ധർമ്മടത്ത് കോൺഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് സി രഘുനാഥ് പത്രിക നൽകി

By Web TeamFirst Published Mar 18, 2021, 6:11 PM IST
Highlights

മത്സരിക്കാൻ സാധിക്കാത്ത ചുറ്റുപാടാണെന്നും ജില്ലയിലെ കോൺഗ്രസിന്റെ പൊതുതാത്പര്യത്തിന് തന്റെ സ്ഥാനാർത്ഥിത്വം തടസമാവുമെന്നും കെ സുധാകരൻ എംപി പറഞ്ഞു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂരിലെ കോൺഗ്രസ് നേതാവ് സി രഘുനാഥ് മത്സരിക്കാൻ പത്രിക നൽകി. കോൺഗ്രസ് നേതൃത്വം ധർമ്മടത്തെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപാണ് രഘുനാഥ് പത്രിക നൽകിയത്. നേരത്തെ വാളയാർ കുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇതിനെതിരെ രഘുനാഥ് രംഗത്ത് വന്നിരുന്നു. പിന്നീട് സംസ്ഥാന കോൺഗ്രസ് നേതൃത്വം കെ സുധാകരനെ ധർമ്മടത്ത് സ്ഥാനാർത്ഥിയാക്കാൻ ശ്രമം നടത്തി.

ഇന്നലെയും ഇന്നുമായി നടന്ന ചർച്ചകൾക്കൊടുവിൽ ഇന്ന് ഉച്ചയോടെ താൻ സ്ഥാനാർത്ഥിയാകാനില്ലെന്ന് കെ സുധാകരൻ നിലപാടെടുത്തു. മത്സരിക്കാൻ സാധിക്കാത്ത ചുറ്റുപാടാണെന്നും ജില്ലയിലെ കോൺഗ്രസിന്റെ പൊതുതാത്പര്യത്തിന് തന്റെ സ്ഥാനാർത്ഥിത്വം തടസമാവുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി നേതൃത്വം ഇതോടെ രഘുനാഥിന്റെ പേര് സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചു. നാളെ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയാണെന്നിരിക്കെയാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ രഘുനാഥ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് പിന്തുണച്ചില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് അദ്ദേഹം ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. 

click me!