കൊല്ലത്ത് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; ബന്ധു മര്‍ദ്ദിച്ചെന്ന് ശബ്ദ സന്ദേശം പുറത്ത്, പിന്നാലെ അറസ്റ്റ്

By Web TeamFirst Published Feb 4, 2023, 12:28 AM IST
Highlights

ബന്ധുക്കളുടെ മധ്യസ്ഥതയിൽ നടത്തിയ ചര്‍ച്ചക്കിടയിലാണ് പ്രതി വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെയാണ് ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കിയത്.

കൊല്ലം: കൊല്ലം കടയ്ക്കലിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധു പിടിയിൽ. കോട്ടപ്പുറം സ്വദേശി നിതിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ചയാണ് കോട്ടപ്പുറം സ്വദേശിനിയായ 51 കാരി ഷീലയെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടപ്പായി എന്ന നിതിൻ മര്‍ദ്ദിച്ചതു കൊണ്ട് മരിക്കുകയാണെന്ന ശബ്ദസന്ദേശം ഷീല ബന്ധുക്കൾക്ക് അയച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഷീല മുത്തശ്ശിയെ കാണാൻ പോയപ്പോൾ നിതിൻ തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ബന്ധുക്കളുടെ മധ്യസ്ഥതയിൽ നടത്തിയ ചര്‍ച്ചക്കിടയിലാണ് പ്രതി വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെയാണ് ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കിയത്.

വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീല ബന്ധുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തു വന്നത്. പിന്നാലെ അസ്വാഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസെടുത്തു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മര്‍ദ്ദനം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നിതിന്‍റെ കുടുംബവും ഷീലയുടെ കുടുംബവുമായി സ്വത്ത് സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 
 

Read More : ഉത്സവ പറമ്പുകളിൽ കറങ്ങി നടന്ന് മൊബൈൽ മോഷണം; പ്രതിയെ അതിസാഹസികമായി പിടികൂടി പൊലീസ് 

 

click me!