
ഇടുക്കി: റോഡ് നിർമാണത്തിനായി എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്ര കൈയും ബ്രേക്കറും മോഷ്ടാക്കൾ കടത്തി. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘം . 15.5 ലക്ഷം രൂപയുടെ യന്ത്ര ഉപകരണങ്ങളാണ് മോഷ്ടാക്കൾ കടത്തിയത്. ഉടുമ്പൻചോല പൊന്നാങ്കാണി റോഡിന്റെ നിർമാണത്തിന് എത്തിച്ച് മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്രക്കൈയാണ് മോഷ്ടാക്കൾ കവർന്നത്.
പാറ പൊട്ടിച്ച് മാറ്റാൻ ഉപയോഗിക്കുന്ന ബ്രേക്കറിന് 15 ലക്ഷം രൂപയും യന്ത്രക്കൈക്ക് അര ലക്ഷം രൂപയുമാണ് വിലയെന്നു റോഡിന്റെ കരാറുകാരൻ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. കരാറുകാരന്റെ പരാതിയിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.
വൻ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. 700 കിലോ ഭാരമുള്ളതാണ് പാറപൊട്ടിക്കുന്ന ബ്രേക്കർ. അഞ്ചിലധികം പേർ ചേർന്നാൽ മാത്രമേ ബ്രേക്കർ എടുത്ത് ഉയർത്തി മറ്റൊരു വാഹനത്തിൽ കയറ്റാൻ കഴിയൂ. ലോറിയിലാണ് മോഷണ വസ്തുക്കൾ കടത്തിയതെന്നാണ് സൂചന. പ്രദേശത്തെ ഏലം സ്റ്റോറിലെ അടുപ്പും മോഷണം പോയിട്ടുണ്ട്. അരലക്ഷത്തോളം രൂപ വില വരുന്ന അടുപ്പാണ് കടത്തിക്കൊണ്ടുപോയത്.
ഒരേദിവസമാണ് പൊന്നാങ്കാണിക്ക് സമീപം ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ മോഷണം പോയത്. ആസൂത്രിതമായ മോഷണമെന്നാണ് പ്രാഥമിക നിഗമനം. ടവർ ലൊക്കേഷനും മൊബൈൽ ഫോൺ നമ്പരുകളും കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.
മെയ് ആദ്യവാരത്തില്‍ ഇടുക്കിയില്‍ ദേശീയപാതയോരത്ത് കിടന്നിരുന്ന ജലവിതരണ വകുപ്പിന്‍റെ ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുമ്പു പൈപ്പുകൾ മോഷണം പോയിരുന്നു. കൊച്ചി-ധനുഷ് കോടി ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ മണ്ണിനടിയിൽ നിന്നും നീക്കം ചെയ്ത 36 കൂറ്റൻ ശുദ്ധജല പൈപ്പുകളാണ് മോഷണം പോയത്. പിന്നീട് ഇവ കുഞ്ചിത്തണ്ണിയിലെ ഒരു വീട്ടിൽ സൂക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയെങ്കിലും അന്നു രാത്രി തന്നെ ലോറിയിൽ ആക്രി വ്യാപാരികൾ തമിഴ്നാട്ടിലേക്ക് കടത്തുകയായിരുന്നു.
ദേശീയ പാതയിൽ പഴയ മൂന്നാർ ബൈപ്പാസ് പാലം മുതൽ സിഗ്നൽ പോയിൻറ് വരെയുള്ള ദേശീയ പാതയോരത്ത് സൂക്ഷിച്ചിരുന്ന ഇരുമ്പു പൈപ്പുകളാണ് നഷ്ടപ്പെട്ടത്. ഓരോ പൈപ്പും 450 കിലോയിലധികം തൂക്കമുള്ളവയാണ്. ഉപേക്ഷിച്ച ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പുകളാണിവ.16 ടണ്ണിലധികം തൂക്കമുള്ള ഇവ ലക്ഷങ്ങൾ വിലമതിക്കുന്നവയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം