
തിരുവനന്തപുരം: റബ്ബർ ടാപ്പിംഗ് മുടങ്ങിയത് ഉടമയെ അറിയിച്ചതിന്, നോട്ടക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കന്യാകുമാരി സ്വദേശി സാലമനെയാണ് ടാപ്പിംഗ് തൊഴിലാളി ആയിരുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രകാശ് തീകൊളുത്തി കൊന്നത്. പത്തനംതിട്ട ജില്ലാ കോടതിയാണ് ഏഴു വർഷത്തിന് ശേഷം കേസിൽ ശിക്ഷവിധിച്ചത്.
2017 ഓഗസ്റ്റ് 14 ന് പത്തനംതിട്ട വടശ്ശേരിക്കര കോടമലയിലാണ് കേസിന് ആസ്പദമായ സംഭവം. ടാപ്പിംഗ് തൊഴിലാളി ആയിരുന്ന പ്രകാശ് റബ്ബർ മരങ്ങൾ ക്യത്യമായി ടാപ്പ് ചെയ്തിരുന്നില്ല. ഇക്കാര്യം നോട്ടക്കാരനായ സാലമൻ തോട്ടം ഉടമയെ അറിയിച്ചു. ഇതിന്‍റെ വൈരാഗ്യത്തിൽ സാലമൻ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, സാലമന്‍റെ കയ്യും കാലും തല്ലിയൊടിച്ച ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ സ്വന്തം നാടായ കാട്ടാക്കടയ്ക്ക് സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രിയമായ അന്വേഷണമാണ് പ്രതിക്ക് ജീവപര്യന്തം തടവ് ലഭിക്കാൻ ഇടയാക്കിയത്. സാലമനെ കൊലപ്പെടുത്തിയ ശേഷവും മറ്റൊരു വധശ്രമ കേസിലും പ്രകാശ് പ്രതിയായി. പിഴതുകയായ വിധിച്ച മൂന്ന് ലക്ഷം രൂപയിൽ ഒന്നരലക്ഷം രൂപ കൊല്ലപ്പെട്ട സാലമന്‍റെ കുടുംബത്തിന് നൽകാനും കോടതി ഉത്തരവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam