നിത്യഹരിത നായകന്‍ എന്നത് ഒരു വിമര്‍ശനമാണ്, കുറഞ്ഞപക്ഷം അഭിനയ കലയെ സംബന്ധിച്ചെങ്കിലും. ശരീരത്തിന്റെ അതികാല്പനികതയായിരുന്നു പ്രേം നസീര്‍. കഥാപാത്രങ്ങള്‍ അയാളുടെ ഉടലിലൂടെ കയറിയിറങ്ങിപ്പോയി. വിഗ്രഹവല്‍ക്കരിക്കപ്പെട്ട നസീറിന്റെ താരശരീരം ഒരു കഥാപാത്രങ്ങളിലേയ്ക്കും പരകായം ചെയ്യുകയുണ്ടായില്ല. ഭ്രാന്തന്‍ വേലായുധന്‍പോലും നസീറിന്റെ ശരീരത്തെ ബാധിച്ചൊഴിഞ്ഞ ഒരഭിനയഭ്രമം മാത്രമായിരുന്നോ? പ്രണയത്താല്‍ പെണ്ണുടലുകളാല്‍ ഭ്രമണം ചെയ്യപ്പെട്ട ലീലാലോലുപനായ ഒരാണിനെ നസീറിലൂടെ സാക്ഷാത്കരിക്കുകയായിരുന്നു മലയാളസിനിമ. ഋതുഭേദങ്ങള്‍ തീണ്ടാത്ത ശിലാമയനായി,  നിത്യവസന്തമായി മലയാളസിനിമയുടെ ആണ്‍ഭാവന നസീറില്‍ താല്‍ക്കാലികമായി അഭയം തേടി.

 

പളനിയായും പരീക്കുട്ടിയായും പലതരം കൊച്ചുമുതലാളിമാരായും തൊഴിലാളിയായും  മുടിയനായ പുത്രനായും കമ്യൂണിസ്റ്റായും കള്ളനായും കള്ളക്കടത്തുകാരനായും കുറ്റാന്വേഷകനായും മലയാള സിനിമയിലെ ആണ്‍ ശരീരങ്ങള്‍ അവരുടെ അസ്ഥിത്വം തേടുകയായിരുന്നു. തിക്കുറിശ്ശി സുകുമാരന്‍നായര്‍, സത്യന്‍, പ്രേം നസീര്‍, മധു, അടൂര്‍ഭാസി, കെ പി ഉമ്മര്‍, ജയന്‍, ജോസ്പ്രകാശ് എന്നിങ്ങനെ ഒരിടത്തും ഉറയ്ക്കാതെ ആണത്ത കാമനകള്‍ വാര്‍പ്പുരൂപങ്ങളിലും ആദിരൂപങ്ങളിലും അലഞ്ഞുകൊണ്ടിരുന്നു.

കടവിലും തെരുവിലും കൃഷിയിടത്തിലും ഒരുമിച്ച് പണിയെടുക്കുന്ന സഹശരീരത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു സത്യന്‍. പപ്പുവിലും പളനിയിലും കലര്‍ന്നുകണ്ട പ്രേക്ഷക ഭൂരിപക്ഷത്തിന്റെ ശരീര ഭാവങ്ങള്‍ അവരുമായി താദാത്മ്യം പ്രാപിച്ചു. സത്യന്റെ ശരീര ഭാഷയ്ക്ക് നിഷേധിയുടെ ഛായയുണ്ടായിരുന്നു. റിക്ഷാക്കാരന്‍, കര്‍ഷകത്തൊഴിലാളി, മുതലാളി, പ്രൊഫസര്‍, കമ്യൂണിസ്റ്റ്്, കാമുകന്‍, ഭര്‍ത്താവ് എന്നിങ്ങനെ പലതായി പകര്‍ന്നാടുമ്പോഴും സത്യന്റെ താരശരീരത്തില്‍ അജ്ഞാതനായ ഒരു റിബല്‍ കുടിപാര്‍ത്തു. നില്‍പ്പോ ഇരിപ്പോ ഉറപ്പിക്കാനാവാതെ ഉഴറിയ ശരീരനില. സ്വന്തം കായബലത്തിലും അധ്വാനത്തിലും വിശ്വാസമര്‍പ്പിക്കുമ്പോഴും പളനിയുടെ (ചെമ്മീന്‍) അനാഥത്വം ആ താരവ്യക്തിത്വത്തെ ചൂഴുന്നു. പ്രക്ഷുബ്ധമായ കടലില്‍ ഒറ്റയ്ക്ക് വള്ളമിറക്കിയ സ്രാവുവേട്ടക്കാരന്റെ സാഹസികവും അരക്ഷിതവുമായ ശരീരനില സത്യന്റെ ഓരോ കഥാപാത്രത്തിന്റെയും മനോനിലകൂടിയായിരുന്നു. കഥാപാത്രങ്ങളുടെ നടുക്കടലില്‍ നഷ്ടപ്പെട്ട താരശരീരം. അതുകൊണ്ടുകൂടിയാവണം സത്യന്‍ ഒരു താരമായി ആഘോഷിക്കപ്പെട്ടില്ല. അയാള്‍ ജീവന്‍ നല്‍കിയ കഥാപാത്രങ്ങളിലൂടെ അറിയപ്പെട്ടു.

