തൃശ്ശൂരിൽ സർക്കാർ അഭയകേന്ദ്രത്തിൽ സ്ത്രീകളെയും വളണ്ടിയർമാരെയും ഉപദ്രവിച്ച രണ്ടുപേർ അറസ്റ്റിൽ

By Web TeamFirst Published May 22, 2021, 12:06 AM IST
Highlights

സർക്കാരിന്റെ താത്കാലിക അഭയകേന്ദ്രത്തിൽ സ്ത്രീകളേയും വളണ്ടിയർമാരേയും ഉപദ്രവിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുവരേയും കുറിച്ച് കൂടുതൽ വിവരങ്ങൾശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

തൃശ്ശൂർ: സർക്കാരിന്റെ താത്കാലിക അഭയകേന്ദ്രത്തിൽ സ്ത്രീകളേയും വളണ്ടിയർമാരേയും ഉപദ്രവിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുവരേയും കുറിച്ച് കൂടുതൽ വിവരങ്ങൾശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച തൃശ്ശൂർ മെഡിക്കൽ കോളേജ് പരിസരത്ത് പൊലീസും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയിൽ ആശുപത്രി ക്യാമ്പസിൽ മതിയായ രേഖകളില്ലാതെ തങ്ങുന്ന 177 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. രോഗികളും കൂട്ടിരിപ്പുകാരും നിരാലംബരും സാമൂഹ്യവിരുദ്ധരും എല്ലാം അടങ്ങുന്ന സംഘത്തെ കൊവിഡ് നീരീക്ഷണത്തിനായി വടക്കാഞ്ചേരി ബോയ്സ് സ്കൂളിലെ ക്യാന്പിലേക്ക് മാറ്റി. 

ഇതിൽ രണ്ടു പേരാണ് കഴിഞ്ഞ ദിവസം ക്യാമ്പിലുണ്ടായിരുന്ന സ്ത്രീകളെ ഉപദ്രവിച്ചത്. മറ്റ് അന്തേവാസികൾ നൽകിയ പരാതിയിൽ പട്ടാമ്പി സ്വദേശി പ്രസാദ്, തൃശ്ശൂർ ചേർപ്പ് സ്വദേശി ഷിജു എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ നേരത്തേ ഇത്തരം കേസുകളിൽ പെട്ടവരാണോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. 

ക്യാമ്പിലുള്ള മറ്റ് ചില ആളുകളും അക്രമണോത്സുകരായതായി റിപ്പോർട്ടുകളുണ്ട്. മയക്കുമരുന്നിന് അടിമകളായവാരണ് ഇത്തരത്തിൽ പെരുമാറുന്നതെന്നാണ് പൊലീസ് കരുതുന്നത്. പരാതി കിട്ടുന്ന മുറയ്ക്ക് അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മറ്റ് അംഗങ്ങളുടെ സുരക്ഷ പൊലീസ് ഉറപ്പ് നൽകുമ്പോഴും സാമൂഹ്യ വിരുദ്ധരേയും മറ്റുള്ളവരേയും ഒരേ ക്യാമ്പിൽ പാർപ്പിച്ചതിൽ വിമർശനം ഉയരുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!