
ചെങ്ങന്നൂര്‍ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് പണം തട്ടിയ വയനാട് സ്വദേശി പിടിയില്‍. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് തട്ടിപ്പ് വിവരം വീട്ടുകാരുള്‍പ്പടെ പുറത്തറിഞ്ഞത് . ഫോൺ വഴിയാണ് ഇയാൾ ചെങ്ങന്നൂർ സ്വദേശിനിയായ പെൺകുട്ടിയുമായി അടുപ്പത്തിലായത്. താൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം രഞ്ജിത്ത് പെൺകുട്ടിയിൽ നിന്ന് മറച്ചുവെച്ചിരുന്നു. അടുപ്പത്തിലായ ശേഷം നേരിൽ കാണാൻ ഇരുവരും തീരുമാനിച്ചു.
തനിക്ക് സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞ് വിശ്വസിപ്പിച്ചപ്പോൾ തന്റെ കൈവശമുണ്ടായിരുന്ന സ്വർണം പണയം വെച്ച് ഒരു പരിചയക്കാരൻ വഴി രഞ്ജിത്തിന്റെ അക്കൗണ്ടിലേക്ക് പെൺകുട്ടി പണം അയച്ചു. പിന്നീട് പെൺകുട്ടി തന്റെ വല്യമ്മയുടെ സ്വർണവും പണയം വെച്ച് പണം അയച്ചു. രണ്ട് തവണയായി 85,000 രൂപയാണ് അയച്ചത്. വീട്ടുകാർ അറിയാതെ പണം അയച്ചു കൊടുത്തതിൽ പിന്നീട് പെൺകുട്ടിക്ക് ഭയം തോന്നി. മാനസിക സമ്മർദ്ദം കടുത്തതോടെ പെൺകുട്ടി ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൊലീസ് എത്തി മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പെൺകുട്ടി രഞ്ജിത്തിന് സ്വർണം പണയം വെച്ച് പണം നൽകിയതും അടുപ്പത്തിലായിരുന്നു എന്ന കാര്യവും പുറത്തറിഞ്ഞത്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുക്കുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ വയനാട്ടിലെത്തിയ പൊലീസ് സംഘം മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. പൊലീസെത്തിയ വിവരം മനസ്സിലാക്കിയ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്തു കടന്നുകളയാൻ ശ്രമിച്ചു. പ്രതിയെ കൂടുതൽ തവണ ബന്ധപ്പെട്ട സുഹൃത്തിന്റെ കോൾ ലിസ്റ്റ് പോലീസ് പിന്നീട്, പരിശോധനയിലൂടെ കണ്ടത്തി. സുഹൃത്തിനെ നിരീക്ഷണത്തിലാക്കിയ പോലീസ് സംഘം ഇയാളെ ഉപയോഗിച്ചു പ്രതിയെ വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam