
തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലത്ത് നിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകന്‍ മാഹിന്‍ കണ്ണ് ആണ് കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തിയെന്ന് മാഹിൻകണ്ണ് പൊലീസിനോട് സമ്മതിച്ചു. കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി. ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
11 വര്‍ഷം മുമ്പ് വിദ്യയെയും മകള്‍ ഗൗരിയെയും പങ്കാളി മാഹിന്‍കണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതായ സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. 2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാര്‍ത്തയെ തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘത്തിന്‍റെ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്. 2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും പ്രതി കൊന്നത്. മാഹിന്‍കണ്ണിന്‍റെ ഭാര്യ റുഖിയക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പൊലീസ് കണ്ടെത്തി. വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നല്‍കിയ മൊഴി. കേസില്‍ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പൊലീസിന് ഉണ്ടായത്.
കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രൻ്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാര്‍ സ്വദേശി മാഹിൻ കണ്ണുമായുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വിദ്യ അപ്പോഴേക്കും മാഹിൻകണ്ണിനൊപ്പം മലയിൻകീഴിനടുത്ത് വാടകവീട്ടിൽ താമസം തുടങ്ങി. വിവാഹം രജിസ്റ്റർ ചെയ്യാൻ പല തവണ ആവശ്യപ്പെട്ടിട്ടും മാഹിൻകണ്ണ് ഒഴിഞ്ഞുമാറി. വിദ്യ ഗർഭിണിയായതോടെ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. 2009 മാര്‍ച്ച് 14 ന് വിദ്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു.
Also Read: ആ അമ്മയും കുഞ്ഞും എവിടെ ? ഫയൽ പൂഴ്തി, ഫോൺവിളി രേഖകൾ പരിശോധിച്ചില്ല, സത്യം കണ്ടെത്താനാവാതെ പൊലീസ്
ഒന്നര വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്നും മാഹിൻകണ്ണ് തിരിച്ചെത്തി. അതിനിടെയാണ് ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിയുന്നത്. ഇതേ ചൊല്ലി ഇരുവരും തർക്കമായി. 2011 ആഗസ്ത് 18 ന് വൈകീട്ട് വിദ്യയെയും രണ്ടര വയസ്സുകാരിയായ ഗൗരിയെയും കൊണ്ട് മാഹിൻകണ്ണ് ബൈക്കോടിച്ചു പോയി. അതിന് ശേഷം വിദ്യയെയും കുഞ്ഞിനെയും ആരും ഇതുവരെ കണ്ടില്ല.
Also Read: അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം: 16 അംഗ അന്വേഷണ സംഘം രൂപീകരിച്ചു
വിദ്യയുടെ അമ്മയും അച്ഛനും കാണാതായി നാലാം ദിവസം മാറനെല്ലൂര്‍ പൊലീസിലും പൂവാർ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. പൂവാറില്‍ തന്നെയുണ്ടായിരുന്ന മാഹിൻ കണ്ണിനെ പൊലീസ് വിളിച്ചുവരുത്തി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിന്‍റെ വീട്ടിലാക്കിയെന്നായിരുന്നു മാഹിന്‍ കണ്ണ് പറഞ്ഞത്. മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ മാഹിന്‍ കണ്ണിനെ പൊലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിൻ കണ്ണ് വർഷങ്ങക്കിപ്പുറവും പൂവാറിൽ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു.
വിദ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്ത് മാസം കഴിഞ്ഞപ്പോൾ മാറനെല്ലൂര്‍ പൊലീസ് അണ്‍നോണ്‍ ആക്കി പൂഴ്ത്തി വെക്കുകയായിരുന്നു. മകളെ കാണാതായ ദുഃഖത്തില്‍ ജയചന്ദ്രൻ കഴിഞ്ഞ വര്‍ഷം തൂങ്ങി മരിക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട ആദ്യ വാര്‍ത്ത
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam