കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഘത്തിലെ രണ്ടു പേർ പിടിയിൽ

By Web TeamFirst Published Jun 1, 2020, 10:35 PM IST
Highlights

 കോഴിക്കോട് പൊലീസിന്റെ സൈബർ ഡോം നടത്തിയ പരിശോധനയിലാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് വട്ടംകുളം കുറ്റിപ്പാല സ്വദേശിയാണെന്ന് വ്യക്തമായത്

എടപ്പാൾ: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വാട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച സംഘത്തിലെ രണ്ടുപേരെ ചങ്ങരംകുളം പൊലീസ് പിടികൂടി. വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ദ് (21), ചങ്ങരംകുളം സ്വദേശി രാഗേഷ് (40) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ സംഘവും പിടികൂടിയത്. ആചാരവെടിയെന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര്. കുറ്റിപ്പാല സ്വദേശി അശ്വന്ദാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. 256 പേരാണ് ഗ്രുപ്പിലുള്ളത്. ഇതിൽ മലപ്പുറം ജില്ലയിൽ 15 പേർ ഈ ഗ്രൂപ്പിലുണ്ട്. 

ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഗ്രൂപ്പിലുണ്ട്. ഇത്തരത്തിൽ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്ന വിവരം യൂണിസേഫ് (യുണൈറ്റഡ് ഇന്റർനാഷണൽ ചിൽഡ്രൻ എമർജൻസി ഫണ്ട് ) എന്ന സംഘടനയുടെ ശ്രദ്ധയിൽപ്പെടുകയും ഈ വിവരം കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് പൊലീസിന്റെ സൈബർ ഡോം നടത്തിയ പരിശോധനയിലാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് വട്ടംകുളം കുറ്റിപ്പാല സ്വദേശിയാണെന്ന് വ്യക്തമായത്. 

തുടർന്ന് വിവരം മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും അദേഹത്തിന്‍റെ നിർദേശപ്രകാശം ജില്ലയിലെ മറ്റു പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരിശോധന നടത്തി. ചങ്ങരംകുളം സിഐയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് സംഘത്തിലെ രണ്ടുപേരെ പിടികുടിയത്. മറ്റുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി ചങ്ങരംകുളം സി ഐ ബഷീർ ചിറക്കൽ പറഞ്ഞു.

Read more: എല്ലാം അറിയാമായിരുന്നു? ഉത്ര വധക്കേസിൽ വഴിത്തിരിവ്, സൂരജിന്റെ അച്ഛൻ അറസ്റ്റിൽ

click me!