മലയാള സിനിമയിലെ ആ ഉണ്ണികള്‍ വീടുവിട്ട് എങ്ങോട്ടാണ് പോയത്?

K P Jayakumar   | Asianet News
Published : Aug 07, 2020, 01:45 PM ISTUpdated : Mar 22, 2022, 04:33 PM IST
മലയാള സിനിമയിലെ ആ ഉണ്ണികള്‍ വീടുവിട്ട് എങ്ങോട്ടാണ് പോയത്?

Synopsis

സാഹിത്യത്തിലും സിനിമയിലും വീടു വിട്ടുപോയ ഉണ്ണികളെ തേടിപ്പിടിക്കുമ്പോള്‍ എന്തു സംഭവിക്കും? കെ. പി ജയകുമാര്‍ എഴുതുന്നു

സംവരണവിരുദ്ധ  രാഷ്ട്രീയത്തെ പ്രത്യക്ഷത്തില്‍ കൈകാര്യം ചെയ്തുകൊണ്ടാണ് 'മയൂഖം' (ഹരിഹരന്‍, 2006) പുതുബ്രാഹ്മണ്യത്തിന്റെ വരവറിയിക്കുന്നത്. അതിലെ നായകന്‍ ഉണ്ണി കേശവന്‍ ജാതി സംവരണത്തിനെതിരെ ചെറുത്തുനിന്നതിന്റ പേരില്‍ ജയില്‍ വാസമനുഷ്ഠിച്ച രക്തസാക്ഷികൂടിയാണ്. വ്യവസ്ഥിതിയോടുള്ള പ്രതിഷേധമെന്ന നിലയിലാണ് ഉണ്ണി കേശവന്‍ വീട് ഉപേക്ഷിക്കുന്നത്. പിന്നീട് ബാല്യകാല സഖിയുടെ 'കൗണ്‍സലിങ്ങിലൂടെ' ഉണ്ണിയുടെ 'ക്ഷുഭിത യൗവ്വനം' ജീവിത്തിലേക്കും സര്‍വ്വോപരി ബ്രാഹ്മണ്യത്തിലേക്കും തിരികെ പ്രവേശിക്കുന്നു. സാംസ്‌കാരികവും ജാതീയവുമായ കെട്ടുപാടുകളും ഓര്‍മ്മയില്‍ പച്ചപിടിച്ചുനില്‍ക്കുന്ന നാട്ടിന്‍ പുറത്തെക്കുറിച്ചുള്ള പരികല്‍പ്പനകളും അമ്മയെയും അമ്പലങ്ങളെയും പറ്റിയുള്ള ആകാംക്ഷകളും 'ശാലീന' സുന്ദരിയായ കാമുകിയെക്കുറിച്ചുള്ള സ്വപ്നങ്ങളും നാഗരിക സംഘര്‍ഷവും പലമാതിരി കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കപ്പെട്ട ആര്യന്‍ (പ്രിയദര്‍ശന്‍)തുടങ്ങിയ ചിത്രങ്ങള്‍ 'വീടുവിട്ടുപോകുന്ന ഉണ്ണി' എന്ന 'ആധുനികതാ ബിംബത്തെ' പ്രത്യയശാസ്ത്രപരമായ മറ്റൊരു ചരിവില്‍ നിര്‍ത്തുന്നു. 

 

 

ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ രണ്ടാം പകുതി മുതല്‍ എണ്‍പതുകളുടെ ആദ്യ പകുതിവരെയുള്ള രണ്ട് ദശകങ്ങള്‍ മലയാള സാഹിത്യത്തിലും കലയിലും അതിരറ്റ ഊഷ്മളതയും ചില ആശയങ്ങളോട് ചാവേര്‍ കൂറും പുലര്‍ത്തിയ കാലഘട്ടമായിരുന്നു. സാഹിത്യത്തില്‍ ഇത് ആധുനികതയുടെ കാലം കൂടിയാണ്. എഴുപതുകളിലെയും എണ്‍പതുകളിലെയും ഭാവുകത്വ പരിണാമങ്ങള്‍ ആ കാലഘട്ടത്തിന്റെ സാമൂഹ്യ രാഷ്ട്രീയാവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രാഥമികമായും ഇതൊരു സാംസ്‌കാരിക മുന്നേറ്റമായിരുന്നു. സ്വാഭാവികമായും ഇത് കേരളത്തിലെ മധ്യവര്‍ഗ്ഗങ്ങളില്‍ നിന്നുമാണ് ഉയര്‍ന്നുവന്നത്.

ഈ കാലഘട്ടത്തിലെ രചനകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന 'ഉണ്ണി' ആധുനികതയിലെ യുവത്വം നേരിട്ട അരക്ഷിതവും ഉല്‍കണ്ഠ നിറഞ്ഞതുമായ സാമൂഹ്യ-മാനസിക അവസ്ഥകളെയാണ് അടയാളപ്പെടുത്തുന്നത്. ഉണ്ണി ഒരു കഥാപാത്രമല്ല, ആധുനികതയിലെ ഒരവസ്ഥയാണ്. മലയാളി മധ്യവര്‍ഗ്ഗത്തിന്റെ ഏറെക്കൂറെറ കാല്‍പനികവും അസ്തിത്വവാദപരവുമായ അവസ്ഥയും ഉല്‍കണ്ഠയുമാണത്. ഡി വിനയചന്ദ്രന്റെ 'യാത്രപ്പാട്ട'്, ആറ്റൂര്‍ രവിവര്‍മ്മയുടെ 'പിതൃഗമനം', കടമ്മനിട്ടയുടെ 'കടിഞ്ഞൂല്‍ പൊട്ടന്‍', ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'യാത്രമൊഴി' തുടങ്ങിയ രചനകള്‍ വീടുവിട്ടുപോകുന്ന ഉണ്ണികളെ തീവ്രമായി ആവിഷ്‌കരിച്ചു. എന്നാല്‍ എണ്‍പതുകളിലെ മലയാള സിനിമയില്‍ സാമൂഹ്യ- രാഷ്ട്രീയ പരിതോവസ്ഥയുടെ ഉല്‍കണ്ഠ നിറഞ്ഞ ഭൂമികയിലല്ല 'ഉണ്ണികളെ' കണ്ടുമുട്ടുന്നത്. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തിന്റെയും സാമാന്യ ബോധത്തിന്റെയും കുടുംബ സദാചാര മൂല്യങ്ങളുടെയും സുരക്ഷിതമായ ചരിവുകളിലാണ് ഈ ഉണ്ണികളുടെ സ്ഥാനം.

 

.................................................

Read more: കബനീ നദി ചുവന്നപ്പോള്‍:  മുറിച്ചുമാറ്റപ്പെട്ട ചലച്ചിത്രശരീരം 
.................................................

 

സാഹിത്യത്തിലെ ഉണ്ണി

മലയാള ആധുനികതയില്‍ ആവര്‍ത്തിച്ചു വരുന്ന 'ഉണ്ണി അവസ്ഥകളെ' അതിന്റെ സൗന്ദര്യ ശാസ്ത്ര തലത്തില്‍ ആര്‍ നരേന്ദ്ര പ്രസാദിന്റെ 'ഉണ്ണിപോകുന്നു' എന്ന ലേഖനം പരിശോധിക്കുന്നു. ഇടശ്ശേരിയുടെ 'പൂതപ്പാട്ടി'ല്‍ ത്യാഗനിര്‍ഭരമായ സമരത്തിലൂടെയാണ് ഉണ്ണിയെ അമ്മയ്ക്ക് തിരികെ ലഭിക്കുന്നത്. 'യാത്രമൊഴി'യില്‍ ഉണ്ണി തന്റെ ഭാഗധേയത്തെ ഗൃഹാന്തരീക്ഷത്തില്‍ നിന്നും മോചിപ്പിക്കുകയാണ്. പിതൃ നിഷേധമാണ് അതിന്റെ വൈയക്തിക തലം. സാമൂഹ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന 'ആദിമ ഉണ്ണികളായ' രാമന്റെയും സിദ്ധാര്‍ത്ഥന്റെയും ആദിശബ്ദങ്ങള്‍ യാത്രമൊഴിയില്‍ കേള്‍ക്കാം. കാക്കനാടന്റെ ഏഴാം മുദ്രയില്‍ ആരാധനാ മൂര്‍ത്തിയെ തേടുന്ന 'ഉണ്ണി' സാമൂഹ്യ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിന്റെ വിശാലതയില്‍ നിന്നും അന്തര്‍മുഖത്വത്തിന്റെ കയങ്ങളിലേക്ക് വീഴുന്നു. 

'ഖസാക്കിന്റെ ഇതിഹാസം' സ്വന്തം വേരുകളില്‍ നിന്നും അജ്ഞാത ലക്ഷ്യത്തിലേക്ക് യാത്ര ചെയ്ത്, ഒരു ചക്രത്തിലെന്നപോലെ ചുറ്റുന്ന കഥാപാത്രങ്ങളുടെ താഴ്വരയിലേക്ക് ഉണ്ണിയെ (രവി) ആവാഹിക്കുന്നു. ഉണ്ണിയുടെ യാത്ര പ്രപഞ്ചസങ്കല്‍പ്പമായി, സങ്കല്‍പ്പനമായി മാറുന്നു. ഗ്രാമ നഗര സംഘര്‍ഷമാണ് കടമ്മനിട്ടയുടെ 'കടിഞ്ഞൂല്‍ പൊട്ടനി'ലെ ഉണ്ണിയുടെ സംഘര്‍ഷ നിലം. ആറ്റൂരിന്റെ പിതൃഗമനത്തില്‍ ആദര്‍ശബോധത്തിന് സമൂഹത്തിലുണ്ടാകുന്ന അപചയമാണ് ഉണ്ണിയുടെ യാത്രക്ക് കാരണം. പിറന്ന ദിക്കില്‍ പോകേണ്ടവനാണ് ഉണ്ണി. പിറന്ന വീട് ലോകമെമ്പാടും തിരയുന്ന സ്വതന്ത്രമനുഷ്യനായി ഉണ്ണി വളരുന്നു. ഡി വിനയചന്ദ്രന്റെ 'യാത്രപ്പാട്ടി'ല്‍ വീടുവിട്ടിറങ്ങി നാട്ടിന്‍ പുറത്തെ പ്രകൃതിയിലൂടെ അകലുന്ന ഉണ്ണിയില്‍ സ്വച്ഛതയും സ്വാതന്ത്ര്യവും ഏറിയേറി വരുന്നു. സങ്കീര്‍ണ്ണമായ യുവത്വത്തിന്റെ അവസ്ഥയാണിതെന്ന് ആര്‍ നരേന്ദ്ര പ്രസാദ് നിരീക്ഷിക്കുന്നു. (ഉണ്ണിപോകുന്നു, ആര്‍ നരേന്ദ്ര പ്രസാദ്, റെയിന്‍ബോ ബുക്സ്).

 

.................................................

ead more: സരോജിനി, സാവിത്രി, ആലീസ്, ശ്യാമള;  നാല് പെണ്ണുങ്ങള്‍ സിനിമയ്ക്കു മുഖാമുഖം നില്‍ക്കുമ്പോള്‍

.................................................

 

ആര്‍ട്ട് സിനിമയിലെ ഉണ്ണി

സാഹിത്യത്തിലെ ആധുനികതയില്‍ നിന്നും വ്യത്യസ്ഥമായി ചലച്ചിത്രത്തില്‍ 'ഉണ്ണികളുടെ യാത്രകള്‍' വിവിധ ഘട്ടങ്ങളിലൂടെ ആവര്‍ത്തിക്കുന്നുണ്ട്. അതിലൊന്ന് എഴുപതുകളിലെ സാഹിത്യ ഭാവുകത്വം സൃഷ്ടിച്ച ആത്മാന്വേഷണത്തിന്റെ സംഘര്‍ഷ പരിസരത്തില്‍ തന്നെയാണ് നിലയുറപ്പിക്കുന്നത്. മലയാളത്തിലെ നവതരംഗ സിനിമകള്‍ സജീവമാകുന്നതും ഈ ദശകങ്ങളിലാണ്. നവതരംഗ സിനിമകള്‍ എന്നുവിളിക്കപ്പെട്ട ആ കാലഘട്ടത്തിലെ സിനിമകള്‍ പരിശോധിച്ചാല്‍ രൂപപരമായ നിരവധി സാദൃശ്യങ്ങള്‍ കാണാം. രൂപത്തെക്കുറിച്ചുള്ള അതിശ്രദ്ധ, പാട്ടുകളുടെയും ഹാസ്യ രംഗങ്ങളുടെയും അഭാവം, മന്ദവും പലപ്പോഴും നിശ്ചലവുമായ ആഖ്യാനം... എന്നിങ്ങനെ ആഖ്യാനത്തിലും പ്രമേയത്തിലും അവയെല്ലാം ഒരേ ഭാവുകത്വം പങ്കിട്ടു. അത് മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ അനുഭവമണ്ഡലമാണ്. അവയുടെ ലോക വീക്ഷണം ഒരു മധ്യവര്‍ഗ്ഗ ബുദ്ധിജീവിയുടെയും. പ്രമേയങ്ങള്‍ ആ വര്‍ഗ്ഗ ജീവിതത്തിന്റെ ആശങ്കകളില്‍ നിന്നും ഗൃഹാതുരത്വത്തില്‍ നിന്നും നിരാശകളില്‍ നിന്നും രൂപപ്പെട്ടവയുമായിരുന്നു. നിര്‍മാല്യം (എം ടി വാസുദേവന്‍ നായര്‍,), കൊടിയേറ്റം (അടൂര്‍ ഗോപാലകൃഷ്ണന്‍, 1977), തമ്പ് (അരവിന്ദന്‍,1978) തുടങ്ങിയ ചിത്രങ്ങളില്‍ ഗ്രാമ ജീവിതത്തിന്റെ നിശ്ചലതയാണ്  ആവര്‍ത്തിക്കപ്പെടുന്നത്. സ്വയംവരം (അടൂര്‍, 1972), അശ്വത്ഥാമാവ് (കെ ആര്‍ മോഹനന്‍, 1978), പ്രയാണം (ഭരതന്‍), ഉത്തരായനം (അരവിന്ദന്‍, 1974) തുടങ്ങിയ ചിത്രങ്ങളുടെ പ്രമേയ കേന്ദ്രം അഭ്യസ്ഥവിദ്യരായ മധ്യവര്‍ഗ്ഗ നായകന്‍മാരുടെ ജീവിത പരിസരവും ആത്മ സംഘര്‍ഷങ്ങളുമായിരുന്നു. ദാര്‍ശനികമോ, ആത്മീയമോ മാനസികമോ ആയിരുന്നു അവരുടെ വേവലാതികള്‍. അടൂരിന്റെ 'എലിപ്പത്തായ'ത്തിലെ ഉണ്ണി ഫ്യൂഡല്‍ തകര്‍ച്ചയുടെ രൂപകമായി. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ ഒറ്റക്കായിപോകുന്ന കഥാപാത്രമാണ്. ടി വി ചന്ദ്രന്റെ 'ആലീസിന്റെ അന്വേഷണ'ങ്ങളിലെ ഉണ്ണിയുടെ (തോമാസുകുട്ടി) യാത്ര ഇടതുപക്ഷ തീവ്രവാദത്തിന്റെയും സാഹിത്യ ആധുനികതയുടെയും സന്ദിഗ്ധതകളിലൂടെയാണ്.

 

.................................................

Read more:
.................................................

 

ജനപ്രിയ സിനിമയിലെ ഉണ്ണി

ഇടതുപക്ഷ തീവ്രവാദത്തില്‍ അധിഷ്ഠിതമായ പ്രമേയമാണ് 'ഇത്തിരിപ്പൂവേ ചുവന്നപൂവേ' (ഭരതന്‍, 1984) കൈകാര്യം ചെയ്യുന്നത്. വിപ്ലവകാരിയായ ഉണ്ണിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. 'തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്കായി' കുടുംബം ഉപേക്ഷിച്ചുപോകുന്ന ഉണ്ണി ആധുനികതുടെ കാലത്തെ 'വീടുവിട്ടുപോകുന്ന'ഒരുപാട് 'ഉണ്ണി'കളുടെ ദാര്‍ശനിക വ്യഥയെ സ്മൃതിപ്പെടുത്തുന്നുണ്ട്. ഉണ്ണി കുടുംബം ഉപേക്ഷിച്ചുപോകുന്ന നക്സലൈറ്റാണ്. ഉണ്ണിയുടെ യാത്രക്ക് രാഷ്ട്രീയവും ഭൗതികവുമായ കാര്യവും കാരണവുമുണ്ടാകുന്നു. അയാള്‍ വീട് വിട്ടുപോയിട്ടും ക്യാമറ അവിടെത്തന്നെ നിലയുറപ്പിക്കുന്നു. കരഞ്ഞു തളര്‍ന്ന അമ്മയിലും അന്വേഷണത്തിന്റെ വിഫലതയില്‍ അസ്വസ്ഥരാകുന്ന പുരുഷന്‍മാരിലും നിസ്സഹായയായ സഹോദരിയിലും കാഴ്ച തറഞ്ഞുനില്‍ക്കുന്നു. 

വീടിന്റെ ബാഹ്യ രൂപം പകര്‍ത്തുന്നതിനും കുടുംബക്ഷേത്രം ചിത്രീകരിക്കുന്നതിനും മാത്രമാണ് ക്യാമറ വീടിനുപുറത്തേക്ക് പോകുന്നത്. ഇവ രണ്ടും ആ കുടുംബത്തിന്റെ സാമൂഹിക-സാമ്പത്തിക-ജാതി നിലയെ അടയാളപ്പെടുത്തുന്ന വസ്തുതാ വിവരണങ്ങളാണ്. ഏതെങ്കിലും ഒരു പ്രാദേശിക സംസ്‌കൃതിയുടെ നിര്‍മ്മിതിക്കായി ചലച്ചിത്രകാരന്‍ തെരഞ്ഞെടുക്കുന്ന സാംസ്‌കാരിക ബിംബങ്ങള്‍ കൃത്യമായ പ്രത്യയശാസ്ത്ര വിവക്ഷകള്‍ അടങ്ങുന്നതായിരിക്കും എന്ന നിരീക്ഷണം ഇവിടെ പ്രസക്തമാണ്.

 

.................................................

Read more: പിറവി: അടിന്തരാവസ്ഥയിലെ കുട്ടിയും ആണ്‍തുണയില്ലാതായ കുടുംബവും 
.................................................

 

രാഷ്ട്രീയ ഉണ്ണികള്‍

അഴിമതിയും ധൂര്‍ത്തും നിറഞ്ഞ ഭരണകൂട വ്യവസ്ഥക്കും ബ്യൂറോക്രസിക്കുമെതിരായി എണ്‍പതുകളില്‍ 'ജനകീയ സാംസ്‌കാരികവേദി'യും കേരളത്തിലെ തീവ്രഇടതുപക്ഷ പ്രസ്ഥാനവും  നടത്തിയ ജനകീയ വിചാരണയെ ഓര്‍മ്മപ്പെടുത്തുന്നതാണ്, 'ഇത്തിരി പൂവേ ചുവന്ന പൂവേ' എന്ന ചിത്രത്തിലെ യുവാക്കള്‍ ഭരണകൂടത്തിനെതിരെ നടത്തുന്ന തെരുവുനാടകം. നാടന്‍ പാട്ടിന്റെയും ഫോക് തിയേറ്ററിന്റെയും ശബ്ദ ദൃശ്യ സാധ്യതകള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഒരനുഷ്ഠാന പരിസരമാണ് സിനിമയിലെ രാഷ്ട്രീയ പ്രസ്താവനയുടെ ഇടം. ''കൊല്ലവനെ, പിടിക്കവനെ, ആ സമുദായ ദ്രോഹിയെ, മൂരാച്ചിയെ, വര്‍ഗ്ഗ ശത്രുവിനെ, കൈക്കൂലിക്കാരനെ....ചുട്ട് ഭസ്മമാക്ക്...'' തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ ഒരു രാഷ്ട്രീയമുന്നേറ്റത്തിന്റെ പ്രതീതിയും ചലച്ചിത്രം സൃഷ്ടിക്കുന്നു. 

തെരുവില്‍ സാമൂഹിക വിചാരണക്ക് നേതൃത്വം കൊടുത്ത വിപ്ലവകാരിയായ ഉണ്ണിയെ പൊലീസ് ഉദ്യോഗസ്ഥനായ മൂത്ത സഹോദരന്‍ പിടിച്ച് വീട്ടിലെത്തിക്കുമ്പോള്‍ സിനിമയുടെ ഇടം തെരുവില്‍ നിന്നും സമൂഹത്തില്‍ നിന്നും കുടുംബത്തിലേക്ക് മാറുന്നു. യഥാര്‍ത്ഥത്തില്‍ സിനിമയുടെ ആഖ്യാന ഇടം കുടുംബം തന്നെയാണ്. അപ്പോള്‍ സിനിമ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത് എന്തായിരുന്നു? കുടുംബബാഹ്യമായ സാമൂഹ്യ പ്രശ്നങ്ങളോ, അഭ്യന്തരമായ വൈകാരിക പ്രശ്നങ്ങളോ? അതോ കുടുംബത്തെ തന്നെ ഒരു രാഷ്ട്രീയ സ്ഥലമായി അവതരിപ്പിക്കാന്‍ സിനിമ ശ്രമിക്കുന്നുണ്ടോ? സമൂഹ/കുടുംബ ദ്വന്ദ്വങ്ങള്‍ രാഷ്ട്രീയ മാറ്റങ്ങളോട് പ്രതികരിക്കുന്നത് ഭിന്ന രീതിയിലാണോ എന്നതും പ്രശ്നമാണ്. അഥവാ രാഷ്ട്രീയ സംവാദങ്ങളുടെ അതിര്‍ത്തി കുടുംബം വരെയാണെന്നും വീട്/കുടുംബം എന്നീ സ്ഥാപനങ്ങള്‍ സമൂഹ്യ സദാചാര നിയമങ്ങള്‍ക്കുള്ളില്‍ പരിപാലിച്ചുപോരേണ്ടതാണെന്നുമുള്ള ബോധം ഒരളവുവരെ നിലനില്‍ക്കുന്നുണ്ട്.

സിനിമ ഒരു പ്രേക്ഷക സമൂഹത്തെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ആ സമൂഹം പുലര്‍ന്നുപോരുന്ന സദാചാര വ്യവസ്ഥകളെ മുറിപ്പെടുത്തുവാന്‍ സിനിമക്ക് കഴിയുന്നില്ല. ഈ അടിസ്ഥാനബോധത്തെ മുറിപ്പെടുത്താന്‍ വിസമ്മതിക്കുന്ന സമവായ (സംഘര്‍ഷങ്ങള്‍ ഒഴിവാക്കപ്പെടുകയോ, വഴിമാറ്റപ്പെടുകയോ ചെയ്യുന്ന തന്ത്രം) തന്ത്രങ്ങളിലൂടെയാണ് വ്യവസ്ഥാപിത ജനാധിപത്യ സ്ഥാപനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ത്തമാന യാഥാര്‍ത്ഥ്യത്തെക്കൂടി മുന്‍നിര്‍ത്തിയാണ്  ജനപ്രിയ ചലച്ചിത്രത്തിന്റെ ദൗത്യ നിര്‍വ്വഹണത്തെ പരിശോധിക്കേണ്ടത്. കുടുംബ ബാഹ്യമായ കാര്യങ്ങളാണ് ചര്‍ച്ചചെയ്യുന്നത് എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് കുടുംബത്തെ പാരമ്പര്യ മൂല്യസങ്കല്‍പ്പങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുകയാണ് ഈ ചലച്ചിത്രങ്ങള്‍. പൊലീസുമായുണ്ടാകുന്ന ഏറ്റുമുട്ടലില്‍ 'സ്വയം' ബോംബുപൊട്ടി മരിക്കുന്ന ഉണ്ണി, അയാളുടെ വേര്‍പാട് താങ്ങാനാവാതെ മാനസികരോഗിയാകുന്ന അമ്മ, മരണത്തിന് കാരണക്കാരനായതിന്റെ കുറ്റബോധത്താല്‍ സ്ഥലംമാറ്റം വാങ്ങി ദൂരെ ദിക്കിലേക്കുപോകുന്ന പൊലീസ് ഉദ്യോഗസ്ഥനായ സഹോദരന്‍, കുടുംബത്തിന്റെ രക്ഷക്കായി പഠനമുപേക്ഷിക്കേണ്ടിവരുന്ന സഹോദരി, എല്ലാം ഉള്ളിലൊതുക്കി പൂമുഖത്തെ ചാരുകസേരയില്‍ നിശ്ശബ്ദനാകുന്ന പിതാവ്. ഒരു കുടുംബത്തിന്റെ തകര്‍ച്ചയുടെ ബിംബങ്ങള്‍. ഈ ദൃശ്യങ്ങളെല്ലാം ചേര്‍ന്ന് നിര്‍മ്മിക്കുന്ന പ്രേക്ഷകാനുഭാവത്തില്‍ ഉണ്ണിയുടെ രാഷ്ട്രീയവിശ്വാസവും, രാഷ്ട്രീയചരിത്രവും പ്രതിസ്ഥാനത്തുനില്‍ക്കുന്നു.

 

.................................................

Read more: അടിയന്തരാവസ്ഥാ സിനിമകളിലെ  ആത്മീയ വ്യാപാരങ്ങള്‍ 
.................................................

 

ഒത്തുതീര്‍പ്പ് ഉണ്ണിമാര്‍

ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ നിലപാടുകളോടും ചരിത്രത്തോടുതന്നെയും വിയോജിക്കുവാനുള്ള അവകാശം ചലച്ചിത്രകാരനുണ്ട്. 'ഒരു സ്ഥാപനവും പരിഹാസാതീതമല്ല. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാല്‍പ്പനിക മധ്യവര്‍ഗ്ഗ സാംസ്‌കാരികോദ്യമം മാത്രമായിരുന്നു' ഇടതുപക്ഷ തീവ്രവാദമെന്ന് സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തെ നിര്‍ദ്ധാരണം ചെയ്യുകയായിരുന്നില്ല എണ്‍പതുകളിലെ നക്സലേറ്റ് സിനിമകള്‍. അത് ചരിത്രത്തിന്റെ ഭാരത്തെ പൂര്‍ണമായും കൈയ്യൊഴിയുന്നു. രാഷ്ട്രീയത്തെ അമൂര്‍ത്തവും ഏറെക്കുറേ ദുരൂഹവുമായ ഒരനുഭവമാക്കി അവതരിപ്പിക്കുന്നു. വ്യക്തിക്കും കുടുംബത്തിനും വന്നുഭവിക്കുന്ന തീരാവ്യഥയുടെ കാല്‍പ്പനിക സ്ഥലികളിലാണ് ആഖ്യാനം തടഞ്ഞുനില്‍ക്കുന്നത്. അവിടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമെല്ലാം വ്യക്തിയുടെ/കുടുംബത്തിന്റെ തന്നെയും ദുരന്തത്തിനു കാരണമായിത്തീരുന്നു.