 

...........................................................

Read more: പളനിക്കെന്താണ് സംഭവിച്ചത്;  ചെമ്മീന്‍: ഒരു അപസര്‍പ്പക വായന

സത്യന്‍

 

നിത്യഹരിത നായകന്‍ എന്നത് ഒരു വിമര്‍ശനമാണ്, കുറഞ്ഞപക്ഷം അഭിനയ കലയെ സംബന്ധിച്ചെങ്കിലും. ശരീരത്തിന്റെ അതികാല്പനികതയായിരുന്നു പ്രേം നസീര്‍. കഥാപാത്രങ്ങള്‍ അയാളുടെ ഉടലിലൂടെ കയറിയിറങ്ങിപ്പോയി. വിഗ്രഹവല്‍ക്കരിക്കപ്പെട്ട നസീറിന്റെ താരശരീരം ഒരു കഥാപാത്രങ്ങളിലേയ്ക്കും പരകായം ചെയ്യുകയുണ്ടായില്ല. ഭ്രാന്തന്‍ വേലായുധന്‍പോലും നസീറിന്റെ ശരീരത്തെ ബാധിച്ചൊഴിഞ്ഞ ഒരഭിനയഭ്രമം മാത്രമായിരുന്നോ? പ്രണയത്താല്‍ പെണ്ണുടലുകളാല്‍ ഭ്രമണം ചെയ്യപ്പെട്ട ലീലാലോലുപനായ ഒരാണിനെ നസീറിലൂടെ സാക്ഷാത്കരിക്കുകയായിരുന്നു മലയാളസിനിമ. ഋതുഭേദങ്ങള്‍ തീണ്ടാത്ത ശിലാമയനായി,  നിത്യവസന്തമായി മലയാളസിനിമയുടെ ആണ്‍ഭാവന നസീറില്‍ താല്‍ക്കാലികമായി അഭയം തേടി.

തിയേറ്ററുകള്‍ വൃന്ദാവനങ്ങളായി, നസീര്‍ പ്രണയത്തിന്റെ ആദിരൂപവും. പ്രമേയത്തിന്റെ ഭാരമില്ലാതെ നസീര്‍ കഥാപാത്രങ്ങള്‍ പ്രേക്ഷക വ്യാമോഹങ്ങളിലേയ്ക്ക് നേരിട്ട് പ്രവേശിച്ചു. ഒരു കാലഘട്ടത്തിലെ പ്രണയത്തിന്റെ മുഖവും ഉടല്‍വടിവും വസ്ത്രാലങ്കാരവുമായി നസീര്‍. ഈ ആട്ടപ്രകാരത്തില്‍, ആദിരൂപങ്ങളുടെ അഴിഞ്ഞാട്ടങ്ങളില്‍ നസീറിന്റെ കൃഷ്ണ പക്ഷത്തിനെതിരെ പലമാതിരി ദുര്യോദന- ദുശാസനവേഷങ്ങളില്‍ വെള്ളിത്തിരയുടെ അരികുകളെ പ്രലോഭിപ്പിച്ച നടനായിരുന്നു ഉമ്മര്‍. പുരുഷ കാമനയുടെ ലാവണ്യ ശരീരബോധങ്ങളെ പ്രകോപിപ്പിച്ചും പ്രലോഭിപ്പിച്ചും കടന്നുപോയ 'സുന്ദരവില്ലന്‍'. നസീര്‍ അരികുകളെ സ്പര്‍ശിച്ചില്ല, സമൂഹസദാചാരത്തിന് അഹിതമായൊതൊന്നും ചെയ്തില്ല; അഭിനയത്തില്‍പ്പോലും.  

തരള കാമനയിലും ബഹിഷ്‌കൃത യൗവ്വനത്തിലും പകര്‍ന്നാടിയ മധുവിന്റെ താരവ്യക്തിത്വം ശുഭാന്ത്യങ്ങളുടെ ആനുകൂല്യങ്ങള്‍ പറ്റിയില്ല. അതിനാല്‍ മധു എന്ന താരശരീരം ആണത്ത കാമനകളുടെ ഇടറിയതും ശിഥിലവുമായ രൂപങ്ങളില്‍ ശകലിതമായി നിലകൊണ്ടു. ഒരു കഥാപാത്രത്തിന് പ്രവേശിച്ച് നില്‍ക്കാന്‍ അതിലപ്പുറം ഒരു ശരീരം സാധ്യമല്ലന്ന് തോന്നിപ്പിക്കുംവിധം മധുവിന്റെ താരശരീരം പാത്രശരീരമായി. കഥാപാത്രങ്ങള്‍ക്കായി  സ്വയം വിട്ടുകൊടുക്കുന്നതരം നാട്യവൈദഗ്ധ്യം മധുവിനെ വ്യത്യസ്തനാക്കി.   

 

............................................................

Read more: ഓരോരോ ജയകൃഷ്ണന്‍മാര്‍, അവരുടെ ഉള്ളിലെ ക്ലാരമാര്‍...! 

മധു

 

അഭിനയത്തില്‍ നിന്ന് അവതാരത്തിലേയ്ക്ക്

പലമാതിരി ഒഴുകിയ മലയാള സിനിമയിലെ ആണുടലുകള്‍ ഒറ്റ ലക്ഷ്യത്തിലേയ്ക്ക് കേന്ദ്രീകരിക്കുന്നത് അറുപതുകളിലും എഴുപതുകളിലുമാണ്. മലയാളത്തിന്റെ സിനിമാ ഫാക്ടറികളായിരുന്ന മെരിലാന്റില്‍ നിന്നും ഉദയയില്‍ നിന്നും വടക്കന്‍പാട്ട് വീരചരിതങ്ങളും പുരാണ ഭക്ത കഥനങ്ങളും അടിക്കടി പുറത്തുവന്നു. പല നാട്ടുവഴക്കങ്ങളില്‍ വിപുലവും ശകലിതവുമായി കിടന്നിരുന്ന മലയാളിയ്ക്ക് ഒരു പൊതു ഭൂതകാലമോ ചരിത്രമോ നിര്‍മ്മിക്കാനുള്ള യത്‌നങ്ങളായിരുന്നു ഈ വീര ചലച്ചിത്രങ്ങള്‍. മെരിലാന്റില്‍ നിന്ന് പി സുബ്രഹ്മണ്യത്തിന്റെ നിര്‍മ്മാണത്തില്‍ അന്തോണി മിത്രദാസ് സംവിധാനം ചെയ്ത ഹരിശ്ചന്ദ്ര (1955) പുറത്തുവന്നതിന് ശേഷം പ്രധാന സിനിമാ നിര്‍മ്മാണ സ്റ്റുഡിയോ ആയിരുന്ന ഉദയയില്‍ നിന്നും സീത (കുഞ്ചാക്കോ, 1960) പുറത്തുവരുന്നു. തുടര്‍ന്ന് 1961ല്‍ പി.സുബ്രഹ്മണ്യത്തിന്റെ സംവിധാനത്തില്‍ മെരിലാന്റില്‍ നിന്നും ഭക്തകുചേലയും ശ്രീരാമ പട്ടാഭിഷേകവും (1962) ഉദയയില്‍ നിന്ന് കൃഷ്ണകുചേലയും പുറത്തുവന്നു.

അമ്മ ദൈവങ്ങളും തെയ്യങ്ങളും ചാത്തനും കുട്ടിച്ചാത്തനും കരിങ്കുട്ടിച്ചാത്തനും കരിമാടിക്കുട്ടനും കടുത്തയും കൊച്ചുകടുത്തയുമായി പരശതം ദേവതാസങ്കല്‍പ്പങ്ങളുടെ വൈവിധ്യങ്ങളെ പൊതു ഹിന്ദുഭൂതകാലത്തിലും അതിന്റെ പുരാണപാരമ്പര്യത്തിലും ദേവതാ സങ്കല്‍പ്പത്തിലും കണ്ണിചേര്‍ക്കുകയായിരുന്നു ചലച്ചിത്രങ്ങള്‍. അങ്ങനെ പ്രഹ്ളാദനും ഭക്തകുചേലനും രാമനും സീതാ ശകുന്തളമാരും മധ്യവര്‍ഗ്ഗ ആത്മീയതയെ ഉദ്ദീപിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന പൊതു ബിംബങ്ങളായി.

ആദ്യകാല ഭക്ത സിനിമകളില്‍ ഒന്നായ ഭക്തകുചേലയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത് മലയാളികളായിരുന്നില്ല. കുചേലനായി സി എസ് ആര്‍ ആഞ്ജനേയലുവും  ശ്രീകൃഷ്ണനായി കാന്തറാവും വേഷമിട്ടപ്പോള്‍ തിക്കുറിശ്ശി സുകുമാരന്‍നായര്‍ കംസനായിരുന്നു. നസീറിന്റെ വരവോടെ ദൈവങ്ങള്‍ മലയാളി ആണുടലിലേയ്ക്ക് പ്രവേശിക്കുന്നു. സീതയിലും ശ്രീരാമ പട്ടാഭിഷേകത്തിലും പുരുഷോത്തമനായ ശ്രീരാമനായി പ്രേം നസീര്‍ ഉടല്‍പൂണ്ടു. കൃഷ്ണ കുചേലയില്‍ മുത്തയ്യ കുചേലനായപ്പോള്‍ ആശ്രിത വത്സലനായ ശ്രീകൃഷ്ണനായി നസീര്‍ അവതരിച്ചു. മലയാളി പുരുഷകാമന ആ ഉടലില്‍ കണ്ണാടി കണ്ടു. പുരുഷലൈംഗികതയുടെ സ്‌ത്രൈണപക്ഷത്ത് സദാചാരഭദ്രമായി നിലകൊണ്ട താരശരീരമായിരുന്നു നസീര്‍. ഒരാദര്‍ശ ലിംഗപദവി നസീര്‍ കഥാപാത്രങ്ങള്‍ എപ്പോഴും കയ്യാളിയിരുന്നു.

 

...........................................................

Read more: തകഴിയും ബഷീറും; പ്രണയത്തിന്റെ പ്രതിസന്ധികള്‍

പ്രേം നസീര്‍

 

ആണത്തത്തിന്റെ കളരി

ആണത്തത്തെ ആലേഖനം ചെയ്ത മാധ്യമമായി ശരീരത്തെ ആവിഷ്‌കരിക്കാന്‍ വടക്കാന്‍പാട്ടുകളോളം മികച്ച പുരാവൃത്തങ്ങളില്ല. ദൈവിക പരിവേഷമല്ല, കായബലത്തില്‍ അധിഷ്ഠിതമായ വീരപദവിയാണ് നാടോടി പുരാവൃത്തങ്ങളിലെ യോദ്ധാക്കളുടേത്. കേരളത്തെ പൊതുവില്‍ ഒറ്റദേശീയതയായി സങ്കല്‍പ്പിക്കുകയായിരുന്നു  വടക്കന്‍പാട്ട് ചിത്രങ്ങള്‍. വടക്കേമലബാറിന്റെ നാടോടി ഭൂമികയില്‍ നിന്നും അടര്‍ത്തിയെടുത്ത വടക്കന്‍പാട്ടുകളെ കേരളത്തിന്റെ വീരകഥകളാക്കിത്തീര്‍ക്കുന്നതില്‍ ചലച്ചിത്രങ്ങള്‍ വലിയ പങ്ക് വഹിച്ചു. യൂറോപ്യന്‍ ദേശീയതകള്‍ ഗ്രീസിലെ ക്ലാസിക് പാരമ്പര്യത്തെ തങ്ങളുടെ അതീത ഭൂതകാലവുമായി ബന്ധിപ്പിക്കുന്നതുപോലെ വടക്കന്‍ പാട്ടുകളെ കേരളത്തിന്റെ പൊതു പാരമ്പര്യമാക്കി മാറ്റാന്‍ സിനിമകള്‍ക്ക് കഴിഞ്ഞു. പുരാവൃത്തങ്ങളിലെ വീര-വീരാംഗനമാര്‍ താരശരീരങ്ങളില്‍ പുനര്‍ജ്ജനിച്ചു. നാടോടിഭാവനകള്‍ക്ക് ഉടലും ഉടയാടയും നല്‍കുകയായിരുന്നു ചലച്ചിത്രങ്ങള്‍.

