റോഡരികിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന സംശയം ശക്തം

By Web TeamFirst Published Mar 10, 2019, 9:18 AM IST
Highlights

ഇൻക്വസ്റ്റിലാണ് ശരീരത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയത്. തലയിലും മുറിവേറ്റിരുന്നു. തലക്കകത്ത് ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി

കൊച്ചി: കൊച്ചിയിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. ആന്തരിക രക്തസ്രാവം മൂലമാണ് യുവാവിന്റെ മരണമെന്ന് പോസ്റ്റുമോർട്ടത്തിലും സ്ഥിരീകരിച്ചു. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളും കണ്ടെത്തി.

ഇന്നലെ പുലർച്ചെയാണ് ദുരൂഹ സാഹചര്യത്തിൽ വൈറ്റില ചക്കരപ്പറമ്പ് സ്വദേശി ജിബിൻ വർഗീസിൻറെ മൃതദേഹം പാലച്ചുവട് ഭാഗത്ത് റോഡരുകിൽ കണ്ടെത്തിയത്. ജിബിന്റെ സ്ക്കൂട്ടറും സമീപത്തുണ്ടായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ അപകടം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വാഹന അപകടത്തിൽ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കുകളും ജിബിന്റെ ദേഹത്തുണ്ടായിരുന്നില്ല. 

ഇൻക്വസ്റ്റിലാണ് ശരീരത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയത്. തലയിലും മുറിവേറ്റിരുന്നു. തലക്കകത്ത് ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. തുടർന്ന് ജിബിന്റെ മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പൊലീസ് വിശദമായ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി വാഴക്കാലയിലുള്ള ഒരു വീട്ടിൽ ജിബിൻ എത്തിയതായും ഇവിടെ വച്ച് ചിലരുമായി വാക്കു തർക്കവും അടിപിടിയും ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

ഈ മർദ്ദനത്തിലുണ്ടായ പരുക്കിനെ തുടർന്നാകാം ജിബിൻ മരിച്ചതെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ഇതിനു ശേഷം പാലച്ചുവട്ടിൽ കൊണ്ടു വന്നിട്ടതാകാമെന്നും സംശയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. പത്തു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. നാലു പേരെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. രണ്ടു ദിവസത്തിനകം സംഭവത്തിൽ ഉൾപ്പെട്ടവരെ പിടികൂടുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ പറഞ്ഞു.

click me!