
പത്തനംതിട്ട: പത്തനംതിട്ട (Pathanamthitta) ചിറ്റാർ പൊലീസ് സ്റ്റേഷനിൽ (Police Station) പ്രതിയുടെ അതിക്രമം. പൊലീസ് സ്റ്റേഷനിലെ സാധന സാമഗ്രികൾ മോഷണ കേസിലെ പ്രതി അടിച്ചു തകർത്തു. നിരവധി മോഷണ കേസുകളിൽ പ്രതിയായ ചിറ്റാർ മണക്കയം സ്വദേശി ഷാജി തോമസാണ് പൊലീസ് സ്റ്റേഷനിൽ അഴിഞ്ഞാടിയത്.
കസ്റ്റഡിയിലെടുത്ത് കൊണ്ട് വന്ന പൊലീസുകാരുടെ മുന്നിലായിരുന്നു പ്രതിയുടെ അഭ്യാസ പ്രകടനം. സ്റ്റേഷനിലെ മേശയും കസേരയും മുതൽ കംബ്യൂട്ടറും സ്കാനറും വരെ ഷാജി തോമസ് തല്ലി തകർത്തു. തടയാൻ ശ്രമിച്ച ഗ്രേഡ് എസ് ഐ സുരേഷ് പണിക്കരുടെ നെഞ്ചിൽ ചയ പ്രതിയെ ഒടുവിൽ പൊലീസുകാർ പിടികൂടി ലോക്കപ്പിൽ അടച്ചു. അവിടെയും തീർന്നില്ല പരാക്രമം. തല ഭിത്തിയിലിടിച്ച് മുറിവേൽപ്പിക്കാൻ ശ്രമിച്ചു. കൂടുതൽ അക്രമം ആയതോടെ പൊലീസുകാർ തന്നെ ഇരുമ്പ് കസേരയിൽ വിലങ്ങ് ഉപയോഗിച്ച് പൂട്ടി. എന്നിട്ടും പ്രതി അതിക്രമം തുടര്‍ന്നു.
പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ഇയാൾ കഞ്ചാവ് ലഹരിയിലായിരുന്നു എന്നാണ് വൈദ്യപരിശോധ ഫലം. ചിറ്റാറിൽ സർവീസ് നടത്തുന്ന ഹോളി മേരി ബസിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുമ്പ് കെഎസ്ആർടിസി ബസും സ്വകാര്യ വാഹനങ്ങളും കടത്തികൊണ്ട് പോയ കേസിലും ഇയാൾ പ്രതിയാണ്. 25000 ത്തിലധികം രൂപയുടെ നാശനഷ്ടമാണ് പൊലീസ് സ്റ്റേഷനിൽ സംഭവിച്ചിട്ടുണ്ട്. ഷാജി തോമസിനെതിരെ പിഡിപിപി ആക്ടിലെ വിവിധ വകുപ്പുകൾക്ക് പുറമെ ബസിന്റെ ചില്ല് അടിച്ച് തകർത്തതിനും കഞ്ചാവ് ഉപയോഗിച്ചതിനും കേസുകളെടുത്തിട്ടുണ്ട്. പ്രതിയെ റാന്നി കോടതി റിമാന്റ് ചെയ്തു.
വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തിനെതിരെ പരാതി കൊടുത്ത യുവാവിന് മര്‍ദ്ദനം
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥികളുടെ ലഹരി ഉപയോഗത്തിനെതിരെ പരാതി കൊടുത്തതിന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. വർക്കല സ്വദേശി അനുവിനെയാണ് കഴിഞ്ഞ ആഴ്ച ചാവടിമുക്ക് ജംഗ്ഷനിൽ വച്ച് മർദ്ദിച്ച് അവശനാക്കിയത്.
അനുവിന്റെ വീടിന്റെ പരിസരത്തുള്ള സ്കൂളിലെ ചില പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗവും ബൈക്ക് റൈസും നടത്തിയിരുന്നു. ഇതിനെ പ്രദേശവാസികള്‍ പല തവണ ചോദ്യം ചെയ്യുകയും നിര്‍ത്താതായതോടെ സ്കൂളില്‍ പരാതി കൊടുക്കുകയും ചെയ്തു. എന്നിട്ടും പ്രശ്ന പരിഹാരം ഇല്ലാതായതോടെ അനുവിന്‍റെ നേതൃത്വത്തില്‍ പ്രദേശത്തെ 40 പേര്‍ ഒപ്പിട്ട പരാതി പൊലീസിന് കൈമാറി. ഇതില്‍ പ്രകോപിതരായ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അനുവിന്‍റെ വീട്ടിന് മുന്നിലെത്തി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും വര്‍ക്കല ഡിവൈഎസ്പിക്ക് പരാതി നല്‍കിയതായി അനു പറയുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 ന് രാത്രി 10.30 ന് അനുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മര്‍ദ്ദനമേറ്റ് വീണ അനുവിനെ നാട്ടുകാർ ചേർന്നാണ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ അനുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആയിരൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.