നഗ്‌നയായി പൊള്ളിയോടിയ ഈ പെണ്‍കുട്ടിയുടെ വേദന മാറി, മുറിവേല്‍പ്പിച്ച അതേ യുഎസില്‍!

By Web TeamFirst Published Jul 1, 2022, 6:30 PM IST
Highlights

യുഎസ് ബോംബിംഗില്‍ പൊള്ളിപ്പിടഞ്ഞ ഈ പെണ്‍കുട്ടിയുടെ വേദന എന്നേക്കുമായി മാറ്റിയത് അമേരിക്കന്‍ ആശുപത്രി! 
 

''ആദ്യമെത്തിയ ആശുപത്രിയില്‍ അവളെ ചികില്‍സിച്ചില്ല. രണ്ടു മണിക്കൂര്‍ യാത്ര ചെയ്താലെത്തുന്ന മറ്റൊരു ആശുപത്രിയില്‍ ചെല്ലാന്‍ അവര്‍ പറഞ്ഞു. എനിക്കാകെ ഭ്രാന്തു പിടിച്ചു. ഞാനെന്റെ മീഡിയാ പാസ് അവരെ ഉയര്‍ത്തിക്കാണിച്ചു. ഞാന്‍ മീഡിയയില്‍നിന്നാണ്, അവളെങ്ങാനും മരിച്ചാല്‍, ലോകമെങ്ങുമുള്ള എല്ലാ മാധ്യമങ്ങളിലും ചികില്‍സ നിഷേധിക്കപ്പെട്ട് അവള്‍ മരിച്ച വാര്‍ത്ത ഒന്നാം പേജില്‍ വരും. അതേറ്റു. അവര്‍ അവളെ ചികില്‍സിക്കാന്‍ തയ്യാറായി. അവരവളെ അകത്തേക്ക് കൊണ്ടുപോയി.''

 

 

ഈ പെണ്‍കുട്ടിയെ ഓര്‍മ്മയില്ലേ? വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച പ്രശസ്തമായ  ഫോട്ടോയിലെ ഒമ്പതുവയസ്സുകാരി പെണ്‍കുട്ടി. അമേരിക്ക വിയറ്റ്‌നാമില്‍ വര്‍ഷിച്ച നാപാം ബോംബുകളാല്‍ മേലാകെ പൊള്ളിപ്പിടഞ്ഞ് ഓടിയിരുന്ന ആ കുട്ടിക്ക് ഇപ്പോള്‍ 59 വയസ്സുണ്ട്. 'നാപാം പെണ്‍കുട്ടി' എന്നറിയപ്പെടുന്ന ആ പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ദിവസമായിരുന്നു ഈ ചൊവ്വാഴ്ച.  

നാപാം ബോംബിന്റെ പ്രഹരശേഷി കാരണം കഴിഞ്ഞ അരനൂറ്റാണ്ടായി അവള്‍ കൊണ്ടുനടന്ന ശരീരവേദന പൂര്‍ണ്ണമായി മാറിയ ദിവസം. അതിന് വേദിയായത്, ഒരിക്കല്‍ അവളുള്‍പ്പടെ അനേകം മനുഷ്യരുടെ മേല്‍ ബോംബ് വര്‍ഷിച്ച അമേരിക്ക ആയിരുന്നു എന്നത് ചരിത്രത്തിലെ വിചിത്രമായ വിസ്മയം. വര്‍ഷങ്ങളായി കാനഡയില്‍ ജീവിക്കുന്ന അവളുടെ ശരീരത്തിലെ കരിഞ്ഞുപോയ കോശങ്ങള്‍ മിയാമി ഡെര്‍മറ്റോളജി ആന്‍ഡ് ലേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ലേസര്‍ ചികിത്സയിലൂടെ നീക്കം ചെയ്തത്. ശരീരത്തിലേറ്റ പൊള്ളലുകളുടെ പാടുകള്‍ക്കുള്ള പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ ലേസര്‍ തെറാപ്പിയാണ് ചൊവ്വാഴ്ച നടന്നത്.  

 


നിക്കും കിം ഫുക്കും

 

കത്തുന്ന കുഞ്ഞുടല്‍

1972 ജൂണ്‍ 8-ന് എപി ഫൊട്ടോഗ്രാഫര്‍ നിക് ഉട്ട് പകര്‍ത്തിയ ഒരു ചിത്രമാണ് മുകളിലുള്ളത്. അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ വര്‍ഷിച്ച നാപ്പാം ബോംബുകളാല്‍ മാരകമായി പൊള്ളലേറ്റ് അലറിക്കരഞ്ഞുവരുന്ന കുട്ടികളുടെ ചിത്രമായിരുന്നു നിക് ഉട്ട് പകര്‍ത്തിയത്. ആ ചിത്രത്തില്‍ കാണുന്ന, നഗ്‌നയായി, അലറിക്കരഞ്ഞ്  ഓടിവരുന്ന കുട്ടിയായിരുന്നു അന്ന് ഒമ്പത് വയസ്സുണ്ടായിരുന്ന കിം ഫുക്ക്. യുദ്ധത്തിന്റെ ഭീകരതയുടെ ആ കാഴ്ച ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ആ ചിത്രം പിന്നീടിങ്ങോട്ട് യുദ്ധവിരുദ്ധതയുടെ ഇതിഹാസ ചിത്രമായി മാറി. ഫോട്ടോ പകര്‍ത്തിയ നിക് ഉട്ടിന്റെയും കിം ഫുക്കിന്റെയും ജീവിതം തന്നെ മാറ്റിമറിക്കാന്‍ ആ ചിത്രം കാരണമായി. 

