
നാഗ്പൂർ: പാചകം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ ഭർത്താവ് അടിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ യാമിനി കൃഷ്ണ ലാൽ യാദവ് (38) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഭർത്താവ് കൃഷ്ണ ലാൽ യാദവിനെ (41) പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് ഡാൻസ് ക്ലാസിൽ പോകാനുണ്ടെന്നും അതിനാൽ ഭക്ഷണം പാകം ചെയ്യാനാകില്ലെന്നും യാമിനി ഭർത്താവിനോട് പറഞ്ഞു. ഇതിൽ പ്രകോപിതനായ കൃഷ്ണ ലാൽ യാദവ് മദ്യലഹരിയിലെത്തി യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.
നാഗ്പൂരിൽ വെളളിയാഴ്ച്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വൈകീട്ട് ജോലി കഴിഞ്ഞെത്തിയ കൃഷ്ണ ലാൽ, ഭാര്യ യാമിനിയോട് തനിക്കും കുട്ടികൾക്കും ഭക്ഷണമുണ്ടാക്കണമെന്ന് പറഞ്ഞു. എന്നാൽ ഹൗസിംങ് സൊസൈറ്റിയിലെ ഡാൻസ് ക്ലാസിൽ പോകാനുണ്ടെന്നും ഭക്ഷണമുണ്ടാക്കാനാകില്ലെന്നും യാമിനി നിലപാടെടുത്തു. ഇതോടെ ഇരുവരും തമ്മിൽ തർക്കം രൂക്ഷമായി. മദ്യലഹരിയിലായിരുന്ന കൃഷ്ണലാൽ യാമിനിയെ മർദിച്ച് അവശയാക്കി. രാത്രി കടുത്ത വേദന വന്നതോടെ യാമിനി കൃഷ്ണലാലിനോട് മരുന്ന് വേണമെന്ന് പറഞ്ഞു. പുറത്ത് പോയി വന്നെങ്കിലും മെഡിക്കൽ സ്റ്റോറുകൾ തുറന്നില്ലെന്നും മരുന്ന് കിട്ടിയില്ലെന്നുമാണ് കൃഷ്ണലാൽ പറയുന്നത്. വൈകാതെ യാമിനി തളർന്നുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടത്തിൽ കുടലിനും കഴുത്തിനുമേറ്റ ആഴത്തിലുളള പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ ഭർത്താവിനെ നാഗ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam