Latest Videos

ക്യാമറക്കണ്ണിലെ ഫിലോസഫി

By Web TeamFirst Published Aug 3, 2020, 6:24 PM IST
Highlights

 ജെ ബിന്ദുരാജ് എഴുതുന്നു: ഫിലോസഫിക്കൽ മാനങ്ങളുള്ള അത്യസാധാരണമായ ഫോട്ടോമൊണ്ടാഷുകളായി ഗിരീഷിന്റെ അൺലീഷിങ് പനോരമാസ് എന്ന ഓൺലൈൻ ഫോട്ടോ മൊണ്ടാഷ് പ്രദർശനം
 

ലോക്ക്ഡൗൺ കാലത്ത് നൈരാശ്യത്തിന്റെയും സാമ്പത്തിക അസ്ഥിരാവസ്ഥകളുടേയും പടുകുഴിയിൽപ്പെട്ട മനുഷ്യർ പലപ്പോഴും ജീവിതത്തെ പുനർവിചിന്തനത്തിനു വിധേയമാക്കുന്ന ഘട്ടത്തിലാണ് ജീവിതത്തെ ഏറെക്കുറെ ഫിലോസഫിക്കലായി വീക്ഷിക്കുന്ന ഈ ഓൺലൈൻ പ്രദർശനം ഗിരീഷ് ഒരുക്കിയതെന്നത് കേവലമായ ഒരു യാദൃച്ഛികതയാകാനിടയില്ല. കാഴ്ചക്കാരനെ പൊള്ളിക്കുന്ന അനുഭവങ്ങളായി മാറ്റുന്നതിൽ അവ ഓരോന്നും വിജയിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. കാഴ്ചയ്ക്കപ്പുറം ഉൾക്കാഴ്ചയുള്ള, അതിസമ്പന്നമായ മാനങ്ങളുള്ള രചനകളായി അവ മാറുന്നു. വായിക്കാനാകുന്ന എഴുത്തുകളാണ് ഗിരീഷിന്റെ ഓരോ ഫോട്ടോമൊണ്ടാഷുകളും.

 

Unleasing Panoramas Photo Montage Exhibition by Gireesh GV


ഗിരീഷിന്റെ ഫോട്ടോ എക്സിബിഷൻ ഓൺ​ലൈനിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം

.............................................................

 

ഒരു മൂഹൂർത്തം എത്രത്തോളം സമ്പന്നമായിരുന്നുവെന്നറിയണമെങ്കിൽ ആ ദൃശ്യം ഏതാനും നിമിഷങ്ങളിലേക്ക് മരവിപ്പിച്ചു നിർത്തിയശേഷം ആ ദൃശ്യത്തിലേക്ക് കണ്ണോടിച്ചാൽ മതിയാകും. യാഥാർത്ഥ്യത്തിന്റെ അപാരമായ ഈ സമ്പന്നതയും അതിനൊപ്പം ചൂഴ്ന്നു കിടക്കുന്ന ദുരൂഹതകളും ആ ദൃശ്യത്തിലേക്ക് കാവ്യാത്മകമായി ചേർത്തുവയ്ക്കുന്ന സൗന്ദര്യവുമാണ് ലോകത്തെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫുകളെ എക്കാലവും ജീവിപ്പിക്കുന്നതാക്കി മാറ്റുന്നത്. അത്തരുണത്തിൽ പരിശോധിക്കുമ്പോഴാണ് ഒരു ഫ്രെയിം ഒരു വികാരവും പിന്നീടൊരിക്കലും ആവർത്തിക്കാനിടയില്ലാത്ത അത്യപൂർവമായ ഒരു ജീവിതചിത്രണവുമായി മാറുന്നത്. വെളിച്ചവും സമയവും മാത്രം അസംസ്‌കൃതവസ്തുക്കളായി രൂപപ്പെടുന്ന ഒരു ചിത്രത്തിൽ യാഥാർത്ഥ്യം ഒരു നിമിഷത്തേയ്‌ക്കെങ്കിലും കാവ്യാത്മകമായ ഒരു ഭാവനയായി മാറുകയാണ്. ഗിരീഷ് ജി വി എന്ന ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം കാണുന്നതിലെല്ലാം കലയെ കവർന്നെടുക്കാനുള്ള ഒരു മനസ്സാണ് നമുക്ക് ആത്യന്തികമായി കാണാനാകുന്നത്. യാഥാർത്ഥ്യത്തെ ഉടച്ചുവാർത്ത് കാൽപനികമായ ചായക്കൂട്ടിലേക്ക് പ്രതിഷ്ഠിക്കുകയാണ് അദ്ദേഹം. സംശയിക്കേണ്ട, എല്ലാവർക്കും കഴിയുന്ന ഒരു സിദ്ധിയല്ല അത്. കണ്ണുകൊണ്ട് കാണുന്നതിനെ ക്യാമറ കൊണ്ട് അപനിർമ്മിച്ച്, ആഴമുള്ള അനുഭവമാക്കി മാറ്റുന്നതിൽ ഒരു ചിത്രകാരന്റെ ഹൃദയമാണ് ഗിരീഷിൽ തുടിക്കുന്നതെന്ന് പറയാതെ വയ്യ.

 

ഗിരീഷ് ജി വി

പരന്ന വായനയും ആഴമുള്ള വികാരങ്ങളും ദൃശ്യമാകുന്ന ഇത്തരം ഫോട്ടോഗ്രാഫുകളെ ഡിപ്ടിക്കുകളും ട്രിപ്ടിക്കുകളുമായി അവതരിപ്പിക്കുമ്പോൾ അവ യഥാർത്ഥത്തിൽ ഒരു കഥയായി പരിണമിക്കും. ഇത്തരത്തിലുള്ള നിരവധി ഫോട്ടോമൊണ്ടാഷുകളുടെ ഒരു പ്രദർശനമാണ് തന്റെ വെബ്‌സൈറ്റിൽ (www.gireeshgv.in/online-show/) ഇതാദ്യമായി ഒരു ചിത്രകാരൻ അവതരിപ്പിച്ചത്. ഒരു ദൃശ്യത്തിന്റെ മൂന്നു ഭാഗങ്ങളെയോ (ട്രിപ്ടിക്) രണ്ടു ഭാഗങ്ങളെയോ (ഡിപ്ടിക്ക്) കൂട്ടിയിണക്കി നിർമ്മിച്ച ഈ മൊണ്ടാഷുകൾ മറ്റ് ഫോട്ടോമൊണ്ടാഷുകളിൽ നിന്നും വേറിട്ടു നിൽക്കുന്നത് അതിനിർമ്മിതികളില്ലാതെ, അത് മനസ്സു നിറയ്ക്കുന്ന ആസ്വാദനം സാധ്യമാക്കുന്നതിനാലാണ്. ഫോട്ടോഷോപ്പിൽ സൃഷ്ടിക്കപ്പെടുന്ന പതിവ് ഡിജിറ്റൽ കലകളിൽ നിന്നും അവയെ വേറിട്ടു നിർത്തുന്നത് ശൈലീപരമായി അവ അവലംബിക്കുന്ന സവിശേഷതകൾ തന്നെയാണ്. Unleasing Panoramas എന്നാണ് ഗിരീഷ് ഈ ഫോട്ടോ മൊണ്ടാഷ് പ്രദർശനത്തിന് പേരു നൽകിയത്. ഹൈദരാബാദിൽ ഫോക് ലോർ സ്റ്റഡീസിൽ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജോളി പുതുശ്ശേരിയുമായി ചേർന്നാണ് ഗിരീഷ് ഈ ഓൺലൈൻ ഷോ ക്യുറേറ്റ് ചെയ്തത്.

 

 Walk,Walking, Walk/Gireesh GV

 

ലോക്ക്ഡൗൺ കാലത്ത് നൈരാശ്യത്തിന്റെയും സാമ്പത്തിക അസ്ഥിരാവസ്ഥകളുടേയും പടുകുഴിയിൽപ്പെട്ട മനുഷ്യർ പലപ്പോഴും ജീവിതത്തെ പുനർവിചിന്തനത്തിനു വിധേയമാക്കുന്ന ഘട്ടത്തിലാണ് ജീവിതത്തെ ഏറെക്കുറെ ഫിലോസഫിക്കലായി വീക്ഷിക്കുന്ന ഈ ഓൺലൈൻ പ്രദർശനം ഗിരീഷ് ഒരുക്കിയതെന്നത് കേവലമായ ഒരു യാദൃച്ഛികതയാകാനിടയില്ല. കാഴ്ചക്കാരനെ പൊള്ളിക്കുന്ന അനുഭവങ്ങളായി മാറ്റുന്നതിൽ അവ ഓരോന്നും വിജയിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. കാഴ്ചയ്ക്കപ്പുറം ഉൾക്കാഴ്ചയുള്ള, അതിസമ്പന്നമായ മാനങ്ങളുള്ള രചനകളായി അവ മാറുന്നു. വായിക്കാനാകുന്ന എഴുത്തുകളാണ് ഗിരീഷിന്റെ ഓരോ ഫോട്ടോമൊണ്ടാഷുകളും.  Walk,Walking, Walk എന്ന ട്രിപ്ടിക്കു തന്നെ നോക്കൂ. മനുഷ്യന്റെ ഭ്രാന്തമായ തിരക്കുകളെ ഒരു നടനവേദിയിലെ നൃത്തചലനങ്ങളെപ്പോലെ കാവ്യാത്മകമായാണ് ഗിരീഷ് അവതരിപ്പിച്ചിരിക്കുന്നത്. ഷേക്‌സ്പീരിയൻ ജീനിയസ് പ്രകടമാക്കുന്ന ഒരു മൊണ്ടാഷാണ് അതെന്ന് പറയാതിരിക്കാനാവില്ല. Life's but a walking shadow, a poor player
That struts and frets his hour upon the stage, And then is heard no more. It is a tale Told by an idiot, full of sound and fury,Signifying nothing. ജീവിതത്തിന്റെ വൃർത്ഥതയെപ്പറ്റിയും അയാഥാർത്ഥതയെപ്പറ്റിയും മക്‌ബെത്തിൽ കഥാനായകൻ പറയുന്ന ആ വാക്കുകൾ ആ ചിത്രം കാണുമ്പോൾ ഓർത്തുപോകാത്തവരുണ്ടാകില്ല. ഭ്രാന്തമായ തിരക്കുകളിൽ നിന്നകന്ന്, ഒരു സന്ന്യാസിയുടെ മൗനവൽമീകത്തിലേക്ക് ഒരൊറ്റ ഫോട്ടോമൊണ്ടാഷിലൂടെ കാഴ്ചക്കാരനെ തിരിച്ചുനടത്താൻ ഗിരീഷിന് ആ മൊണ്ടാഷിലൂടെ കഴിയുന്നുണ്ട്.

 

Navigation/Gireesh GV

 

ഫിലോസഫിക്കലായി ജീവിതത്തെ കാണുന്ന മറ്റൊരു ഇമേജാണ് നാവിഗേഷൻ. ഒരു റമദാൻ കാലത്ത് ദൽഹിയിലെ ജുമാമസ്ദിൽ കാത്തു നിന്നിരുന്ന ഫോട്ടോഗ്രാഫർ മാർബിൾ ചുവരിലൂടെ നടന്നുപോകുന്ന ഒരു ഉറുമ്പിനെയാണ് തന്റെ ചിത്രത്തിലേക്ക് ആവാഹിച്ചെടുത്തത്. പലവർണങ്ങളിലുള്ള ആ പ്രതലം അഭൗമമായ ഏതോ ഒരു തലത്തിലേക്ക് എത്തിക്കുകയാണ് തന്റെ ഫോട്ടോമൊണ്ടാഷിൽ ഗിരീഷ് ജി വി. മടുപ്പുളവാകാതെ, പ്രതീക്ഷ മാത്രം മുൻനിർത്തിക്കൊണ്ട് ഭക്ഷണത്തിനായുള്ള അന്വേഷണം നടത്തുന്ന ആ ഉറുമ്പിനെ തന്റെ ജീവിതതതോട് ചേർത്തുവായിക്കുകയാണ് ചിത്രകാരൻ കൂടിയായ ഗിരീഷ്. ഉറുമ്പുകളെപ്പോലെ താനും ചില തെരയലുകളിലാണെങ്കിലും പലപ്പോഴും ആ തെരച്ചിലുകൾ നൈരാശ്യത്തിലേക്കാണ് തന്നെ കൊണ്ടെത്തിക്കാറുള്ളതെന്ന് ഗിരീഷ് പറയുന്നു. പക്ഷേ എത്ര തെരഞ്ഞാലും നൈരാശ്യത്തിലേക്ക് വീഴാതെ തെരഞ്ഞുകൊണ്ടിരിക്കുന്ന ഉറുമ്പുകളിൽ നിന്നും പുതിയൊരു ഉണർവ് ഉൾക്കൊള്ളുകയാണ് രചയിതാവ്. ചുവപ്പും കറുപ്പും വെളുപ്പുമൊക്കെ ഇടകലരുന്ന ആ പ്രതലത്തിൽ തെരച്ചിൽ നടത്തുന്ന ഉറുമ്പ് പ്രതീക്ഷയുടെ മഹാസ്തൂപമായിപ്പോലും മാറുന്നുണ്ട്.

Dialogues/Gireesh GV

 

ഡയലോഗ്‌സ് എന്ന ചിത്രം കാണുക. ഒരേ സമയത്തുള്ള രണ്ട് മരവിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ എങ്ങനെയാണ് വാചാലമാകുന്നതെന്ന് അത് പറഞ്ഞുതരും. കറുത്ത നിഴൽ രൂപങ്ങളുടെ പശ്ചാത്തലത്തിൽ കടൽ പോലെ വികസിക്കുകയാണ് വാക്കുകൾ. സംവാദാത്മകതയുടെ പൊരുളും പൊരുത്തക്കേടുകളും ഒരു നിമിഷത്തെ നിമിഷാർദ്ധത്തിൽ നിലച്ചുപോകുന്ന വാക്കുകളുടെ ശൂന്യതയും ഒരു ബിംബകൽപനപോലെ സുന്ദരമാക്കിയിരിക്കുകയാണ് ജി വി.

 

Born to die/ Gireesh GV

 

Born to die എന്ന മൊണ്ടാഷ് എന്നെ പിടിച്ചുലയ്ക്കുക തന്നെ ചെയ്തു. ലോക്ഡൗൺ കാലത്ത് തന്റെ വീട്ടിലെ താൽക്കാലിക സ്റ്റുഡിയോയിലിരുന്നുകൊണ്ട് പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ അയൽ വസതിയുടെ എയർ കണ്ടീഷണറിനു താഴെ ജനിക്കുകയും പൂവിടുകയും മരിക്കുകയും ചെയ്ത ഒരു ചെടിയെയാണ് ഗിരീഷ് ട്രിപ്ടിക്കിന് വിധേയമാക്കുന്നത്. ജീവിതത്തിന്റെ നിസ്സാരതയെ, നമുക്കു മുകളിൽ ഉയർന്നുനിൽക്കുന്ന യന്ത്രഭീകരതയെ എത്ര ഉൾക്കരുത്തോടെയാണ് ഗിരീഷ് ആവിഷ്‌ക്കരിച്ചതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. യന്ത്രത്തിന്റെ കാലദൈർഘ്യം വച്ചുനോക്കുമ്പോൾ അതിന്റെ വിലക്ഷണമായ ജീവിതത്തേക്കാൾ എത്രയോ മെച്ചപ്പെട്ടതാണ് കേവലം 42 ദിവസങ്ങൾ മാത്രം ജീവിച്ചു മരിക്കുന്ന ജീവസുറ്റ ഒരു വസ്തുവെന്ന് ചിത്രകാരൻ പറഞ്ഞു തരുന്നു. ജയിലഴികളെന്ന പോലെ ചൂഴ്ന്നു നിൽക്കുന്ന നിഴലുകളാകട്ടെ ലോക്ക്ഡൗണിൽ അകപ്പെട്ട ജീവിതത്തിന്റെ പുറംകാഴ്ചയിലേക്കുള്ള വിചിത്രമായ ഒരു നോട്ടവുമായി മാറുന്നു.

Windows at midnight/ Gireesh GV

 

Windows at midnight ആശ്ചര്യവും വിസ്മയവും നമ്മളിലുണർത്തും. ഒരു ആകാശത്തെന്നപോലെ ഇരുട്ടിൽ തെളിഞ്ഞ അഞ്ച് ജാലകങ്ങൾ. വേറിട്ടു കിടക്കുന്ന ഭ്രാന്തമായ ഫിലിമുകളെപ്പോലെ തോന്നിപ്പിക്കുന്നു അത്. ഏതോ നഗരകേന്ദ്രത്തിൽ തന്നെ ഒരു അർദ്ധരാത്രിയിൽ വല്ലാതെ അസ്വസ്ഥമാക്കിയ ജാലകങ്ങളായിരുന്നു അവയെന്ന് ഗിരീഷ് പറയുന്നു. ജാലകത്തിൽ നിന്നുള്ള കടുത്ത വെളിച്ചവും ഉച്ചസ്ഥായിയിലുള്ള സംഗീതവും ഉറക്കത്തെ നശിപ്പിച്ചതെങ്ങനെയെന്ന് ഗിരീഷ് ഓർക്കുന്നു. വാൻഗോഗ് ചിത്രങ്ങളിലെ ജാലകങ്ങളെപ്പോലെ, അസ്വാസ്ഥ്യത്തിന്റെ അസ്പർശ്യമായ ഒരു വായനയായി അത് രൂപാന്തരപ്പെടുന്നു. ജാലകങ്ങളുടെ ശബ്ദവീചി പോലെയുള്ള ചലനങ്ങൾ പോലും എത്ര അനായാസതയോടെയാണ് ഗിരീഷ് പകരുന്നതെന്നു നോക്കൂ.

 

Inclusion-Exclusion/ Gireesh GV

 

Inclusion-Exclusion എന്ന രചന അതിതീവ്രമായ ഒരു അനുഭവവായനയാണ്. സുഹൃത്തിനായി ഒരു വീട് തെരഞ്ഞുകൊണ്ട് ആന്ധ്രയിലെ ഗുണ്ടൂരിലൂടെ നടത്തിയ യാത്രയിലാണ് ആ വഴികൾ ഗിരീഷിന്റെ കണ്ണിൽപ്പെടുന്നത്. ആ നിരത്തിൽ കണ്ട കറുത്ത നായയിൽപ്പോലും തന്റെ ക്രാഫ്റ്റ് കണ്ടെത്തുന്നുണ്ട് ഗിരീഷ്. പാതകളെ ചില ജ്യാമിതീയ രൂപങ്ങളാക്കി മാറ്റിക്കൊണ്ട്, എങ്ങോട്ടെന്നില്ലാത്ത, ഉത്തരം കിട്ടാത്ത ഒരു ഫോർമുലയാക്കി മാറ്റുകയാണ് ജീവിതത്തെ ഇവിടെ കലാകാരൻ. വൈദ്യുതലൈനുകളുടെ ആ കൂടിച്ചേരൽ പോലും എത്ര അർത്ഥവത്തായാണ് നായജീവിതത്തെ വരച്ചിടുന്നതെന്ന് നോക്കുക. മനുഷ്യന്റെ നായജീവിതം!

 

U turn/Gireesh GV

 

