1976ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് 'കബനീനദി ചുവന്നപ്പോള്‍' കരസ്ഥമാക്കി. ഏറ്റവും നല്ല സംവിധായകനുള്ള അവാര്‍ഡ് പി എ ബക്കറിനും ലഭിച്ചു. കെ കരുണാകരനായിരുന്നു അന്നത്തെ സാംസ്‌കാരിക മന്ത്രി, അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ എന്തുകൊണ്ട് ഒരു നക്സലൈറ്റ് സിനിമക്ക് അവാര്‍ഡ് കൊടുത്തു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്. ''ഒരുവന്‍ നക്സലൈറ്റായാല്‍ അവനെ വെടിവെച്ചുകൊല്ലും എന്നൊരു ഗുണപാഠം ഈചിത്രത്തിനുണ്ട്.'' എന്നായിരുന്നു കരുണാകരന്റെ മറുപടി.

 

 

അടിയന്തരാവസ്ഥയുടെ ചരിത്രം മുറിവേറ്റ മനുഷ്യരുടെ മാത്രം ചരിത്രമല്ല; കലയുടേതുമാണ്. കാണാതായ മനുഷ്യരുടെ,  കാണാതായ ആവിഷ്‌കാരങ്ങളുടെ, മുറിഞ്ഞ് ശിഥിലമായ മനുഷ്യ ജീവിതങ്ങളുടെ, മുറിഞ്ഞ് ചിതറിയ കലാവിഷ്‌കാരങ്ങളുടെ ചരിത്രം. പലതവണ പിടിച്ചെടുക്കപ്പെടുകയും പലപാട് മുറിവേല്‍ക്കുകയും കൊടിയ പീഡനത്തിന് ഇരയാക്കപ്പെടുകയുംചെയ്ത ചലച്ചിത്രമാണ് 'കബനീ നദി ചുവന്നപ്പോള്‍'. ചലച്ചിത്രം എന്നതിനേക്കാള്‍ കലാവിഷ്‌കാരങ്ങള്‍ക്കുമേല്‍ ഭരണകൂടം നടത്തിയ ഹിംസയുടെ ഓര്‍മ്മകള്‍ വടുകെട്ടിയ ചലച്ചിത്ര ശരീരമാണ് കബനീ നദി. അംഗഭംഗംവന്ന ചലച്ചിത്ര ശരീരം. മുറിവേറ്റ ചലച്ചിത്ര ചരിത്രം.

എഴുപതുകളുടെ രണ്ടാം പകുതിയിലാണ് പി എ ബക്കറുടെ ശ്രദ്ധേയമായ ചലച്ചിത്രങ്ങള്‍ പുറത്തുവരുന്നത്. അടിസ്ഥാന ജനതയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് കാഴ്ചയെ തിരിച്ചുവെച്ച ബക്കര്‍ ചിത്രങ്ങള്‍, എഴുപതുകളിലെ നവതരംഗ/സമാന്തര സിനിമകളില്‍ നിന്നും പ്രമേയത്തിലും ആഖ്യാനത്തിലും അകലം പാലിക്കുന്നു. പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതമായിരുന്നു ബക്കര്‍ ചിത്രങ്ങളുടെ ലോകം. അനാഥാലയത്തില്‍ നിന്നും പുറത്തിറങ്ങി സ്വന്തം ജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയായാണ് മണിമുഴക്കം (1976). അനാഥത്വം എന്ന അവസ്ഥയുടെ ആവിഷ്‌കാരമായിരുന്നു അത്. ചുവന്നവിത്തുകള്‍ (1977) സമൂഹത്തിന്റെ പുറംപോക്കുകളില്‍ കഴിയുന്ന മനുഷ്യരുടെ കഥയാണ്. സമൂഹം ഹീനമായി ഉപയോഗിക്കുകയും അതേസമയം ഇല്ലെന്നു നടിക്കുകയും സദാചാരത്തിന്റെയും മാന്യതയുടെയും പുറംപോക്കില്‍ തള്ളുകയും ചെയ്യുന്ന ഒരു വേശ്യയാണ് ഈ ചിത്രത്തിലെ നായിക. വര്‍ഗ്ഗ സമൂഹത്തെയും അതിലെ വൈരുദ്ധ്യങ്ങളെയും ഒരന്യാപദേശ കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് സംഘഗാനം (1987). പീഡിതര്‍, വിപ്ലവകാരികള്‍, സ്വന്തം ശരീരം വില്‍ക്കേണ്ടിവരുന്ന സ്ത്രീകള്‍, തൊഴിലാളികള്‍, ഭൂമിയും സ്വത്തും ഇല്ലാത്തവര്‍, സ്വന്തം വര്‍ഗ്ഗത്തെ കണ്ടെത്താന്‍ അലയുന്നവര്‍... അങ്ങനെ വിപുലവും വ്യത്യസ്തവുമായിരുന്നു ബക്കര്‍ കണ്ടെത്തിയ പ്രമേയങ്ങള്‍. 

 

 


ചരിത്രരേഖ, ഓര്‍മ്മപ്പെടുത്തല്‍
സാമൂഹികമായ 'അവസ്ഥകള്‍ക്കെതിരായ' എല്ലാ പ്രവര്‍ത്തനവും, ചിന്തകള്‍ പോലും നിരീക്ഷിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്തിരുന്ന കാലത്തിന്റെ ആസന്ന സംഭാഷണമാണ് പി എ ബക്കറുടെ ആദ്യ ചിത്രം കബനീനദി ചുവന്നപ്പോള്‍ (1975). ഒരു കാലഘട്ടത്തിന്റെ  രാഷ്ട്രീയ സാമൂഹികാവസ്ഥയുടെ ചരിത്രരേഖയായും ഓര്‍മ്മപ്പെടുത്തലായും ഈ ചിത്രത്തെ കാണാനാവും. പ്രമേയത്തിനപ്പുറം സിനിമാ നിര്‍മ്മാണത്തിന്റെ രാഷ്ട്രീയമാണ് കബനിയെ വ്യത്യസ്ഥമാക്കുന്നത്. ''ഫലവത്തായ ഒരു രാഷ്ട്രീയ സിനിമക്ക് അതിനെ സാധ്യമാക്കുന്ന (അനുയോജ്യമായ) ഒരു സാമൂഹിക രാഷ്ട്രീയ സാഹചര്യം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അടിയന്തിരാവസ്ഥയെ സംബന്ധിച്ച് രാഷ്ട്രീയ സിനിമകള്‍ ഉണ്ടാകാതെ പോയതിന് അത് ചരിത്രത്തിന്റെ പുളകമോ അഥവാ ദു:സ്വപ്നമോ എന്ന് തീര്‍ത്തും നിശ്ചയിക്കാന്‍ പറ്റാതിരുന്ന ഒരു പ്രത്യയശാസ്ത്രബോധമാണ് നിലനിര്‍ത്തിയിരുന്നത് എന്നതാണ്. അനുയോജ്യമായ സാമൂഹിക രാഷ്ട്രീയ സാഹചര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സിനിമ പ്രക്ഷേപിക്കുന്ന സാമൂഹിക രാഷ്ട്രീയമൂല്യങ്ങള്‍ നിലവിലുള്ള അധീശവര്‍ഗ്ഗ സാമൂഹ്യ രാഷ്ട്രീയ മൂല്യങ്ങള്‍ക്കുമേല്‍ പ്രാമാണികത്വം നേടുന്ന സാഹചര്യത്തെ, അവസ്ഥയെയാണ്. തീവ്രവാദരാഷ്ട്രീയം തീര്‍ച്ചയായും അത്തരമൊരു ഹെജിമണി സ്ഥാപിച്ചുകഴിഞ്ഞിരുന്നില്ല. പക്ഷെ, അതിന് ഒരു വലിയ വിഭാഗം യുവജനങ്ങളുടെ രാഷ്ട്രീയബോധത്തെ തപ്തമാക്കുവാന്‍ സാധിച്ചിരുന്നു. നിര്‍വീര്യവും അര്‍ദ്ധമനസ്‌കവുമെങ്കിലും വിശാലമായ ഒരു അനുതാപത്തിന്റെ പിന്തുണ നേടുവാനും ഇന്ത്യന്‍ മനസാക്ഷിയെ തെല്ലെങ്കിലും അസ്വസ്ഥമാക്കുവാനും അതിനുകഴിഞ്ഞിരുന്നു. അത്രയെങ്കിലും പ്രാമാണികത അടിയന്തിരാവസ്ഥയോടുള്ള പ്രതിഷേധങ്ങള്‍ക്കുണ്ടായില്ല.'' (സിനിമയുടെ രാഷ്ട്രീയം, രവീന്ദ്രന്‍) ഇടതുപക്ഷ തീവ്രവാദം കേരളത്തിന്റെ സാമൂഹികഘടനയില്‍ നടത്തിയ ഇടപെടലുകളെ എഴുപതുകള്‍ മുതലുള്ള ചലച്ചിത്രങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ അടിയന്തിരാവസ്ഥയുടെ സവിശേഷമായ രാഷ്ട്രീയ കാലാവസ്ഥയെ ആവിഷ്‌കരിക്കുന്നതിന് ചലച്ചിത്രങ്ങള്‍ക്ക് സാധിക്കാതെ പോവുകയും ചെയ്തു.

ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട നാളുകളിലാണ് 'കബനീനദി ചുവന്നപ്പോള്‍' പുറത്തുവരുന്നത്. ഇടതുപക്ഷ തീവ്രവാദമായിരുന്നു കബനിനദിയുടെ ആസന്നപ്രേരണ. കലാകാരന്‍മാരും ബുദ്ധിജീവികളും രഷ്ട്രീയക്കാരും സ്വയം വരിച്ച മൗനത്തിലോ അസ്തിത്വവ്യഥയിലോ അഭയം തേടിയപ്പോള്‍ വര്‍ത്തമാന സാമൂഹ്യാവസ്ഥയെ മുഖാമുഖം നേരിടുകയായിരുന്നു ഈ ചലച്ചിത്രം. ജനതയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളെ അടിച്ചമര്‍ത്തുക എന്നതായിരുന്നു ഭരണകൂടം അതിന്റെ ആഭ്യന്തര വൈരുദ്ധ്യങ്ങളെ മറച്ചുവെക്കുന്നതിന് കണ്ടെത്തിയ മാര്‍ഗ്ഗം. ഭരണവര്‍ഗ്ഗ മൂല്യബോധങ്ങള്‍ പുനരുല്‍പ്പാദിപ്പിക്കുന്ന, അതിന്റെ താല്പര്യങ്ങളെ വിമര്‍ശിക്കാത്ത വിനോദോപാധികള്‍ക്കപ്പുറം മാധ്യമപ്രവര്‍ത്തനവും കലയും ചലച്ചിത്രവുമൊന്നും അക്കാലത്ത് സാധ്യമായിരുന്നില്ല എന്നതാണ് കബനി നദിയുടെ നിര്‍മ്മാണത്തെ കൂടുതല്‍ പ്രതിലോമമാക്കുന്നത്.

 

 

പീഡനങ്ങളുടെ ഉടല്‍ 
കബനിയിലെ നായകനായ ഗോപി ഒരു വിപ്ലവകാരിയാണ്. പൊലീസ് വേട്ടയാടുന്ന അയാള്‍ നാടുവിട്ട് നഗരത്തിലെത്തി തന്റെ പൂര്‍വ്വ കാമുകിയുടെ അടുത്ത് അഭയം തേടുന്നു. നായകനും  പൂര്‍വ്വകാമുകിയും തമ്മിലുള്ള ഈ സമാഗമം ഒരു പ്രണയകഥയുടെ സാധ്യത നല്‍കുന്നു. എന്നാല്‍ പ്രണയത്തിന്റെ അതിവൈകാരികതകള്‍ ഒഴിവാക്കി പ്രമേയത്തിന്റെ അനുഭവ പാഠം കാഴ്ചയിലേക്ക് പകര്‍ത്താനാണ് ചലച്ചിത്രം ശ്രമിച്ചിരിക്കുന്നത്. ഗോപിയും  കാമുകിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് സിനിമയുടെ രാഷ്ട്രീയം സംവാദാത്മകമാവുന്നത്. ഒടുവില്‍ പൊലീസിനെ ഭയന്ന് കാമുകിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടുന്ന നായകന്‍ പൊലീസിന്റെ വെടിയേറ്റുമരിക്കുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥകളോട് പോരാടുകയും അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കൊണ്ടുനടക്കുന്ന കഥാപാത്രമാണ്് ഗോപി. പ്രണയവും വിമോചന സ്വപ്നങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സംഘര്‍ഷത്തിലാകുന്ന വ്യക്തി ജീവിതത്തിന്റെ സവിശേഷമായൊരന്തരീക്ഷം ഈ ചിത്രത്തിലുണ്ട്. രണ്ടുതരം പീഡനങ്ങളിലൂടെ കടന്നുപോകുന്ന ശരീരമാണയാളുടേത്. ഒന്ന് സൗഖ്യങ്ങളെ- പ്രണയത്തെപ്പോലും- നീട്ടിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന ശരീരത്തിന്റെ ആത്മപീഡ. രണ്ട് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളില്‍ നിന്നും ശരീരം ഏറ്റു വാങ്ങുന്ന പരസഹസ്രം പീഡനങ്ങള്‍.

1976ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് 'കബനീനദി ചുവന്നപ്പോള്‍' കരസ്ഥമാക്കി. ഏറ്റവും നല്ല സംവിധായകനുള്ള അവാര്‍ഡ് പി എ ബക്കറിനും ലഭിച്ചു. കെ കരുണാകരനായിരുന്നു അന്നത്തെ സാംസ്‌കാരിക മന്ത്രി, അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ എന്തുകൊണ്ട് ഒരു നക്സലൈറ്റ് സിനിമക്ക് അവാര്‍ഡ് കൊടുത്തു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്. ''ഒരുവന്‍ നക്സലൈറ്റായാല്‍ അവനെ വെടിവെച്ചുകൊല്ലും എന്നൊരു ഗുണപാഠം ഈചിത്രത്തിനുണ്ട്.'' എന്നായിരുന്നു കരുണാകരന്റെ മറുപടി.  ഭരണകൂടവും അതിന്റെ മര്‍ദ്ദനോപകരണങ്ങളും ജനതക്കുമേല്‍ അടിച്ചേല്‍പ്പിച്ച കലാപവും ഹിംസയും തികച്ചും ആസൂത്രിതമായിരുന്നുവെന്നുതിരിച്ചറിയുമ്പോഴാണ് ചരിത്രവിശകലനത്തില്‍ ജനതയുടെ ഓര്‍മ്മ പ്രശ്നവല്‍ക്കരിക്കപ്പെടുന്നത്. നക്സലൈറ്റ് കലാപങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍ ഭരണകൂടം അതിന്റെ 'സ്വാഭാവികമായ കര്‍ത്തവ്യം' നിറവേറ്റുകയായിരുന്നു എന്ന തരത്തിലുള്ള ലളിതവല്‍ക്കരണവും സംഭവിക്കുന്നുണ്ട്. ഈ ലളിതവല്‍ക്കരണം സ്‌റ്റേറ്റിനെ 'ക്ഷേമരാഷ്ട്ര'മാക്കി നിലനിര്‍ത്തുന്ന പ്രത്യയശാസ്ത്രമായി പ്രവര്‍ത്തിക്കുന്നു.

 


 

ചലച്ചിത്രപാഠത്തിനുപുറത്ത് സിനിമാ ഇടം
എല്ലാത്തരത്തിലുമുള്ള സുരക്ഷിതത്വത്തിന്റെയും  പ്രണയത്തിന്റെയും ഏറ്റെടുക്കലിന്റെയും പ്രശ്നങ്ങള്‍ ഈ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. വിദ്യാസമ്പന്നമായ മധ്യവര്‍ഗ്ഗത്തിന്റെ അസ്തിത്വ പ്രശ്നങ്ങള്‍  കബനീ നദിയില്‍ പ്രവര്‍ത്തനക്ഷമമാണ്. പുതിയ കാലത്തിന്റെ രാഷ്ട്രീയവും നൈതികവുമായ മൂല്യങ്ങളിലൂടെ സമൂഹത്തെ മാറ്റിത്തീര്‍ക്കുന്നതിനുള്ള യത്നങ്ങളില്‍  ഭരണകൂടവും കുടുംബവുമടക്കമുള്ള സാമൂഹ്യ സ്ഥാപനങ്ങളില്‍നിന്നും ഏറ്റുവാങ്ങേണ്ടിവന്ന കഠിനമായ പീഡനങ്ങള്‍ കബനിയുടെ പ്രമേയ ശരീരത്തെ എഴുപതുകളുടെ രാഷ്ട്രീയ ചരിത്രവുമായി ബന്ധിപ്പിക്കുന്നു. പ്രണയത്തിന്റെ ആത്മസംഘര്‍ഷത്തിന്റെയും പീഡനത്തിന്റെയും ഇടയില്‍ വ്യക്തിയുടെ/ പൗരന്റെ ഭാഗധേയത്തെ സംബന്ധിക്കുന്ന പ്രശ്നം ഉന്നയിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന തീവ്രമായ അഭിലാഷങ്ങളും മനുഷ്യരുടെ വിമോചന സ്വപ്നങ്ങളും അണയാതെ നിര്‍ത്താന്‍ മോഹിക്കുന്ന വിപ്ലവോന്‍മുഖമായ രാഷ്ട്രീയ ഭാഗധേയമാണ് കബനീ നദി വിഭാവന ചെയ്യുന്നത്. എഴുപതുകളിലെ രാഷ്ട്രീയ കാലം അത് സ്വപ്നത്തില്‍ വഹിച്ചിരുന്നു. അധികാരത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരായ ഒരു പ്രതിസംസ്‌കാരത്തിന്റെ സാധ്യതകളിലേക്കായിരുന്നു ഈ കാഴ്ചയുടെ ഊന്നല്‍.

''പ്രസ്ഥാനവുമായി ബന്ധപ്പെട്ടവര്‍ ഒട്ടുമുക്കാലും അറസ്റ്റുചെയ്യപ്പെട്ടിരുന്നു. സംഘടന ശിഥിലമായി. സഖാക്കള്‍ പലയിടത്തായി ചിതറിപ്പോയി. പരസ്പരം കണ്ടുമുട്ടാന്‍ വേദികളോ അവസരങ്ങളോ ഉണ്ടായിരുന്നില്ല. അക്കാലത്ത് കബനീനദി പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങളില്‍ വച്ചാണ് സഖാക്കള്‍ കണ്ടുമുട്ടുകയും ആശയവിനിമയം നടത്തുകയും ചെയ്തത്്. പ്രസ്ഥാനത്തിന്റെ അവസാന ബന്ധങ്ങള്‍ കണ്ണിചേര്‍ക്കപ്പെട്ടത് അവിടെ നിന്നുമാണ്. അങ്ങനെ പാര്‍ട്ടിയുടെ പുനഃസംഘടനയുടെ ഭാഗമായി സിനിമയുടെ പാഠത്തിനുപുറത്ത് കബനീനദിചുവന്നപ്പോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.'' സിവിക് ചന്ദ്രന്‍ നിരീക്ഷിക്കുന്നു.

