'ഞാൻ ഉറങ്ങുകയായിരുന്നു', അവസാനമായി ബാലഭാസ്കർ പറഞ്ഞത് വെളിപ്പെടുത്തി ഡോക്ടർ

By Web TeamFirst Published Jul 31, 2020, 8:35 PM IST
Highlights

അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്കർ തന്നെയാണെന്നാണ് കൂടെയുണ്ടായിരുന്ന ഡ്രൈവർ അർജുൻ പറഞ്ഞിരുന്നത്. ഈ മൊഴി തെറ്റെന്ന് തെളിയിക്കുന്ന നിർണായകമായ വെളിപ്പെടുത്തലാണ് ഡോ. ഫൈസൽ നടത്തിയിരിക്കുന്നത്.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ നിർണായകമൊഴിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴും ബാലഭാസ്കറിന് ബോധമുണ്ടായിരുന്നുവെന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഫൈസൽ വെളിപ്പെടുത്തുന്നു. പത്ത് മിനിറ്റോളം ബാലഭാസ്കർ ബോധത്തോടെയിരുന്നുവെന്നും ഡോ. ഫൈസൽ പറയുന്നു.

എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ 'ഞാൻ ഉറങ്ങുകയായിരുന്നു, അപകടത്തിന്‍റെ ശബ്ദം കേട്ടാണ് ഉണർന്നത്' എന്ന് ബാലഭാസ്കർ പറഞ്ഞുവെന്നാണ് ഡോ. ഫൈസൽ വ്യക്തമാക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും ബാലഭാസ്കർ ഡോ. ഫൈസലിനോട് പറഞ്ഞു. പത്ത് മിനിറ്റിനകം അവിടേക്ക് ബന്ധുക്കളെത്തിയെന്നും, പ്രാഥമിക ശുശ്രൂഷ ബാലഭാസ്കറിനും ഭാര്യയ്ക്കും കുഞ്ഞിനും നൽകിയതിന് പിന്നാലെ, ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. ഫൈസൽ വ്യക്തമാക്കുന്നു.

അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്കർ തന്നെയാണെന്നാണ് കൂടെയുണ്ടായിരുന്ന ഡ്രൈവർ അർജുൻ പറഞ്ഞിരുന്നത്. ഈ മൊഴി തെറ്റെന്ന് തെളിയിക്കുന്ന നിർണായകമായ വെളിപ്പെടുത്തലാണ് ഡോ. ഫൈസൽ നടത്തിയിരിക്കുന്നത്.

ഡോ. ഫൈസലിന്‍റെ വാക്കുകൾ ഇങ്ങനെ:

''ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പഠിച്ചത്. പക്ഷേ ഇന്‍റേൺഷിപ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു. പത്ത് മിനിറ്റ് മാത്രമാണ് ഞാൻ പേഷ്യന്‍റുമായി സംസാരിച്ചത്. സർജറി വിഭാഗത്തിൽ ഇന്‍റേൺഷിപ്പിനിടെ കാഷ്വാലിറ്റി നൈറ്റ് ഡ്യൂട്ടി പോസ്റ്റിംഗ് ഉണ്ടായിരുന്ന സമയത്താണ് ഈ പേഷ്യന്‍റിനെ അവിടേക്ക് കൊണ്ടുവന്നത്. അർദ്ധരാത്രിയിലാണ് കൊണ്ടുവന്നത്. കൃത്യസമയം എനിക്ക് ഓർമയില്ല. ആക്സിഡന്‍റായി രണ്ട് മൂന്ന് പേരെ കൊണ്ടുവന്നിരുന്നല്ലോ. അതിൽ ബാലഭാസ്കറിന്‍റെ അടുത്ത് പോയി സംസാരിച്ചത് ഞാനാണ്. അദ്ദേഹത്തിന്‍റെ അടുത്ത് പോയപ്പോൾ അങ്ങേർക്ക് ബോധമുണ്ടായിരുന്നു. വീഡിയോസിലൊക്കെ കണ്ട് പരിചയമുള്ളതുകൊണ്ട്, അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് മനസ്സിലായി. ബാലഭാസ്കറല്ലേ എന്ന് ചോദിച്ചു, പുള്ളി അതേ എന്ന് മറുപടി പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ പുള്ളിക്ക് കൃത്യമായി ഓർമയില്ലായിരുന്നു. ആക്സിഡന്‍റാണോ എന്ന് എടുത്തെടുത്ത് ചോദിച്ചപ്പോഴാണ്, ഉറങ്ങുവായിരുന്നു എന്നും വലിയ ശബ്ദം കേട്ടപ്പോഴാണ് ഓർമ വന്നതെന്നുമാണ് അങ്ങേര് പറഞ്ഞത്. വൈഫ് ലക്ഷ്മി അവിടെ കരയുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് ലക്ഷ്മിയാണോ അത് എന്ന് ചോദിച്ചു. എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. അതെ ലക്ഷ്മിയാണ് എന്ന് ഞാൻ പറഞ്ഞു. കുഴപ്പമില്ല എന്നും പറഞ്ഞു. അങ്ങേര് വണ്ടിയോടിക്കുകായിരുന്നോ ഇല്ലയോ എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. പക്ഷേ, പിന്നീട് എക്സാമിൻ ചെയ്തപ്പോൾ അദ്ദേഹത്തിന് രക്തമൊലിക്കുന്നതായൊന്നും ശ്രദ്ധയിൽ പെട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ അങ്ങേര് പറഞ്ഞത് രണ്ട് കൈകളും ഫീൽ ചെയ്യുന്നില്ല എന്നാണ്. അപ്പോൾത്തന്നെ സ്പൈനൽ കോഡിൽ പരിക്കേറ്റിരിക്കാമെന്ന് സംശയിച്ചിരുന്നു. അവിടന്ന് സ്കാനിംഗിന് എഴുതാൻ പോകുമ്പോഴേക്ക് റിലേറ്റീവ്‍സ് വന്നിരുന്നു. അവരെല്ലാം ചേർന്ന് അനന്തപുരിയിലേക്ക് പേഷ്യന്‍റിനെ ഷിഫ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. ആംബുലൻസും വന്നു. അപ്പോഴേക്ക് അദ്ദേഹത്തെ ഇവിടന്നുള്ള സർട്ടിഫിക്കറ്റോടെ ഷിഫ്റ്റ് ചെയ്യുകയായിരുന്നു'', എന്ന് ഡോ. ഫൈസൽ.

സ്വർണക്കടത്തുമായി ബാലഭാസ്കറിന്‍റെ അപകടമരണത്തിന് ബന്ധമുണ്ടെന്ന് ബന്ധുക്കളുൾപ്പടെ നേരത്തേ ആരോപിച്ചിരുന്നതാണ്. അന്ന് പൊലീസ് അന്വേഷണം താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും വിവാദങ്ങൾ ഒടുങ്ങാത്തതിനെത്തുടർന്ന് സംസ്ഥാനസർക്കാർ കേസന്വേഷണം സിബിഐയ്ക്ക് വിടാൻ ശുപാർശ ചെയ്തു. പിന്നീട് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സിബിഐ കേസന്വേഷണം ഏറ്റെടുത്തതായി പ്രഖ്യാപിക്കുന്നത്. ഈ അന്വേഷണത്തിൽ സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ബാലഭാസ്കറിന്‍റെ അച്ഛൻ കെ സി ഉണ്ണി പറയുകയും ചെയ്തിരുന്നു.

click me!