
തലശ്ശേരി: ക്രിസ്തുമസ് ദിനത്തിൽ തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ടിന്‍റെ കാറിൽ നിന്ന് പണവും രേഖകളും അടങ്ങുന്ന പെട്ടി അടിച്ച് മാറ്റി മോഷ്ടാവ്. തലശ്ശേരിയിൽ നിർത്തിയിട്ട കാറിൽ നിന്നാണ് ബാഗ് മോഷണം പോയത്. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജീവന്‍റെ പണവും രേഖകളും അടങ്ങുന്ന പെട്ടിയാണ് മോഷ്ടാവ് കൊണ്ടുപോയത്. പെട്ടി പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെങ്കിലും പണം മോഷണം പോയി. 15000 രൂപയോളമാണ് മോഷണം പോയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. തിരുവങ്ങാടുളള കടയുടെ മുന്നിൽ വണ്ടി നിർത്തി ഡോ.രാജീവൻ പുറത്തിറങ്ങി. തൊട്ടുപിന്നാലെ ഒരു യുവാവ് കാറിനടുത്തെത്തുകയും പുറകിലെ വാതിൽ തുറന്ന്, പിൻസീറ്റിലുണ്ടായിരുന്ന പെട്ടി മോഷ്ടിക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ മോഷണം വ്യക്തമാണ്. കാർ എത്തുന്നതിന് തൊട്ടുമുൻപും ഇയാൾ പരിസരത്തുണ്ടെന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
അരകിലോമീറ്റർ മാത്രം അകലെയുളള വീട്ടിലെത്തി പിന്‍ സീറ്റിൽ നിന്ന് പെട്ടി എടുക്കാന്‍ നോക്കുമ്പോഴാണ് മോഷണം നടന്നത് ഡോക്ടർ അറിയുന്നത്. പിന്നാലെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പതിനയ്യായിരം രൂപയും പാസ് ബുക്ക് ഉൾപ്പെടെയുളള രേഖകളുമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. വൈകീട്ടോടെ പെട്ടി ഒന്നരക്കിലോമീറ്റർ ദൂരെ ചോനാടുളള വായനശാലയോട് ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എന്നാൽ പണം കവർന്നിരുന്നു. ഒരു ഓട്ടോറിക്ഷയിലാണ് മോഷ്ടാവ് ചോനാട് എത്തിയത്.
ഡോക്ടർ തന്നെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് പൊലീസ് സംഭവത്തിൽ കേസെടുത്തത്. ദൃശ്യങ്ങളിലുളളത് സ്ഥിരം മോഷ്ടാവെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് ഇയാൾ. വൈകാതെ പിടിയിലാകുമെന്ന് തലശ്ശേരി പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam