
നാസിക്: കാമുകനുമായി നടന്ന വാക്കുതർക്കത്തിനൊടുവിൽ ദേഹത്ത് പെട്രോളൊഴിച്ച് യുവതി ആത്മത്യയ്ക്ക് ശ്രമിച്ചു. യുവതിയുടെ കൈവശമുണ്ടായിരുന്ന തീപ്പെട്ടി തട്ടിയെടുത്ത് തീ കൊളുത്തിയതിന് ശേഷം കാമുകൻ ഓടിരക്ഷപെട്ടു. മഹാരാഷ്ട്രയിലെ നാസികിലാണ് സംഭവം നടന്നത്. മുപ്പത്തഞ്ച് വയസ്സുള്ള യുവതിയും ഇരുപത്തഞ്ച് വയസ്സുള്ള യുവാവും തമ്മിലുണ്ടായ തർക്കമാണ് ദുരന്തത്തിൽ കലാശിച്ചത്. അമ്പത് ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
രാമേശ്വർ ഭഗവത് എന്ന യുവാവുമായിട്ടാണ് വിധവയായ യുവതി പ്രണയത്തിലായിരുന്നത്. ഇവർ തമ്മിലുള്ള വിവാഹം ഒരു മാസം നടന്നതായി യുവതി വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ മറ്റൊരു പെൺകുട്ടിയുമായി രാമേശ്വറിന്റെ വിവാഹം ഉറപ്പിച്ചതാണ് ഇവർ തമ്മിലുള്ള തർക്കത്തിന് കാരണം. നാസികിലെ ലാസൽഗാവോൺ ബസ് സ്റ്റാന്റിലേക്ക് യുവതി ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തിനും ബന്ധുവിനുമൊപ്പമാണ് ഇയാൾ ഇവിടെയെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഇവർ തമ്മിൽ സംസാരിക്കുന്നതിനിടയിൽ യുവതി കയ്യിൽ കരുതിയിരുന്ന പെട്രോളെടുത്ത് ദേഹത്തൊഴിച്ചു. പെട്ടെന്ന് യുവതിയുടെ പക്കൽ ഉണ്ടായിരുന്ന തീപ്പെട്ടി തട്ടിയെടുത്ത് ഭഗവത് തീകൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഓടി രക്ഷപെട്ടു. കൂടെയുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസും ദൃക്സാക്ഷികളും ചേർന്നാണ് യുവതിയെ ഹോസ്പിറ്റലിൽ എത്തിച്ചത്. പെട്രോൾ താൻ തന്നെ കൊണ്ടുവന്നിരുന്നുവെന്ന് യുവതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
നിഫാദ് താലൂക്കിലെ പിമ്പാൽഗാവോൺ നാജിക് എന്ന സ്ഥലത്തെ താമസക്കാരിയായ ലക്ഷ്മി ഭായ് റാവത്ത് ആണ് അക്രമത്തിന് ഇരയായ യുവതി എന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ യുവതിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ വാർധയിൽ 25 വയസ്സുള്ള കോളേജ് അധ്യാപികയെ അക്രമി ചുട്ടുകൊലപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam