ശമ്പളം നല്‍കിയില്ല, കർണാടകത്തിലെ ഐഫോൺ നിർമ്മാണശാല തൊഴിലാളികൾ അടിച്ചു തകർത്തു

By Web TeamFirst Published Dec 12, 2020, 5:03 PM IST
Highlights

കമ്പനിയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർക്കും ആക്രമണത്തില്‍ പരിക്കേറ്റു. പിന്നീട് കോലാർ പൊലീസെത്തി ലാത്തി വീശിയാണ് തൊഴിലാളികളെ മാറ്റിയത്. 80 പേരെ അറസ്റ്റ് ചെയ്തു. നരസപുര സ്റ്റേഷനില്‍ കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്.

ബംഗ്ലൂരു: ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കർണാടകത്തിലെ ഐഫോൺ നിർമാണശാല തൊഴിലാളികൾ അടിച്ചു തകർത്തു. തായ്വാന്‍ കമ്പനിയായ വിസ്ട്രോൺ കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള കോലാർ ജില്ലയിലെ ഫാക്ടറിയാണ് ആയിരത്തോളം വരുന്ന തൊഴിലാളികൾ ഇന്ന് രാവിലെ അടിച്ചു തകർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിഷയത്തില്‍ വിസ്ട്രോൺ കോർപ്പറേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

രാവിലെ ജോലി കഴിഞ്ഞ് ഫാക്ടറിക്ക് പുറത്തിറങ്ങിയ ആയിരത്തോളം തൊഴിലാളികളാണ് വീണ്ടും അകത്തേക്ക് സംഘടിച്ചെത്തി ഫാക്ടറി തല്ലി തകർത്തത്. കമ്പനിയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർക്കും ആക്രമണത്തില്‍ പരിക്കേറ്റു. പിന്നീട് കോലാർ പൊലീസെത്തി ലാത്തി വീശിയാണ് തൊഴിലാളികളെ മാറ്റിയത്. 80 പേരെ അറസ്റ്റ് ചെയ്തു. നരസപുര സ്റ്റേഷനില്‍ കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്.

രണ്ടുമാസത്തിലധികമായി ശമ്പളം മുടങ്ങിയിരിക്കുകയാണെന്നും പല തവണ ആവശ്യപ്പെട്ടിട്ടും കമ്പനി അധികൃതർ നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് പ്രതികരിക്കേണ്ടിവന്നതെന്നുമാണ് തൊഴിലാളികളുടെ പ്രതികരണം. സംസ്ഥാന സർക്കാർ നല്‍കിയ 43 ഏക്കറില്‍ പ്രവർത്തിക്കുന്ന ഫാക്ടറിയില്‍ പതിനായിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. തായ്വാന്‍ കമ്പനിയായ വിസ്ട്രോൺ കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള കോലാറിലെ ഫാക്ടറിയിലാണ് ദക്ഷിണേന്ത്യയിലേക്കുള്ള ആപ്പിൾ ഐഫോണിന്‍റെ ചില മോഡലുകളും ഉപകരണങ്ങളും നിർമിക്കുന്നത്.

click me!