എഴുപതുകളില്‍ പുറത്തുവന്ന മുഖ്യധാരാ സിനിമയുടെ ചേരുവകളൊന്നും കബനീനദിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ ചിത്രം കേരളത്തില്‍ വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടതുമില്ല. സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെടുന്നതുപോലെ തിയേറ്ററിനുപുറത്ത് രാഷ്ട്രീയമായ ഇടം സിനിമ സാധ്യമാക്കി. എഴുപതുകള്‍ മുന്നോട്ടുവച്ച ആശയഗതിയുമായി ഏതൊക്കെയോ തരത്തില്‍ അനുഭാവമോ ബന്ധമോ ഉള്ളവരും ഫിലിം സൊസൈറ്റി കേന്ദ്രീകൃത മധ്യവര്‍ഗ്ഗ നഗര സമൂഹവുമടങ്ങിയ ചെറിയൊരു കൂട്ടായ്മയായിരുന്നു അത്. എന്നാല്‍, ഒറ്റപ്പെട്ട ചില കൂടിച്ചേരലുകള്‍ക്കപ്പുറം കബനി വിശാലമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയമായ ഇടം നിര്‍മ്മിക്കുന്നുവെന്ന് പറയാന്‍ കഴിയില്ല. ദക്ഷിണ-മധ്യകേരളത്തില്‍ കെ പി എ സിയുടെ നാടകങ്ങള്‍ അരങ്ങിനുപുറത്ത് ഇത്തരമൊരു രാഷ്ട്രീയ ഇടം സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും നാടകത്തിനാവശ്യമായ മൂലധനം ജനകീയമായിത്തന്നെ സമാഹരിക്കപ്പെട്ടു. ടിക്കറ്റിനുള്ള പണം കൈയ്യിലില്ലാത്ത ഒരാള്‍ക്ക് നാടകം കാണാനുള്ള അവസരം സാധ്യമായിരുന്നു. ഏറെക്കുറെ സൗജന്യമായി ജനങ്ങള്‍ നാടകം കാണുകയും രാഷ്ട്രീയമായി സംഘം ചേരുകയും ചെയ്തു. എന്നാല്‍ ചലച്ചിത്രം ഇത്തരമൊരു പൊതുവായ ഇടം നിര്‍മ്മിച്ചുവെന്ന് പറയാന്‍ കഴിയില്ല.

 

 

അംഗഭംഗം വന്ന ചലച്ചിത്ര ശരീരം
കബനി നദി പോലുള്ള സിനിമകള്‍ വ്യവസ്ഥാപിത തീയേറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. നിര്‍മ്മാണം, വിതരണം, മൂലധന സമാഹരണം എന്നീ മേഖലകളില്‍ വ്യവസ്ഥാപിത മാതൃകകളായിരുന്നു ഈ ചിത്രവും പിന്തുടര്‍ന്നത്. നവസിനിമയുടെ പ്രത്യയശാസ്ത്രത്തെ പിന്‍പറ്റുമ്പോഴും കബനീ നദി ചുവന്നപ്പോള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വ്യവസായത്തിന്റെ മൂലധന പ്രത്യയശാസ്ത്രത്തിനു പുറത്തായിരുന്നില്ല. വാണിജ്യപരവും ജനപ്രിയവുമായ വലിയൊരു വ്യവസായ മൂലധന ശൃംഖലക്കുള്ളില്‍ നിന്നുകൊണ്ട് രാഷ്ട്രീയ സിനിമാ എന്ന സങ്കല്‍പ്പത്തിന്റെ ആവിഷ്‌കരണം ഏറെക്കുറെ അസാധ്യമായിരുന്നു. ''അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ഞാനും ബക്കറും 'കബനീ നദി ചുവന്നപ്പോള്‍' ചിത്രീകരണം ആരംഭിക്കുന്നത്. 1975 ജൂണില്‍ ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. അസാധാരണമാം വിധം മാറിയ സാഹചര്യമായിരുന്നു അത്. കബനി പോലുള്ള സിനിമയുടെ ആവിഷ്‌കാരം ഇത്തരമൊരു സാഹചര്യത്തില്‍ ദുസ്സാദ്ധ്യമായിരുന്നു. അതുകൊണ്ടുതന്നെ ഭീമമായ നഷ്ടം എനിക്കുണ്ടായി. വളരെ ബുദ്ധിമുട്ടിയാണ് ഇതിനുവേണ്ട മൂലധനം ഞാന്‍ സമാഹരിച്ചത്. ഈ ചിത്രം എടുക്കുന്നതിനുമുമ്പാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നതെങ്കില്‍ നിശ്ചയമായും ഞാന്‍ ഈ സംരംഭത്തിന് ഒരുമ്പെടുമായിരുന്നില്ല.'' എന്ന് പവിത്രന്‍ ഒരഭിമുഖത്തില്‍ പറയുന്നുണ്ട്.

അടിയന്തരാവസ്ഥയായിരുന്നില്ല കബനിയുടെ ഇതിവൃത്തം. എന്നാല്‍ നിര്‍മ്മാണത്തിന്റെ ഓരോ മുഹുര്‍ത്തവും അടിയന്തരാവസ്ഥയിലൂടെ കടന്നുപോയി. സുദീര്‍ഘമായ പ്രയത്നങ്ങള്‍ക്കും പൊലീസ് പീഡനങ്ങള്‍ക്കും ശേഷമാണ് ചിത്രീകരണം പൂര്‍ത്തിയായത്. എഡിറ്റങ്ങിനുശേഷം സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച ചിത്രത്തില്‍ നിന്നും ആയിരത്തി എണ്ണൂറ് അടി സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തു. ചിത്രത്തിന്റെ അതി പ്രധാന ഭാഗങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ടു. കബനി നദിയുടെ കാഴ്ചയ്ക്ക് അസ്വാഭാവികതയും ഒരുതരം യാന്ത്രികതയും ദുരൂഹതയുമൊക്കെ ആരോപിക്കപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. തിയേറ്ററില്‍ പ്രദര്‍ശിച്ചപ്പോള്‍ പൊലീസ് നേരിട്ട് ഇടപെട്ട് അവര്‍ക്ക് തോന്നിയതെല്ലാം ചിത്രത്തില്‍ നിന്നും വെട്ടിമാറ്റി. സിനിമയുടെ സമഗ്രതയ്ക്കും വിഷയ തീവ്രതയ്ക്കുമൊക്കെ ഇത് ഭംഗമുണ്ടാക്കി. അംഗഭംഗം വന്ന ഒരു ചലച്ചിത്ര ശരീരമായാണ് കബനീ നദി ചുവന്നപ്പോള്‍ മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഇന്നും നിലനില്‍ക്കുന്നത്. അപൂര്‍ണ്ണത ബക്കറുടെ ചലച്ചിത്ര ജീവിതത്തെ പിന്തുടര്‍ന്നു. അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം 'സഖാവ്' പൂര്‍ത്തിയായില്ല. പി കൃഷ്ണപിള്ളയുടെ ജീവിതത്തെ ആധാരമാക്കിയുള്ളതായിരുന്നു ഈ ചിത്രം. ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ബക്കര്‍ യാത്രയായി. ബക്കറിന്റെ ചലച്ചിത്ര ജീവിതത്തിന്റെ രണ്ടറ്റവും പൂരിപ്പിക്കാതെ കിടക്കുന്നു. ഈ അപൂര്‍ണ്ണതകള്‍ കേരളീയ ജീവിതത്തെക്കുറിച്ചും ബക്കറെക്കുറിച്ചും എന്തൊക്കയോ കാലത്തോട് പറയുന്നുണ്ട്.