സിനിമയിലെ വിപ്ലവകാരിക്ക് കുടുംബത്തേക്കാളും 'പ്രിയപ്പെട്ടവരേ'ക്കാളും പ്രധാനപ്പെട്ട മറ്റൊരു ലക്ഷ്യം ഉണ്ട്, ആ ലക്ഷ്യമാകട്ടെ അമൂര്‍ത്തമാണ്. മാത്രവുമല്ല വിപ്ലവകാരി ഏറെക്കുറെ നിശബ്ദനുമാണ്. അമ്മ, വീട്, പൊലീസ് തുടങ്ങിയ മൂര്‍ത്ത ബിംബങ്ങളെ വിപ്ലവകാരിയുടെ മൗനത്തിനെതിരെ നിര്‍ത്താന്‍ ചലച്ചിത്രത്തിനു സാധിക്കുന്നു. പൊലീസ് മാപ്പുനല്‍കാന്‍ തയ്യാറുള്ള സ്ഥാപനമായും നിവൃത്തിയില്ലാത്തപ്പോള്‍ മാത്രം തോക്കെടുക്കാന്‍ വിധിക്കപ്പെടുന്ന 'കാക്കിക്കുള്ളിലെ മനുഷ്യ'രായും' കാഴ്ചപ്പെടുന്നു. 'സര്‍വ്വം സഹയായ അമ്മ, മാതൃസ്നേഹത്തിന്റെ മഹനീയത' തുടങ്ങിയ പുരുഷാധിപത്യ മൂല്യങ്ങളുടെ പിന്‍ബലത്തോടെ, കുടുംബ ഘടനയില്‍ പുരുഷന്റെ/പിതാവിന്റെ സ്ഥാനം ഉറപ്പിക്കുകയും കുടുംബ/സമൂഹ രക്ഷക്കായി നിലനില്‍ക്കുന്ന പൊലീസ്/ഭരണകൂട സ്ഥാപനങ്ങളുടെ 'നീതിബോധം' സ്ഥാപിച്ചെടുക്കുകയും ചെയ്യുക എന്നതാണ് ചലച്ചിത്രത്തിന്റെ പ്രത്യയശാസ്ത്ര ദൗത്യം. ഇത്തരം കാഴ്ചകള്‍ ചരിത്രത്തെ ലളിതവല്‍ക്കരിക്കുക മാത്രമല്ല, അറുപതുകളിലും എഴുപതുകളിലും ഇടതുതീവ്രവാദത്തെ ഭീകരമായി അടിച്ചമര്‍ത്തിയ ഭരണകൂട സ്ഥാപനങ്ങളെ കുറ്റവിമുക്തമാക്കുകയും ചെയ്യുന്നു.

 

.................................................

Read more: ആണത്ത നിര്‍മ്മിതിയുടെ സിനിമാക്കളരികള്‍
.................................................

 

ദയാപരനായ ഉണ്ണി

ഉണ്ണിയുടെ മരണാനന്തരം തകര്‍ന്നുപോകുന്ന കുടുംബത്തിലേക്ക് കടന്നുവരുന്ന വിപ്ലവകാരിയായ മറ്റൊരു യുവാവില്‍ മനോരോഗിയായ അമ്മ തന്റെ 'ഉണ്ണിയെ' കണ്ടെത്തുന്നു. അന്നോളം ഹിംസാത്മകമായിരുന്ന അവരുടെ ഭ്രാന്ത് തിരിച്ചുവരുന്ന ഉണ്ണിയോടുള്ള സ്നേഹമായി കരുതലായി വഴിമാറുന്നു. ഭ്രാന്ത് മാറുകയല്ല, ഭ്രാന്തിന്റെ സ്വഭാവം മാറുകയാണ്. എപ്പോഴും മടങ്ങിവരാവുന്ന ചിത്തഭ്രമം എന്ന നാടകീയ സന്ധിയില്‍ 'രാഷ്ട്രീയമോ കുടുംബമോ' എന്ന ഒരു തെരഞ്ഞെടുക്കലിലേക്കാണ് ചലച്ചിത്രം പ്രേക്ഷകരെ നയിക്കുന്നത്. ഈ തെരഞ്ഞെടുക്കല്‍ രാഷ്ട്രീയം വിട്ട് മതത്തിലേക്ക് മാറുന്നതാണ് തൊണ്ണൂറുകളില്‍ പുറത്തുവന്ന 'ഹിസ് ഹൈനസ് അബ്ദുള്ള' (സിബി മലയില്‍ 1990) നല്‍കുന്ന കാഴ്ച. 

