തര്‍ക്കം തീര്‍ക്കണമെന്ന തിട്ടൂരവുമായി ഹൈക്കമാന്‍റ്; തൽക്കാലം നേമം ഒഴിച്ചിട്ട് ചര്‍ച്ച

By Web TeamFirst Published Mar 12, 2021, 11:02 AM IST
Highlights

ഏറ്റവും മികച്ച , ജനസമ്മിതി ഉള്ള നേതാവ് തന്നെ നേമത്ത് മത്സരത്തിന് ഉണ്ടാകുമെന്ന് മുല്ലപ്പള്ളി. കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി പറയുന്ന നേമത്തെ മത്സരം കോൺഗ്രസ് ഗൗരവമായി തന്നെ ആണ് എടുക്കുന്നതെന്നും മുല്ലപ്പള്ളി. 

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയിൽ തര്‍ക്കം നീട്ടിക്കൊണ്ട് പോകുന്നതിൽ ഹൈക്കമാന്‍റിന് അതൃപ്തി. തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നിലേക്ക് തര്‍ക്കം കൊണ്ട് പോകരുതെന്നാണ് ഹൈക്കമാന്‍റ് സംസ്ഥാന നേതൃത്വത്തിന് നൽകുന്ന നിര്‍ദ്ദേശം. കേരളത്തിൽ നേരിയ മുൻതൂക്കം ഇപ്പോഴും ഇടതുമുന്നണിക്കാണെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ മാത്രമെ ഇത് മറികടക്കാനാകു എന്നും കേരളാ നേതാക്കൾക്ക് ഓര്‍മ്മപ്പെടുത്തൽ ഉണ്ട്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് വൈകീട്ട് ഉണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. ആറ് മണിക്ക് സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നൽകുക. രാത്രിയോടെയെങ്കിലും ലിസ്റ്റ് ഇറക്കാനാണ് നീക്കം നടത്തുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് സമിതിയിലെ ചര്‍ച്ച നീണ്ടാൽ അതൊരു പക്ഷെ നാളെ രാവിലേക്ക് നീളാനും സാധ്യത തള്ളാനാകില്ല. 

നേമത്ത് മികച്ച സ്ഥാനാര്‍ത്ഥി തന്നെ മത്സര രംഗത്ത് വേണമെന്ന കാര്യത്തിൽ ദേശീയ നേതൃത്വം വിട്ടുവീഴ്ചക്ക് ഇല്ല. എന്നാൽ ഇക്കാര്യത്തിലെ തീരുമാനം നീളുകയാണ്. നേമത്തെ ചുറ്റിപ്പറ്റി എങ്ങുമെത്താതെ ചര്‍ച്ച നീളുന്നതിനാൽ തൽക്കാലം നേമം മാറ്റിവച്ച് മറ്റ് മണ്ഡലങ്ങളുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാനും നിര്‍ദ്ദേശം നൽകിയതായാണ് വിവരം. 

ഏറ്റവും മികച്ച , ജനസമ്മിതി ഉള്ള നേതാവ് തന്നെ നേമത്ത് മത്സരത്തിന് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി പറയുന്ന നേമത്തെ മത്സരം കോൺഗ്രസ് ഗൗരവമായി തന്നെ ആണ് എടുക്കുന്നത്. ഉമ്മൻചാണ്ടി കേരളത്തിൽ എവിടെ മത്സരിച്ചാലും മികച്ച വിജയം നേടും. നേമത്ത് തീരുമാനം എടുക്കേണ്ടത് ആത്യന്തികമായി ഹൈക്കമാന്‍റ് ആണെന്നും  മുല്ലപ്പള്ളി ദില്ലിയിൽ പ്രതികരിച്ചു. 

അതേ സമയം നേമത്ത് മത്സരിക്കണമെങ്കിൽ വിശ്വസ്തര്‍ക്ക് സീറ്റ് ഉറപ്പാക്കണമെന്ന സമ്മര്‍ദ്ദം ഉമ്മൻചാണ്ടി കടുപ്പിക്കുന്നതായും സൂചനയുണ്ട്. നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കുന്ന സാഹചര്യം ഉണ്ടായാൽ പുതുപ്പള്ളിയിൽ ആരാകും എന്ന കാര്യത്തിലും തീരുമാനം ശ്രദ്ധേയമാണ്. ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി ആരെത്തുമെന്ന ആകാംക്ഷയും സജീവമായുണ്ട്. 

 

click me!