നിയമസഭയിലെത്താന്‍ സിനിമാവഴി; ഒടുവില്‍ ക്ലൈമാക്സ് ഇങ്ങനെ

By Web TeamFirst Published May 2, 2021, 8:08 PM IST
Highlights

എം മുകേഷ്, കെ ബി ഗണേഷ് കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരേഷ് ഗോപി, കൃഷ്ണകുമാര്‍, വീണ എസ് നായര്‍, മാണി സി കാപ്പന്‍, വിവേക് ഗോപന്‍ എന്നിവരാണ് ചലച്ചിത്ര രംഗത്തു നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. 

സിനിമയിലെ ജനപ്രീതി തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനുള്ള  താരങ്ങളുടെ ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇക്കുറിയും അങ്കത്തട്ടിലെ സിനിമാ താരങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല.  ജനങ്ങള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഫലമായിരുന്നു സിനിമാലോകത്തു നിന്നും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ താരങ്ങളുടേത്.

എം മുകേഷ്, കെ ബി ഗണേഷ് കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരേഷ് ഗോപി, കൃഷ്ണകുമാര്‍, വീണ എസ് നായര്‍, മാണി സി കാപ്പന്‍, വിവേക് ഗോപന്‍ എന്നിവരാണ് ചലച്ചിത്ര രംഗത്തു നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. തൃശ്ശൂരില്‍ നിന്നും മത്സരിച്ച സുരേഷ് ഗോപി, തിരുവനന്തപുരത്തു നിന്നും മത്സരിച്ച കൃഷ്ണകുമാര്‍, ബാലുശ്ശേരിയില്‍ നിന്നും മത്സരിച്ച ധര്‍മ്മജന്‍ എന്നിവരായിരുന്നു ഇവരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥികള്‍.

താരങ്ങളുടെ ജയപരാജയം ഇങ്ങനെ:

കെ ബി ഗണേഷ് കുമാര്‍

കൊല്ലം ജില്ലയിലെ പത്തനാപുരം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ ബി ഗണേഷ് കുമാര്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇതാദ്യമല്ല. 2001ല്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഗണേഷ് കുമാര്‍ ഗതാഗതമന്ത്രിയായിരുന്നു. പിന്നീടുള്ള നാല് തെരഞ്ഞെടുപ്പുകളിലും  കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥിയായി മത്സരിച്ചു.

ഇക്കുറി പത്തനാപുരം ഗണേഷ് കുമാറിനെ കൈവിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജ്യോതികുമാര്‍ ചാമക്കാലയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ജിതിന്‍ ദേവിനേയും പരാജയപ്പെടുത്തിയാണ് കെ ബി ഗണേഷ് കുമാറിന്റെ വിജയം.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ചലച്ചിത്രതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിച്ചത് കോഴിക്കോട് ജില്ലയിലെ ബാലുശേരി നിയോജക മണ്ഡലത്തിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച താരം പരാജയപ്പെട്ടു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം. സച്ചിന്‍ദേവാണ് ബാലുശേരിയില്‍ വിജയിച്ചത്. വോട്ടെണ്ണലിന്റെ ആരംഭത്തില്‍ ധര്‍മജന്‍ ലീഡ് നിലയില്‍ മുന്നിലെത്തിയിരുന്നുവെങ്കിലും ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ക്കേ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റം പ്രകടമായിരുന്നു. ലിബിന്‍ ഭാസ്‌കര്‍ ആണ് മണ്ഡലത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

സുരേഷ് ഗോപി

തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് സുരേഷ് ഗോപി മത്സരിച്ചത്. ലീഡ് നില മാറിമാറി വന്നെങ്കിലും മണ്ഡലത്തില്‍ വിജയിക്കാന്‍ സുരേഷ് ഗോപിക്കായില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനാണ് സുരേഷ് ഗോപിയെ പരാജയപ്പെടുത്തിയത്. പത്മജ വേണുഗോപാല്‍ ആണ് തൃശ്ശൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ മത്സരിച്ച സുരേഷ് ഗോപി കാര്യമായ വോട്ട് നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപിക്ക് മികച്ച പിന്തുണ ലഭിക്കുമെന്നാണ് കേന്ദ്ര നേതാക്കള്‍ അടക്കം വിലയിരുത്തിയിരുന്നത്. ഇത്തവണ തൃശ്ശൂര്‍ എടുക്കുകയല്ല, ജനങ്ങള്‍ തൃശ്ശൂര്‍ തനിക്ക് തരുമെന്ന മാസ് ഡയലോഗുമായാണ് താരം കളംനിറഞ്ഞിരുന്നത്.

എം മുകേഷ്

കൊല്ലം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുകേഷ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം സുനിലിനേയും പരാജയപ്പെടുത്തിയാണ് എം മുകേഷ് വിജയിച്ചത്.

മൂന്നു പതിറ്റാണ്ടിലേറെ കാലം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ശേഷമാണ് 2016 ല്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച് എം. മുകേഷ് കൊല്ലത്തുനിന്ന് എംഎല്‍എയാകുന്നത്. ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുമ്പോഴും സിനിമാ- ടി വി രംഗത്ത് അദ്ദേഹം സജീവമായിരുന്നു.

വീണ എസ് നായര്‍-

ടെലിവിഷന്‍ പരിപാടികളിലും സീരിയലുകളിലും സജീവമായ ശേഷമാണ് വീണ എസ് നായര്‍ വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത്. എന്നാല്‍, പോരാട്ടത്തില്‍ വീണയ്ക്ക് അടിപതറി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് ആണ് മണ്ഡലത്തില്‍ വീണയെ പരാജയപ്പെടുത്തിയത്. വിവി രാജേഷ് ആണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

കെ.എസ്.യുവിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ വീണ യൂത്ത് കോണ്‍ഗ്രസിന്റെയും മഹിളാകോണ്‍ഗ്രസിന്റെയും പാര്‍ട്ടിയുടെ മറ്റ് പോഷക സംഘടനകളുടേയും ഭാരവാഹിയായിരുന്നു. നിയമത്തില്‍ ബിരുദാനന്തര ബിരുദവും സോഷ്യോളജിയില്‍ ബിരുദവും നേടിയ വീണ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയാണ്.

കൃഷ്ണകുമാര്‍

തിരുവനന്തപുരം നിയോജകമണ്ഡലത്തിലാണ് ചലച്ചിത്രതാരം കൃഷ്ണകുമാര്‍ മത്സരിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കൃഷ്ണകുമാറിന് മണ്ഡലത്തില്‍ വിജയിക്കാനായില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജു ആണ് ഇവിടെ ജയിച്ചത്. വിഎസ് ശിവകുമാര്‍ ആണ് തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി.

മാണി സി കാപ്പന്‍

നിര്‍മാതാവായും അഭിനേതാവായും ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ വ്യക്തിയാണ് മാണി സി കാപ്പന്‍. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാണി സി കാപ്പന്‍ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രമീള ദേവിയേയും പരാജയപ്പെടുത്തിയാണ് മാണി സി കാപ്പന്‍ പാലാ നിയോജക മണ്ഡലത്തില്‍ വിജയിച്ചത്.

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെയാണ് പാലായിലെ രാഷ്ട്രീയ കാലാവസ്ഥ മാറിമറിഞ്ഞത്. കെഎം മാണിയുടെ വിയോഗ ശേഷം പാലാ മണ്ഡലം ഇടത് മുന്നണിക്ക് വേണ്ടി പിടിച്ചെടുത്ത മാണി സി കാപ്പന് ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തോടെ നില്‍ക്കക്കള്ളിയില്ലാതായി. തുടര്‍ന്നാണ് യുഡിഎഫിലേക്കുള്ള ചുവടുമാറ്റം.

കേരളാ കോണ്‍ഗ്രസിന്റെ വരവോടെ വലിയ മുന്നേറ്റം പ്രതീക്ഷിച്ച ഇടതുമുന്നണിയെ ഞെട്ടിപ്പിച്ചാണ് പാലായില്‍ മാണി സി കാപ്പന്റെ നേട്ടം.

വിവേക് ഗോപന്‍

സീരിയല്‍ രംഗത്ത് സജീവമായ വിവേക് ഗോപന്‍ കൊല്ലം ജില്ലയിലെ ചവറ നിയോജക മണ്ഡലത്തില്‍ നിന്നുമാണ് മത്സരിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിവേക് ഗോപന് വിജയിക്കാനായില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുജിത് വിജയനാണ് മണ്ഡലത്തില്‍ വിജയം. ഷിബു ബേബി ജോണ്‍ ആണ് ചവറയില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി.

click me!