നസീറും രാഗിണിയും സത്യനും പ്രധാന വേഷങ്ങളിലെത്തിയ ഉണ്ണിയാര്‍ച്ച (കുഞ്ചാക്കോ, 1961)യിലാണ് വടക്കന്‍പാട്ടിന്റെ വീര സാഹസിക ആഖ്യാനങ്ങള്‍ ആരംഭിക്കുന്നത്. പാലാട്ടു കോമനില്‍ (കുഞ്ചാക്കോ, 1962) സത്യന്‍ ആയിരുന്നു പ്രധാന വേഷം. സത്യനും മധുവും പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് തച്ചോളി ഒതേനന്‍ (എസ് എസ് രാജന്‍, 1964). ആരോമലുണ്ണിയില്‍ (കുഞ്ചാക്കോ 1972) പ്രേം നസീര്‍ ആരോമലുണ്ണിയായും കുഞ്ഞിരാമനായും ഇരട്ടവേഷം ആടി. കണ്ണപ്പനുണ്ണിയായി രവിചന്ദ്രനും കണ്ണപ്പ ചേകവരായി തിക്കുറിശ്ശി സുകുമാരന്‍ നായരും തമ്പിക്കുട്ടിയായി കെ പി ഉമ്മറും വേഷമിട്ടു. തച്ചോളി അമ്പുവില്‍ (നവോദയ അപ്പച്ചന്‍, 1978) നസീറിനും ജയനും ഒപ്പം ശിവാജി ഗണേശനും അഭിനയിച്ചു. പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത തച്ചോളി മരുമകന്‍ചന്തുവില്‍ (1974) നസീറും  ജയഭാരതിയമായിരുന്നു താരങ്ങള്‍. തുമ്പോലാര്‍ച്ചയിലും (കുഞ്ചാക്കോ, 1974) കണ്ണപ്പനുണ്ണിയിലും (കുഞ്ചാക്കോ 1977) നസീറും ഷീലയും ഉമ്മറും തന്നെയായിരുന്നു പ്രധാന താരങ്ങള്‍. നവോദയ അപ്പച്ചന്‍ സംവിധാനം ചെയ്ത കടത്തനാട്ട് മാക്കത്തില്‍ (1978) നസീര്‍, ജയഭാരതി, ജയന്‍, ഷീല എന്നീ താരജോഡികള്‍ അഭിനയിച്ചു.

ആരോമലുണ്ണി, കണ്ണപ്പനുണ്ണി, പാലാട്ടു കോമന്‍,തച്ചോളി ഒതേനന്‍, തച്ചോളി ചന്തു, അമ്പാടി, ഉണ്ണിയാര്‍ച്ച, തുമ്പോലാര്‍ച്ച, കടത്തനാട്ട് മാക്കം, പാലാട്ട് കുഞ്ഞിക്കണ്ണന്‍ തുടങ്ങിയ പ്രാദേശിക യോദ്ധാക്കള്‍ താരശരീരം പൂണ്ടുവന്നു. അങ്ങനെ നമുക്കും വീരന്‍മാരുണ്ടായി. അവര്‍ കേരളത്തിന്റെ 'പൊതു'വീര, ലാവണ്യ ശരീരങ്ങളായി. പുരുഷന്റെ സൗന്ദര്യത്തിനും കരുത്തിന് പരഭാഗശോഭ പകരുന്ന 'അഴക്' മൂല്യമാണ് വീരാംഗനമാര്‍ക്കുണ്ടായിരുന്നത്. വടക്കന്‍ പാട്ട് സിനിമയിലൂടനീളം ഈ ഉടല്‍ നിലകളാണ് ആവര്‍ത്തിച്ചത് കൊന്നമരം പൂത്തുലഞ്ഞ, കുന്നത്ത് സൂര്യനായുദിച്ച, ശംഖ് കടഞ്ഞെടുത്ത, മാറത്ത് പോര്‍ച്ചുണങ്ങുള്ള വീര യോദ്ധാക്കള്‍ മലയാളി ആണ്‍ കാമനയുടെ സാഹസിക ബിംബങ്ങളായി. ആ അര്‍ത്ഥത്തില്‍ മലയാള സിനിമയിലെ ആണത്ത നിര്‍മ്മിതിയുടെ കളരിയായിരുന്നു വടക്കന്‍പാട്ട് സിനിമകള്‍.