മകന്‍ നഷ്ടപ്പെട്ട അമ്മയുടെ ഭ്രാന്ത് 'ഹിസ് ഹൈനസ് അബ്ദുള്ള'യുടെ പ്രമേയ കേന്ദ്രങ്ങളില്‍ ഒന്നാണ്. അവര്‍ക്ക് നഷ്ടപ്പെട്ട മകന്റെയും പേര് 'ഉണ്ണി'എന്നുതന്നെയാണെന്നതും, അമ്മയായി അഭിനയിക്കുന്ന കവിയൂര്‍ പൊന്നമ്മ മലയാളി സവര്‍ണ്ണ മാതൃസങ്കല്‍പ്പത്തിന്റെ ബിംബമാണെന്നതും കാഴ്ചയുടെ മറ്റൊരു സമാനതയാണ്. അമ്മയുടെ ഭ്രാന്ത്, പ്രണയം, 'നിഷ്‌കളങ്കനായ രാജാവ്' തുടങ്ങിയ അതി തീവ്രമായ നാടകീയമുഹൂര്‍ത്തങ്ങളിലൂടെ അബ്ദുള്ളയെ ചലച്ചിത്രം 'ഉണ്ണി'യിലേക്ക് 'മതപരിവര്‍ത്തനം' നടത്തുന്നു. സിനിമയിലുടനീളം സവര്‍ണ്ണമായ ശരീരഘടന പേറുന്ന നായക കഥാപാത്രം ഒരിക്കല്‍ പോലും അബ്ദുള്ളയെന്ന മുസ്ലിം സ്വത്വത്തെ പ്രതിനിധീകരിക്കുന്നില്ല.

 

.................................................

Read more:
.................................................

 

സംവരണ വിരുദ്ധ ഉണ്ണികള്‍

അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ ഉണ്ണികള്‍ നാഗരികവും ദേശീയവും അന്തര്‍ ദേശീയവുമായ ഇടങ്ങളില്‍ എത്തിപ്പെടുന്നതിന്റെ ആവര്‍ത്തിച്ചുള്ള കാഴ്ചകള്‍ എണ്‍പതുകളിലെ ചലച്ചിത്രങ്ങളില്‍ കടന്നുവരുന്നുണ്ട്. വിദ്യാസമ്പന്നന്‍ മാത്രമല്ല മിക്കവാറും സവര്‍ണ്ണന്‍ കൂടിയായ യുവാവിന് മാറിവരുന്ന രാഷ്ട്രീയ-സമൂഹ്യ--സാമ്പത്തിക പരിസ്ഥിതിയില്‍ ജീവിക്കാന്‍ വന്നുപെടുന്ന കഷ്ടപ്പാടുകളാണ് സിനിമയുടെ പ്രധാനപ്രമേയം. ഈ കഷ്ടപ്പാടുകള്‍ മിക്കവാറും സാമൂഹ്യ നവോത്ഥാനത്തിന്റെ ഭാഗമായി മാറിമറിഞ്ഞ സാമ്പത്തിക സാമൂഹ്യ പദവികളുടെ 'ഇര' എന്ന നിലയിലാണ് അനുഭവിക്കുന്നത്. 

സംവരണം മൂലം അര്‍ഹതപ്പെട്ട  ജോലി ലഭിക്കാതെപോകുന്ന സവര്‍ണ്ണ യുവാവിന്റെ ആത്മസംഘര്‍ഷമായിരുന്നു പ്രമേയങ്ങളുടെ അന്തര്‍ധാര. ''എന്നേക്കാള്‍ മാര്‍ക്ക് കുറവായിരുന്നിട്ടും. നിനക്കാ ജോലികിട്ടി. ഒരു നായരായി ജനിച്ചതില്‍ ജീവിതത്തിലാദ്യമായി എന്നോടുതന്നെ വെറുപ്പു തോന്നിയ സന്ദര്‍ഭമായിരുന്നു അത്.'' 'അടിവേരുകള്‍' എന്ന ചിത്രത്തിലെ അഭ്യസ്തവിദ്യനായ നായര്‍ യുവാവ് (മോഹന്‍ലാല്‍) സംവരണത്തിന്റെ ആനുകൂല്യത്തില്‍ ജോലിനേടിയ സഹപാഠിയും സുഹൃത്തുമായ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറോട് (മുകേഷ്)പറയുന്ന വാക്കുകളാണിത്. ഈ ആത്മപുച്ഛത്തിലൂടെ പ്രേക്ഷകരിലേക്ക് ഒളിച്ചുകടത്തിയ സംവരണ വിരുദ്ധ രാഷ്ട്രീയം, പിന്നീടുവന്ന പല ചിത്രങ്ങളും പലമാതിരി ആഖ്യാനം ചെയ്യുന്നത് കാണാം. ദേവസ്വം ബോര്‍ഡ് കോളേജില്‍ അധ്യാപക ജോലി കിട്ടാതെ വരുമ്പോള്‍ ആനയുമായി കൂപ്പില്‍ പണിക്കുപോകുന്ന അഥവാ വീടുവിട്ടുപോകുന്ന ഉണ്ണിയാണ് അടിവേരുകളിലെ മോഹന്‍ലാല്‍ കഥാപാത്രം.

