട് പ്രതി പിടിയിലായി. രാജു പട്ടേൽ എന്നാണ് പ്രതിയുടെ പേര്. വധുവായ സൽമയുടെ മൂത്ത സഹോദരി ജുഗൃതിയുടെ മുൻ കാമുകൻ. രാജുവിന് സ്ഫോടക വസ്തു എത്തിച്ച് നൽകിയ മനോജ് എന്നയാളെയും പിടികൂടിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ രാജു പൊലീസിന് നൽകിയ മൊഴിയാണ് കേസിൽ വഴിത്തിരിവായത്.
ലതീഷ് ആയിരുന്നില്ല ലക്ഷ്യം; കൊല്ലേണ്ടിയിരുന്നത് ജുഗൃതിയെ
2009 മുതൽ ജുഗൃതിയുമായി ഒരുമിച്ച് കഴിയുകയായിരുന്നു രാജു. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുണ്ട്. അത് വേർപെടുത്താതെ തന്നെയാണ് ബന്ധം തുടങ്ങിയത്. തന്നെ വിവാഹം കഴിക്കണമെന്ന് ജുഗൃതി വാശിപിടിച്ചതോടെ തർക്കമായി. മൂന്ന് മാസം മുൻപ് ബന്ധം ഉപേക്ഷിച്ച് ജുഗൃതി വീട്ടിലേക്ക് മടങ്ങി. പകയോടെ നടന്ന രാജു ഒടുവിൽ പ്രതികാരത്തിനിറങ്ങി. ആലോചനകൾക്കൊടുവിൽ ബോബ് വച്ച പാവ സമ്മാനിക്കാൻ തീരുമാനിച്ചു. ഒടു ടെഡ്ഡി ബെയർ. ഇലക്ടിക് പ്ലഗുമായി ബന്ധിപ്പിച്ചാൽ ഉടനെ പൊട്ടിത്തെറിക്കുന്ന പാവ നിർമ്മിച്ചു. ജുഗൃതി നേരിട്ട് വാങ്ങിക്കാത്തതിനാൽ ഒരു സുഹൃത്ത് വഴി നൽകി. പക്ഷെ അത് എടുത്ത് ഉപയോഗിക്കാൻ അവർ തയ്യാറായില്ല.
ബോംബൈണെന്ന് തിരിച്ചറിയാതെ പാവയെ സഹോദരിക്ക് വിവാഹ സമ്മാനമായി നൽകി
അങ്ങനെയാണ് സഹോദരി സൽമയുടെ വിവാഹം വരുന്നത്. സൽമയ്ക്ക് കൊടുത്ത സമ്മാനങ്ങൾക്കിടയിൽ ഈ പാവയും വച്ചു. ചൊവ്വാഴ്ച വിവാഹ സമ്മാനങ്ങൾ പരിശോധിക്കുകയായിരുന്നു ലതീഷും സഹോദര പുത്രനും. ടെഡ്ഡി ബെയറിനെ പ്ലഗിൽ കണക്ട് ചെയ്തയുടൻ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ലതീഷിന്‍റെ കൈ അറ്റ് പോയി. കാഴ്ച നഷ്ടമായ വിധം കണ്ണിന് ഗുരുതര പരിക്കേറ്റു. തലയ്ക്ക് വലിയ ക്ഷതമേറ്റ കുട്ടിയെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam