
തിരുവനന്തപുരം: അഞ്ചുതെങ്ങ് വിള ഭാഗത്ത് പ്രവാസിയുടെ പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ. തുമ്പ ബാലനഗർ റോസ് വില്ലയിൽനിന്ന് അഴൂർ പെരുങ്കുഴി കുഴിയംകോളനി തിട്ടയിൽവീട്ടിൽ താമസിക്കുന്ന ആന്റണി(29)യാണ് അഞ്ചുതെങ്ങ് പൊലീസിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ 30നാണ് വിളഭാഗം എ.എസ്. മൻസിലിൽ നാസറിന്റെ വീട്ടിൽ ആന്റണിയും കൂട്ടാളിയും ചേർന്ന് മോഷണം നടത്തിയത്.
നാസർ കുടുംബവുമൊത്ത് വിദേശത്താണ് താമസം. സംഭവം നടക്കുമ്പോൾ വീട്ടിൽ ആൾത്താമസം ഉണ്ടായിരുന്നില്ല. വീടിന്റെ മുൻവശത്തെ കതക് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ സ്വർണാഭരണങ്ങളും വിലകൂടിയ വാച്ചും കണ്ണടകളും മോഷ്ടിച്ചിരുന്നു. പിറ്റേദിവസം വീട് വൃത്തിയാക്കാൻ എത്തിയ സ്ത്രീയാണ് മോഷണ വിവരം ബന്ധുക്കളെ അറിയിച്ചത്.
നിരവധി മോഷണ കേസുകളിലെ പ്രതിയായ ആന്റണി കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പകൽസമയങ്ങളിൽ കറങ്ങിനടന്ന് പൂട്ടിയിട്ടിരിക്കുന്ന വീടുകൾ നോക്കിവെച്ചശേഷം രാത്രിയിലെത്തി മോഷണം നടത്തുകയാണിയാളുടെ രീതി. കൂട്ടുപ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻതന്നെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
വിമാനത്തില്‍ സംസ്ഥാനത്ത് എത്തി മോഷണം നടത്തിയ ശേഷം വിമാനത്തില്‍ സ്വദേശത്തേക്ക് മടങ്ങുന്നത് പതിവാക്കിയ മോഷ്ടാവ് പിടിയിലായത് ഇന്നാണ്. തലസ്ഥാനത്ത് നിരവധി മോഷണങ്ങള്‍ നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങാനെത്തിയ തെലങ്കാന സ്വദേശിയെ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്. ഉമപ്രസാദ് എന്ന തെലങ്കാന സ്വദേശിയാണ് പിടിയിലായത്. തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ് ഇയാൾ മോഷണം നടത്തിയിട്ടുള്ളത്.
മെയ് മാസത്തിൽ തലസ്ഥാനത്ത് വന്ന ഇയാൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമടക്കം സന്ദർശനം നടത്തിയിരുന്നു. ഇതിനിടയില്‍ മോഷ്ടിക്കാനായി നിരവധി സ്ഥലങ്ങളും ഇയാള്‍ കണ്ടുവെച്ചിരുന്നു. സ്വർണമടക്കം മോഷ്ടിച്ച് പണയം വെച്ചാണ് ഇയാൾ പണമുണ്ടാക്കിയിരുന്നത്. തെലങ്കാനയിലെ പൊലീസ് സ്റ്റേഷനിൽ പാർട്‌ടൈം ജോലിക്കാരന്‍ കൂടിയാണ് ഉമാപ്രസാദ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം