കാസർകോട് തട്ടിക്കൊണ്ടു പോയ കുട്ടിയെ തിരികെ കിട്ടി, പിന്നിൽ സ്വർണക്കടത്ത് സംഘമോ?

By Web TeamFirst Published Jul 25, 2019, 3:29 PM IST
Highlights

വിദ്യാർത്ഥിയെ മോചിപ്പിക്കണമെങ്കിൽ ലത്തീഫ് മൂന്ന് കോടി നൽകണമെന്നായിരുന്നു ആവശ്യം. വിദേശത്ത് നടത്തിയ ചർച്ചയ്ക്കൊടുവിൽ മൂന്ന് മാസത്തിനകം ഒന്നേകാൽ കോടി നൽകാമെന്ന് ലത്തീഫ് അറിയിച്ചതോടെയാണ് മോചനത്തിനുള്ള വഴിയൊരുങ്ങിയത്.

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് സ്വർണ്ണകടത്തുകാർ തട്ടിക്കൊണ്ടു പോയ പ്ലസ് വൺ വിദ്യാർത്ഥി ഹാരിസിന് ഒടുവില്‍ മോചനം. കൊള്ളിയൂരിലെ ഹസൻ കുഞ്ഞിയുടെ മകൻ ഹാരിസിനെ തിങ്കളാഴ്‍ചയാണ് കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഈ സമയം സഹോദരിക്കൊപ്പം മംഗളൂരുവിലെ സ്‍കൂളിലേക്ക് പോകുകയായിരുന്നു ഹാരിസ്. 

വോർക്കാടി കൊള്ളിയൂരിൽ വച്ച് കാറിലെത്തിയ സംഘം ഹാരിസിനെ തടഞ്ഞു നിർത്തി ബലമായി കാറിൽ കയറ്റുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം പിന്നീട് ഹാരിസിന്‍റെ  വീട്ടുകാരുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഹാരിസിന്‍റെ അമ്മാവൻ ലത്തീഫിന് വിദേശത്തുള്ള മഞ്ചേശ്വരം സ്വദേശി നപ്പട്ട റഫീഖ് എന്നയാളുമായി ചില സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. 

റഫീഖിന്‍റെ നേതൃത്വത്തിലുള്ള ഗള്‍ഫിലുള്ള സ്വര്‍ണ്ണക്കടത്ത് സംഘം മറ്റൊരാള്‍ക്ക് കൈമാറാനായി ലത്തീഫിന് പത്ത് കിലോയോളം സ്വര്‍ണ്ണം നല്‍കിയിരുന്നു. എന്നാല്‍ ഈ സ്വര്‍ണ്ണം പൊലീസ് പിടികൂടിയതോടെ റഫീഖ് ലത്തീഫിന് നേരെ തിരിഞ്ഞു. ലത്തീഫ് ഇത് പൊലീസിനെ ഏല്‍പ്പിച്ചെന്നാണ് റഫീഖ് പറയുന്നത്.

ഈ സ്വര്‍ണ്ണം തിരിച്ചുപിടിക്കാന്‍ റഫീഖ് പല തവണ ശ്രമിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി റഫീഖ് ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതെന്നാണ് അഭ്യൂഹം. എന്നാല്‍ ഇത് പൊലീസ് ഇതുവരെ പൂര്‍ണമായി സ്ഥിരീകരിച്ചിട്ടില്ല. 

കുട്ടിയുടെ അമ്മാവന്‍ ലത്തീഫും വിദേശത്താണ്. വിദ്യാർത്ഥിയെ മോചിപ്പിക്കണമെങ്കിൽ ലത്തീഫ് മൂന്ന് കോടി നൽകണമെന്നായിരുന്നു ആവശ്യം. വിദേശത്ത് നടത്തിയ ചർച്ചയ്ക്കൊടുവിൽ മൂന്ന് മാസത്തിനകം ഒന്നേകാൽ കോടി നൽകാമെന്ന് ലത്തീഫ് അറിയിച്ചതോടെയാണ് മോചനത്തിനുള്ള വഴിയൊരുങ്ങിയത്. ഈടായി സ്ഥലത്തിന്‍റെ ആധാരവും നൽകി. 

ഇതിന് പിന്നാലെ ഇന്ന് രാവിലെ ഏഴുമണിയോടെ ക്വട്ടേഷൻ സംഘം മംഗലാപുരത്ത് ബസ് സ്റ്റോപ്പിൽ ഹാരിസിനെ ഇറക്കിവിടുകയായിരുന്നു. ഹാരിസ് തന്നെയാണ് പൊലീസിനെ ഇത് വിളിച്ചറിയിച്ചത്. പൊലീസെത്തി ഹാരിസിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. 

കുമ്പള പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ വൈദ്യ പരിശോധന പൂർത്തിയാക്കിയ ഹാരിസിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ചോദിച്ചറിയുകയാണ്. പൊലീസ് ഇടപെടൽ ഒഴിവാക്കാനാണ് വിദ്യാർത്ഥിയെ വഴിയിൽ ഇറക്കിവിട്ടെതെന്നാണ് സൂചന. കണ്ണൂർ റേഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് കുട്ടിയിൽ നിന്നും മൊഴിയെടുക്കുന്നത്.

click me!