
പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. ചെക്ക് പോസ്റ്റിൽ എക്സൈസ് പരിശോധനയിൽ 83 പായ്ക്കറ്റ് കഞ്ചാവ് പിടികൂടി. ഒറീസയിൽ നിന്നുമെത്തിയ ബസിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ എക്സൈസ് അറസ്റ്റ് ചെയ്തു.
കഞ്ചാവ് കടത്തിയതിന് ബസ് ഡ്രൈവർമാരായ കൊടുങ്ങല്ലൂർ സ്വദേശി പ്രതീഷ്, ആലുവ സ്വദേശി ബിനീഷ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഒറീസയില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി വരുകയായിരുന്ന ബസിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. 83 പാക്കറ്റുകളിലായി വിവധയിടങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പായ്ക്കറ്റുകള്‍. പ്രതികളെ എക്സൈസ് സംഘം ചോദ്യം ചെയ്ത് വരികയാണ്.
പാലക്കാട്: പാലക്കാട് വളയാറിൽ ശമ്പളക്കുടിശിക ആവശ്യപ്പെട്ടതിന് മുൻ കമ്പനി ഉടമ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി. ക്വട്ടേഷന്‍ ആക്രമണത്തില് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അട്ടപ്പാടി സ്വദേശിയായ പ്രജീഷിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഒരാളെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. പ്രജീഷ്, കിണാശ്ശേരിയിലുള്ള ഫൈബർ ഡോർ കമ്പനിയിലാണ് മുൻപ് ജോലി ചെയ്തിരുന്നത്. പിന്നീട് കഞ്ചിക്കോട് വ്യവസായ മേഖലിയിലെ ഒരു കമ്പനിയിലേക്ക് ജോലി മാറി. പ്രജീഷിന്‍റേയും ഒപ്പമുണ്ടായിരുന്ന രണ്ട് പേരുടേയും ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് പഴയ കമ്പനി ഉടമയെ നിരന്തരം വിളിക്കുമായിരുന്നു. ഇതിൽ പ്രകോപിതനായി ഉടമ ക്വട്ടേഷൻ നൽകിയെന്നാണ് യുവാവ് ആരോപിക്കുന്നത്.
ശരീരമാസകലം മർദ്ദനമേറ്റ പ്രജീഷ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലും ക്വട്ടേഷൻ സംഘത്തിന്റെ ഭീഷണിയുണ്ടെന്നാണ് യുവാവിന്‍റെ കുടുംബം പറയുന്നത്. സംഭവത്തിൽ ഒരാളെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. പിരായിരി സ്വദേശിയായ റിഫാസാണ് പിടിയിലായത്. പ്രജീഷ് മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമ മുജീബ് ഉൾപ്പടെ ഇനിയും ഏഴുപേരെ കേസില്‍ പിടികൂടാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.