മിയാമിയില്‍ ലേസര്‍ തെറാപ്പിക്ക് എത്തിയ കിം ഫുക്കിനെ കാണാനും പടമെടുക്കാനും നിക് ഉട്ടും എത്തിയിരുന്നു. ജീവിതം ഏറെ മാറിയ ഒരാളായി സന്തോഷത്തോടെ കിം ഫുക് ചിരിച്ചുകൊണ്ട് നിക് ഉട്ടിന്റെ ക്യാമറയ്ക്കു മുന്നില്‍ നിന്നുകൊടുത്തു. സന്തോഷത്തോടെ നിക് ആ ഫോട്ടോ പകര്‍ത്തി. 

പ്രായമായെങ്കിലും ലോകമാകെ ഓടിനടന്ന് യുദ്ധത്തിനെതിരെ സംസാരിക്കുന്ന നിക്കും കിം ഫുക്കും മാധ്യമങ്ങള്‍ക്കു മുന്നില്‍ ആ ദിവസം ഓര്‍ത്തെടുത്തു. 

''പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ടു. തല്‍ക്ഷണം, എന്റെ ശരീരമാകെ തീയാളാന്‍ തുടങ്ങി. എന്റെ കൈകള്‍ പൊള്ളിപ്പിടയുന്നുണ്ടായിരുന്നു.''-ആ നിമിഷം ഫുക്കിന്റെ ഓര്‍മ്മയില്‍ ഇങ്ങനെയാണ്. 

''ഓടിവരുന്ന ആ കുട്ടിയുടെ മേലാകെ കത്തുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. അവളുടെ കൈകള്‍ കത്തുകയായിരുന്നു.''-ആ നിമിഷത്തെക്കുറിച്ച് നിക് ഉട്ട് പറഞ്ഞു. 

''ഞങ്ങള്‍ ഓടുന്ന ഫോട്ടോ പകര്‍ത്തിയശേഷം അദ്ദേഹം എന്നോട് സംസാരിച്ചു. ശരീരമാകെ പൊള്ളിപ്പിടയുന്ന എന്നെ അദ്ദേഹം ശരിക്കും കണ്ടത് അപ്പോഴാണ്. അപ്പോള്‍ തന്നെ ബാഗില്‍ ക്യാമറയിട്ട്, എന്നെയെടുത്തു കൊണ്ട് അദ്ദേഹം ആശുപത്രിയിലേക്ക് പാഞ്ഞു.''-ഫുക് ഓര്‍ക്കുന്നു. 

ബാക്കി കഥ നിക് ഉട്ട് പറഞ്ഞു. ''ആദ്യമെത്തിയ ആശുപത്രിയില്‍ അവളെ ചികില്‍സിച്ചില്ല. രണ്ടു മണിക്കൂര്‍ യാത്ര ചെയ്താലെത്തുന്ന മറ്റൊരു ആശുപത്രിയില്‍ ചെല്ലാന്‍ അവര്‍ പറഞ്ഞു. എനിക്കാകെ ഭ്രാന്തു പിടിച്ചു. ഞാനെന്റെ മീഡിയാ പാസ് അവരെ ഉയര്‍ത്തിക്കാണിച്ചു. ഞാന്‍ മീഡിയയില്‍നിന്നാണ്, അവളെങ്ങാനും മരിച്ചാല്‍, ലോകമെങ്ങുമുള്ള എല്ലാ മാധ്യമങ്ങളിലും ചികില്‍സ നിഷേധിക്കപ്പെട്ട് അവള്‍ മരിച്ച വാര്‍ത്ത ഒന്നാം പേജില്‍ വരും. അതേറ്റു. അവര്‍ അവളെ ചികില്‍സിക്കാന്‍ തയ്യാറായി. അവരവളെ അകത്തേക്ക് കൊണ്ടുപോയി.''

 

 

മിയാമിയിലേക്കുള്ള വഴി

ഒരുവര്‍ഷം നീണ്ട ആശുപത്രിവാസം. 17 ശസ്ത്രക്രിയകള്‍. അതിനുശേഷമാണ് ഫുക്ക് അന്ന് ആശുപത്രി വിട്ടത്. നാപാം ബോംബുണ്ടാക്കിയ പൊള്ളല്‍പ്പാടുകള്‍ ജീവിതകാലം മുഴുവന്‍ അവളെ വേദനയില്‍ മൂടി. അനേകം ചികില്‍സകള്‍ക്ക് അവള്‍ക്ക് വിധേയയായിട്ടും ആ വേദന മാറിയില്ല.  വിയറ്റ്നാമില്‍നിന്ന് 1992-ലാണ് ഫുക്ക് കാനഡയില്‍ വന്നത്. ഏഴ് വര്‍ഷം മുമ്പാണ്, മിയാമി ആശുപത്രിയിലെ ഡോ. ജില്‍ സയ്ബെല്ലിനെ അവര്‍ കാണുന്നത്. കിമ്മിന്റെ കഥയറിയുന്ന ഡോ. ജില്‍ സൗജന്യമായാണ് ചികില്‍സ നല്‍കിയത്. 

click me!