കൂടത്തായി റോയ് തോമസ് വധക്കേസ്; ജോളിക്ക് ശിക്ഷ ഉറപ്പെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

By Web TeamFirst Published Jan 5, 2020, 7:34 AM IST
Highlights

കടലക്കറിയിലും വെള്ളത്തിലും സോഡിയം സയനൈഡ് കലര്‍ത്തിയാണ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. പ്രധാന സാക്ഷികളായ റോയ് തോമസിന്‍റെ മക്കളുടെ മൊഴിയാണ് നിര്‍ണ്ണായകമായത്.

കോഴിക്കോട്: റോയ് തോമസ് വധക്കേസില്‍ ജോളിക്ക് ശിക്ഷ ഉറപ്പെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വടകര റൂറല്‍ എസ് പി കെ ജി സൈമണ്‍. കേസിന് ശക്തമായ തെളിവുണ്ടെന്നും പ്രധാന സാക്ഷികള്‍ റോയ് തോമസിന്‍റെ മക്കളാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സൈമണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കടലക്കറിയിലും വെള്ളത്തിലും സോഡിയം സയനൈഡ് കലര്‍ത്തിയാണ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. പ്രധാന സാക്ഷികളായ റോയ് തോമസിന്‍റെ മക്കളുടെ മൊഴിയാണ് നിര്‍ണ്ണായകമായത്. കേസന്വേഷണത്തിന്‍റെ തുടക്കത്തില്‍ ജോളിയെ നിരീക്ഷിക്കാന്‍ അന്വേഷണ സംഘം പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ബികോം, എംകോം, യുജിസി നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്‍ഐടി ഐഡി കാര്‍ഡ് എന്നിവ ജോളി വ്യാജമായുണ്ടാക്കിയതാണെന്നും എസ്‍പി പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചും വേഷം മാറി സഞ്ചരിച്ചുമാണ് കൂടത്തായി കൂട്ടകൊലപാതക കേസില്‍ ഇതുവരെ അന്വേഷണം നടന്നതെന്നും വടകര റൂറല്‍ എസ്പി വെളിപ്പെടുത്തി. ജോളി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോയ് തോമസ് കേസില്‍ കുറ്റപത്രം നല്‍കിയ ശേഷമാണ് എസ്പിയുടെ പ്രതികരണം.

കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്‍റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോലി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്. 

നാല് പ്രതികളാണ് കേസില്‍ ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍.  കേസില്‍ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കിട്ടയതും കേസില്‍ സഹായകമായെന്ന് എസ് പി കെ ജി സൈമണ്‍ പറഞ്ഞു. 

click me!