ഭക്ഷണമുണ്ടാക്കാതെ ഡാൻസ് ക്ലാസിന് പോകണമെന്ന് ഭാര്യ പറഞ്ഞതും ഇതിനെച്ചൊല്ലിയുണ്ടായ തർക്കവുമാണ് മർദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യയോട് ഭക്ഷണം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. മദ്യലഹരിയിലാണ് ഇയാൾ വീട്ടിലെത്തിയത്. ഈ സമയം യാമിനി ഡാൻസ് ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു.

നാ​ഗ്പുർ: മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു. മഹാരാഷ്ട്രയിലെ നാ​ഗ്പുരിൽ താമസിക്കുന്ന യാമിനി കൃഷ്ണ ലാൽ യാദവ്(38) ആണ് മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ ഭർത്താവ് കൃഷ്ണലാൽ യാദവി(41)നെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

ഭക്ഷണമുണ്ടാക്കാതെ ഡാൻസ് ക്ലാസിന് പോകണമെന്ന് ഭാര്യ പറഞ്ഞതും ഇതിനെച്ചൊല്ലിയുണ്ടായ തർക്കവുമാണ് മർദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് കൃഷ്ണലാൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യയോട് ഭക്ഷണം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. മദ്യലഹരിയിലാണ് ഇയാൾ വീട്ടിലെത്തിയത്. എന്നാൽ, ഈ സമയം യാമിനി ഡാൻസ് ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. അതിനാൽ ഇപ്പോൾ ഭക്ഷണമുണ്ടാക്കാൻ കഴിയില്ലെന്ന് പറഞ്ഞു. ഇതോടെ ദമ്പതിമാർ തമ്മിൽ തർക്കമായി. തർക്കത്തിനിടെ ഭർത്താവ് യാമിനിയുടെ കഴുത്തിലും വയറ്റിലും അടക്കം മർദിച്ചു. രണ്ട് കുട്ടികളുടെയും മുന്നിൽവെച്ചായിരുന്നു മർദനം. സംഭവത്തിന് പിന്നാലെ കഠിനമായ വേദന അനുഭവപ്പെടുന്നതായി യാമിനി ഭർത്താവിനോട് പറഞ്ഞു. തുടർന്ന് ഭർത്താവ് മരുന്ന് വാങ്ങാനായി മെഡിക്കൽ ഷോപ്പിലേക്ക് പോയെങ്കിലും കട അടച്ചിരുന്നതിനാൽ മരുന്ന് കിട്ടിയില്ല. പിന്നാലെ യാമിനിയുടെ ആരോ​ഗ്യനില വഷളായി. മർദനമേറ്റ ഭാ​ഗങ്ങളിൽ വീർപ്പുണ്ടായി. ഇതോടെയാണ് ഭർത്താവ് യാമിനിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റെന്ന് പറഞ്ഞാണ് പ്രതി ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മർദനമേറ്റതായി കണ്ടെത്തിയത്. ആന്തരികാവയവങ്ങൾക്ക് ​ഗുരുതരമായി പരിക്കേറ്റെന്നും കഴുത്ത് ഞെരിക്കാൻ ശ്രമിച്ചതായും കണ്ടെത്തി. തുടർന്ന് ഭർത്താവിനെ ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

യാമിനിയും കൃഷ്ണലാലും തമ്മിൽ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് യാമിനിയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. സഹോദരി ഇതേക്കുറിച്ച് പറയുമ്പോൾ താൻ വിഷയത്തിൽ ഇടപെടാമെന്ന് പറഞ്ഞതാണ്. എന്നാൽ, കുടുംബപ്രശ്നമാണെന്നും താൻ ഇടപെട്ടാൽ വിഷയം വഷളാകുമെന്നുമാണ് സഹോദരി പറഞ്ഞത്. ഇതിനാലാണ് ഇവരുടെ പ്രശ്നങ്ങളിൽ ഇടപെടാതിരുന്നതെന്നും സഹോദരൻ പറഞ്ഞു.