ദേശീയപാതാ വികസനത്തിനായി സ്കൂള്‍ ഗേറ്റ് അഴിച്ചുവച്ചു, അടിച്ചുമാറ്റി മോഷ്ടാക്കള്‍; അറസ്റ്റ്

By Web TeamFirst Published Dec 9, 2022, 11:25 PM IST
Highlights

ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി നീക്കം ചെയ്ത് സ്കൂൾ വളപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ഗേറ്റ്. ഇതാണ് ഇരുവരും ചേർന്ന് കവർന്നത്.

അമ്പലപ്പുഴ: സ്കൂളിൽ നിന്ന് ഇരുമ്പ് ഗേറ്റ് കവർന്ന രണ്ട് പേർ അറസ്റ്റിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡ്  കാക്കാഴം  പുതുവൽ റഷീദ് (48), അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽ സാബു ( 52 ) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കാഴം ഗവ: ഹയർ സെക്കൻററി സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരുന്ന പതിനായിരം രൂപ വില വരുന്ന ഗേറ്റാണ് ഇവര്‍ മോഷ്ടിച്ചത്. ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി നീക്കം ചെയ്ത് സ്കൂൾ വളപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ഗേറ്റ്. ഇതാണ് ഇരുവരും ചേർന്ന് കവർന്നത്. സ്കൂൾ അധികൃതർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ പിടികൂടിയത്. ഇരുവരെയും പിന്നീട് റിമാൻറ് ചെയ്തു.

കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ കല്ലിശ്ശേരി പള്ളിയില്‍ മോഷണം നടത്തിയ മുഖ്യപ്രതി അറസ്റ്റിലായിരുന്നു. തിരുവല്ല തിരുമൂലപുരം മംഗലശ്ശേരി കോളനിയില്‍ മണിയന്‍ ആണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ വലിയപള്ളിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 4ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. കാണിക്ക വഞ്ചി കുത്തിതുറന്ന് 10,000ത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു. പള്ളിയുടെ വാതില്‍ കുത്തിതുറന്നാണ് പ്രതി അകത്തു കടന്നത്. പള്ളിയുടെ മുന്നിലുള്ള സിസിടിവി ക്യാമറ രണ്ട് പേര്‍ തുണികൊണ്ട് മറക്കുന്നത് ദൃശ്യങ്ങളില്‍ കണ്ടിരുന്നു.

ഇതാണ് പ്രതികളെ കുറിച്ച് സൂചന നല്കിയത്. ആലപ്പുഴ നിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തിരുവല്ല തിരുമൂലപുരം മംഗലശ്ശേരി കോളനിയില്‍ മണിയനെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതിയായ മണിയന്‍ നാലു മാസം മുന്പ് ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയെങ്കിലും വീട്ടിലെത്തിയിരുന്നില്ല. ഇതിനിടെ ഇയാള്‍ മറ്റൊരു മോഷണക്കേസില്‍ ചങ്ങനാശ്ശേരി പൊലീസിന്റെ പിടിയിലായിരുന്നു. ചെങ്ങന്നൂര്‍ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ സഹായിയെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

click me!