സംവരണവിരുദ്ധ  രാഷ്ട്രീയത്തെ പ്രത്യക്ഷത്തില്‍ കൈകാര്യം ചെയ്തുകൊണ്ടാണ് 'മയൂഖം' (ഹരിഹരന്‍, 2006) പുതുബ്രാഹ്മണ്യത്തിന്റെ വരവറിയിക്കുന്നത്. അതിലെ നായകന്‍ ഉണ്ണി കേശവന്‍ ജാതി സംവരണത്തിനെതിരെ ചെറുത്തുനിന്നതിന്റ പേരില്‍ ജയില്‍ വാസമനുഷ്ഠിച്ച രക്തസാക്ഷികൂടിയാണ്. വ്യവസ്ഥിതിയോടുള്ള പ്രതിഷേധമെന്ന നിലയിലാണ് ഉണ്ണി കേശവന്‍ വീട് ഉപേക്ഷിക്കുന്നത്. പിന്നീട് ബാല്യകാല സഖിയുടെ 'കൗണ്‍സലിങ്ങിലൂടെ' ഉണ്ണിയുടെ 'ക്ഷുഭിത യൗവ്വനം' ജീവിത്തിലേക്കും സര്‍വ്വോപരി ബ്രാഹ്മണ്യത്തിലേക്കും തിരികെ പ്രവേശിക്കുന്നു. സാംസ്‌കാരികവും ജാതീയവുമായ കെട്ടുപാടുകളും ഓര്‍മ്മയില്‍ പച്ചപിടിച്ചുനില്‍ക്കുന്ന നാട്ടിന്‍ പുറത്തെക്കുറിച്ചുള്ള പരികല്‍പ്പനകളും അമ്മയെയും അമ്പലങ്ങളെയും പറ്റിയുള്ള ആകാംക്ഷകളും 'ശാലീന' സുന്ദരിയായ കാമുകിയെക്കുറിച്ചുള്ള സ്വപ്നങ്ങളും നാഗരിക സംഘര്‍ഷവും പലമാതിരി കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കപ്പെട്ട ആര്യന്‍ (പ്രിയദര്‍ശന്‍)തുടങ്ങിയ ചിത്രങ്ങള്‍ 'വീടുവിട്ടുപോകുന്ന ഉണ്ണി' എന്ന 'ആധുനികതാ ബിംബത്തെ' പ്രത്യയശാസ്ത്രപരമായ മറ്റൊരു ചരിവില്‍ നിര്‍ത്തുന്നു. 

വീടുവിട്ടുപോവുകയും വീട്ടിലേക്ക് തിരികെയെത്തുകയും ചെയ്യുന്ന ഉണ്ണിയെയാണ് ആര്യനില്‍ കാണുന്നത്. തിരികെ എത്തുകയെന്നാല്‍ പാരമ്പര്യത്തിലേക്കും പുതുബ്രാഹ്മണ്യത്തിലേക്കുമുള്ള പുനര്‍പ്രവേശനമാണിവിടെ. 'ആറാം തമ്പുരാന്‍' എന്ന ചിത്രത്തിലെ അനാര്‍ക്കിയായ യുവാവ് നഷ്ടപ്പെട്ട തറവാട് എന്ന വാസ്തുരൂപത്തിലേക്ക്, ആ വാസ്തുരൂപം സാധ്യമാക്കുന്ന എല്ലാത്തരം സാംസ്‌കാരിക അവസ്ഥകളിലേക്കുമാണ് മടങ്ങിയെത്തുന്നത്. വീട്ടിലേക്ക് തിരികെയെത്തുന്ന ഉണ്ണി ഒരു റിവൈവലിസ്റ്റിക് ബിംബമായി തൊണ്ണൂറുകളിലും ഈ ദശകത്തിലും ആവര്‍ത്തിക്കുന്നുണ്ട്. അനില്‍ സംവിധാനം ചെയ്ത 'അടിവേരുകള്‍', സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന 'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്', 'സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം', 'ടി പി ബാലഗോപാലന്‍ എം എ' തുടങ്ങിയ ചിത്രങ്ങള്‍ മധ്യവര്‍ഗ്ഗത്തിന്റെ ജാതീയവും സാമ്പത്തികവുമായ ആകുലതകളെ ഉള്ളടക്കത്തില്‍ തന്നെ ചര്‍ച്ച ചെയ്ത സിനിമകളാണ്.

നാട്ടില്‍ പെരുകിവന്ന തൊഴിലില്ലായ്മയുടെ ഉത്തരവാദികള്‍ വിദ്യഭ്യാസം നേടി മുന്നോട്ടുവന്ന ദളിത്, പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളാണെന്ന തരത്തിലുള്ള സാമാന്യവല്‍ക്കരണങ്ങളിലൂടെ സവര്‍ണ/ഭരണകൂട വ്യവസ്ഥകളെ കുറ്റവിമുക്തമാക്കുകമാത്രമല്ല, ഒരു ജനവിഭാഗത്തിന്റെ 'മുഖ്യധാരാ'പ്രവേശനത്തെ അസഹിഷ്ണുതയോടെ ആവിഷ്‌കരിക്കുകയുമായിരുന്നു ഈ ചലച്ചിത്രങ്ങള്‍. വീടുവിട്ടെറിഞ്ഞുപോകുന്ന വിപ്ലവകാരികളായ 'ഉണ്ണികളും' തൊഴിലന്വേഷിച്ചുപോകുന്ന പ്രാരബ്ധക്കാരായ 'ഉണ്ണികളും', അവരുടെ ക്ഷുഭിത യൗവ്വനവും പ്രേക്ഷകരുടെ അനുഭാവം പിടിച്ചു പറ്റുന്നു. അത് സവര്‍ണ പ്രത്യയശാസ്ത്ര മൂല്യങ്ങള്‍ മനസ്സില്‍ താലോലിക്കുന്ന പ്രേക്ഷകസമൂഹത്തോട് അനായസമായി താദാത്മ്യപ്പെടുന്നു.

PREV
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്