ജീവിതത്തിൽ താൻ നേരിടുന്ന അവസ്ഥകളെ താനെടുക്കുന്ന ചിത്രങ്ങളുമായി ചേർത്തുവയ്ക്കുന്നത് ഗിരീഷിന്റെ ചിത്രങ്ങളുടെ ചില മുദ്രകളായി മാറുന്നുണ്ട്. മേഘങ്ങളും അലക്ഷ്യഗമനങ്ങളും കാർമേഘങ്ങളുമൊക്കെ മനസ്സിന്റെ ആ വിഹ്വലതകൾ തന്നെയാണ് അടയാളപ്പെടുത്തുന്നത്. നിരാശാഭരിതമായ വരികളായി മാറുന്നു ചിലപ്പോഴെങ്കിലും അവ. ലോക്ക്ഡൗൺ കാലത്തെടുത്ത, അതിഥി തൊഴിലാളികളുടെ പലായനത്തെ യു-ടേൺ എന്ന ഫോട്ടോമൊണ്ടാഷിലൂടെയാണ് ഗിരീഷ് ആവിഷ്‌ക്കരിക്കുന്നത്. ദൽഹിയിലെ ബഹദൂർഷാ സഫർ മാർഗിലാണ് ഗുരുഗ്രാമിൽ നിന്നും പാനിപ്പട്ടിലേക്ക് നടക്കുന്ന കുട്ടികളടങ്ങിയ ഏഴംഗ കുടുംബത്തെ ഗിരീഷ് കാണുന്നത്. കൈക്കുഞ്ഞുങ്ങളും ഭാണ്ഡങ്ങളുമൊക്കെയായുള്ള ഈ യാത്രയിൽ നിരാശാഭരിതനായ ഒരു സഹയാത്രികനായ കലാകാരനെ കണ്ണീരു നിറഞ്ഞ കാഴ്ചയിലൂടെ മാത്രമേ ഒരാൾക്ക് കാണാനാകുകയുള്ളു.

 

Yellow taxi/Gireesh GV

 

യെല്ലോ ടാക്‌സി പതിനാറു വർഷങ്ങൾക്കുശേഷം കൊൽക്കത്ത സന്ദർശിക്കുന്ന ചിത്രകാരന്റെ വിസ്മയമാണ് മൂന്നു ഫ്രെയിമുകളിലൂടെ ആവിഷ്‌ക്കരിക്കുന്നത്. നിയോൺ നിലാവിൽ കുളിച്ചു നിൽക്കുന്ന നഗരത്തെ ബാലചന്ദ്രൻ ചുള്ളിക്കാട് വൈദ്യുതാലിംഗനമെന്ന് വിശേഷിപ്പിച്ചതോർമ്മ വരുന്നു. ഒരു പെയിന്റിങ്ങുപോലെ തന്നെ മനോഹരമായി മാറുന്നുണ്ട് ആ രചന.

 

Routine Jaw exercise/Gireesh GV

 

Routine Jaw exercise കോർപ്പറേറ്റ് ഓഫീസിന്റെ പശ്ചാത്തലത്തിലുള്ള കൃത്രിമഭാഷണങ്ങളെ കമനീമായി അലങ്കരിച്ച കസേരകളും നിഴലുകളും ചേരുന്ന ലോകവുമായി ഉപമിക്കുകയാണ് ചിത്രകാരൻ. ആധുനികലോകത്തിന്റെ കാപട്യങ്ങൾക്കുനേരെ മുഖം തിരിച്ചു നിൽക്കാൻ വെമ്പുന്ന ഒരാളെയാണ് ആ ഡിപ്ടിക്കിൽ വായിച്ചെടുക്കാനാകുന്നത്.

ഒരു കണ്ണീർത്തുള്ളിയിൽ ഒരു കടലിനെ കണ്ടെത്താൻ ശേഷിയുള്ളവരാണ് നല്ല കലാകാരന്മാരെന്ന് നമുക്കറിയാം. വലിയ സത്യങ്ങളെ തേടിയുള്ള ഏതൊരു യാത്രയും ചെറിയ ദൃശ്യങ്ങളിൽ നിന്നും മുഹൂർത്തങ്ങളിൽ നിന്നുമാണ് ആരംഭിക്കുന്നതെന്ന കാര്യത്തിലും സംശയമില്ല. ഫിലോസഫിക്കൽ മാനങ്ങളുള്ള അത്യസാധാരണമായ ഫോട്ടോമൊണ്ടാഷുകളായി ഗിരീഷിന്റെ അൺലീഷിങ് പനോരമാസ് എന്ന ഫോട്ടോ മൊണ്ടാഷ് പ്രദർശനം മാറിയെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ജീവിതം ഇവിടെ വാക്കുകൾക്ക് അതീതമായ ഒരു വായനയായി മാറുന്നു.

ഗിരീഷിന്റെ ഫോട്ടോ എക്സിബിഷൻ ഓൺ​ലൈനിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം

click me!