Latest Videos

അന്ന് പിടിയിലായപ്പോൾ കൈവശം 210 കിലോ, ഇന്ന് 20 കിലോ; രഹസ്യവിവരം, കഞ്ചാവ് സംഘത്തെ കാത്ത് നിന്ന് പിടികൂടി പൊലീസ്

By Web TeamFirst Published Mar 17, 2024, 8:52 PM IST
Highlights

ആന്ധ്രാ, ബംഗളൂരു എന്നിവിടങ്ങളിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനായി കൊണ്ടുവന്നതെന്ന് ചോദ്യംചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി.

തൃശൂര്‍: കാറില്‍ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും വാടാനപ്പള്ളി പൊലീസും ചേര്‍ന്ന് പിടികൂടി. സംഭവത്തില്‍ രണ്ടുപേരേ അറസ്റ്റ് ചെയ്തു. അരണാട്ടുകര ലാലൂര്‍ സ്വദേശികളായ ആലപ്പാട്ട് പൊന്തേക്കന്‍ ജോസ് (43), കാങ്കലാത്ത് സുധീഷ് (33) എന്നിവരാണ് അറസ്റ്റിലായത്. വാടാനപ്പള്ളി ഗണേശമംഗലത്തു നിന്നാണ് രണ്ടംഗ സംഘത്തെ പിടികൂടിയത്. റൂറല്‍ പൊലീസ് മേധാവി നവനീത് ശര്‍മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കാത്തുനിന്ന പൊലീസ് കാര്‍ തടഞ്ഞു നിര്‍ത്തിയാണ് കഞ്ചാവ് പിടികൂടിയത്.

പിടിയിലായ ജോസ് മുമ്പ് കൊരട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 210 കിലോ കഞ്ചാവുമായി അറസ്റ്റിലായി രണ്ടു വര്‍ഷം റിമാന്‍ഡ് കഴിഞ്ഞ് നാലു മാസം മുമ്പാണ് പുറത്തിറങ്ങിയത്. വീണ്ടും കഞ്ചാവ് വില്പനയിലേക്ക് തിരിയുകയായിരുന്നു. ഇരുവരും വാടാനപ്പള്ളി കേന്ദ്രീകരിച്ച് തീരദേശ മേഖലയില്‍ മൊത്ത വില്പനയ്ക്കായാണ് ഇന്നലെ കഞ്ചാവ് കടത്തിയത്.

തൃശൂര്‍ റൂറല്‍ ഡി.സി.ബി ഡിവൈ.എസ്. പി. എന്‍ മുരളീധരന്‍, കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വാടാനപ്പള്ളി എസ്.ഐമാരായ മുഹമ്മദ് റഫീഖ്, എസ്. എം. ശ്രീലക്ഷ്മി, തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് എസ്.ഐമാരായ വി.ജി. സ്റ്റീഫന്‍, സി.ആര്‍. പ്രദീപ്, പി.പി ജയകൃഷ്ണന്‍, സതീശന്‍ മടപ്പാട്ടില്‍, ടി. ആര്‍. ഷൈന്‍, എ.എസ്.ഐ. സേവിയര്‍, സീനിയര്‍ സി.പി.ഒമാരായ സൂരജ് വി. ദേവ്,  ലിജു ഇയ്യാനി, എം.ജെ. ബിനു, ഷിജോ തോമസ്, എം.വി. മാനുവല്‍, സോണി സേവിയര്‍, സി.പി.ഒമാരായ നിഷാന്ത്, ഷിന്റോ, വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ ജി.എസ്.സി.പി.ഒ ശ്രീജിത്, സി.പി.ഒമാരായ ബൈജു, ജിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.

ആന്ധ്രാ, ബംഗളൂരു എന്നിവിടങ്ങളിലുള്ള സുഹൃത്തുക്കള്‍ വഴിയാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനായി കൊണ്ടുവന്നതെന്ന് ചോദ്യംചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ ആളുകളെയും വില്‍പ്പന നടത്തുന്നവരേയും പറ്റി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

'50,000 രൂപയ്ക്ക് മുകളിൽ പണം കൊണ്ടുനടക്കുന്നവർക്ക് കർശന നിർദേശം'; മതിയായ രേഖകൾ കരുതണമെന്ന് ഇടുക്കി കളക്ടർ 
 

click me!