
ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും പല വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്നുണ്ട്. ചില ആളുകൾ ദാമ്പത്യത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ആദ്യം വാഴയെ വിവാഹം കഴിക്കുന്ന രീതികൾ ചിലരൊക്കെ പിന്തുടരാറുണ്ട്. അതുപോലെ, തെക്ക്-പടിഞ്ഞാറൻ മെക്സിക്കൻ പട്ടണമായ ഓക്സാക്കയിലെ സാൻ പെഡ്രോ ഹുവാമെലുലയിൽ ഒരു ആചാരമുണ്ട്. ഏകദേശം 230 വർഷം മുമ്പ് ആരംഭിച്ചതാണ് ഈ ആചാരം.
ഇവിടെ മഴ ലഭിക്കുന്നതിന് വേണ്ടി മുതലയെ വിവാഹം കഴിക്കുമത്രെ. മഴയ്ക്കും, നല്ല വിളവെടുപ്പിനും, പ്രകൃതിയുമായി സമാധാനപരമായ ഒത്തുപോകുന്നതിനും ഒക്കെ വേണ്ടിയുള്ള അനുഗ്രഹം തേടിയാണ് ഇവിടെ ഒരു പെൺ മുതലയെ വിവാഹം കഴിക്കുന്നത്. ഇവിടുത്തെ തദ്ദേശീയ സമൂഹങ്ങളാണ് ഇത് ചെയ്യുന്നത്. അടുത്തിടെ, പട്ടണത്തിന്റെ മേയർ ഡാനിയേൽ ഗുട്ടറസും ഇങ്ങനെ ഒരു മുതലയെ വിവാഹം കഴിച്ചു. ഇത് പിന്നീട് സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചു.
ഈ പ്രതീകാത്മക വിവാഹത്തിന്റെ വീഡിയോ എക്സിലാണ് (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ വരനായ മേയർ വെളുത്ത വിവാഹ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. അതിൽ മുതലയുടെ ചിത്രവും ഉണ്ട്. മുതലയും വധുവിന്റെ വെളുത്ത ഗൗൺ ധരിച്ചിട്ടാണുള്ളത് എന്നതാണ് അതിലും രസകരം. അതിഥികൾ മേയറെ മുതലയെ കൊണ്ടുപോകാൻ സഹായിക്കുന്നതായി കാണാം. താമസിയാതെ, മേയർ മുതലയെ കൈകളിൽ ഉയർത്തി അതിനെ ചുംബിക്കുന്നു. പിന്നീട്, മേയറും ആളുകളുമെല്ലാം മുതലയുമായി നൃത്തം വയ്ക്കുന്നതാണ് കാണുന്നത്.
ശരിക്കും ഒരു വിവാഹാഘോഷം എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഈ മുതലക്കല്ല്യാണവും നടക്കുന്നത് എന്നും വീഡിയോയിൽ കാണാം. നിരവധിപ്പേരാണ് എക്സിൽ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലരെല്ലാം രസകരമായ കമന്റുകളാണ് നൽകിയത്. മറ്റ് ചിലർ 230 വർഷങ്ങൾക്ക് മുമ്പുള്ള ഈ ആചാരം ഇപ്പോഴും പാലിക്കുന്നതിന്റെ സാംഗത്യത്തെ കുറിച്ചാണ് ചോദിച്ചത്. അതേസമയം, ഇത് മനോഹരമാണ് എന്ന് പറഞ്ഞവരും ഉണ്ട്.