
കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട താർ ജീപ്പിൽനിന്നും ഒപ്പിട്ട ട്രഷറി ചെക്ക് മോഷ്ടിച്ച് (Theft) പണം തട്ടിയ സംഘം പിടിയിൽ. ഇരിക്കൂർ സ്വദേശി റംഷാദിന്‍റെ ജീപ്പിൽ നിന്നാണ് ചെക്ക് മോഷ്ടിച്ച് പണം തട്ടിയെടുത്തത്.പയ്യന്നൂർ ട്രഷറിയിൽ നിന്ന് പണം വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പ്രതികളെ പിടികൂടുന്നതിന് സഹായകമായി. കഴിഞ്ഞ മാസമാണ് റംഷാദ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ (Kannur Railway Station) വാഹനം പാർക്ക് ചെയ്ത് എറണാകുളത്തേക്ക് യാത്ര തിരിച്ചത്.
ട്രഷറിയിൽ നിന്ന് പണമെടുക്കാനായി ഉമ്മയുടെ ഒപ്പിട്ട ഒരു ചെക്കും അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്നു. എന്നാൽ തിരിച്ചെത്തി വണ്ടിയിലെത്തിയപ്പോഴാണ് ചെക്ക് കാണാനില്ലെന്ന് മനസ്സിലായത്. എവിടെയെങ്കിലും മറന്ന് വച്ചതാണെന്ന് കരുതി മറ്റൊരു ചെക്കുമായി മട്ടന്നൂർ ട്രഷറിയിലെത്തി. എന്നാൽ നേരത്തെ തന്നെ പയ്യന്നൂർ ട്രഷറിയിൽ നിന്ന് ആരോ ചെക്ക് മാറിയിരുന്നു എന്നാണ് റംഷാദിന് മറുപടി കിട്ടിയത്.
പിന്നാലെ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് മോഷ്ടാക്കളെ പിടികൂടിയത്. മോഷണ സംഘത്തിൽ മൂന്നുപേരുണ്ട്. ഒളിവിൽ പോയ മൂന്നാമനായി പൊലീസ് തെരച്ചിൽ ശക്തമാക്കി.
കളഞ്ഞു കിട്ടിയ മൊബൈൽ ഉപയോഗിച്ച് അക്കൌണ്ടിലെ ഒരു ലക്ഷം കവർന്നു, കൊച്ചിയിൽ അതിഥി തൊഴിലാളികൾ അറസ്റ്റിൽ
കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ബംഗാൾ സ്വദേശി റോണിമിയ, അസം സ്വദേശി അബ്ദുൾ കലാം എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം സ്വദേശി മാത്യുവിന്‍റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇവർ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയത്. ഫോണിന്റെ പാസ് വേർഡ് കണ്ടെത്തിയാണ് പണം കവർന്നത്. പണവുമായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇവർ പിടിയിലായത്.
സ്ത്രീയുടെ കണ്ണിൽ പൊടിവിതറി മാലമോഷ്ടിച്ച് മുങ്ങി, പ്രതിയെ പിടികൂടി പൊലീസ്
ജോലിക്ക് പോകുകയായിരുന്ന സ്ത്രീയുടെ കണ്ണിൽ പൊടിവിതറി സ്വർണ്ണം കവർന്ന് സ്കൂട്ടറിൽ കടന്നുകളഞ്ഞയാളെ പിടികൂടി പൊലീസ്. വാളക്കേട് സ്വദേശിനുടെ ഒന്നേകാൽ പവന്റെ മാലയാണ് ഇടമൺ സ്വദേശി ജമാലുദ്ദീൻ കവർന്നത്. കഴിഞ്ഞ ദിവസം വിളക്കുവെട്ടത്ത് വച്ചാണ് ഇയാൾ സ്ത്രീയുടെ മാല പറിച്ചെടുത്ത് ഓടിയത്. സ്ഥിരമായി പുല്ലുപറിക്കാനെന്ന തരത്തിൽ ഈ പ്രദേശത്ത് എത്തിയിരുന്ന ജലാലുദ്ദീൻ ദിവസങ്ങളായി സ്ത്രീയെ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.