നിയമസഭാ തെരഞ്ഞെടുപ്പ്; കൊവിഡ് വ്യാപനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ആശങ്ക

By Web TeamFirst Published Feb 13, 2021, 1:01 PM IST
Highlights

ഏപ്രിൽ മാസം പകുതിയോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടു. മെയ് മാസത്തിൽ മതിയെന്ന് ബിജെപി അഭിപ്രായപ്പെട്ടു. 
 

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയിലാണ് കമ്മീഷൻ ആശങ്ക പങ്കുവെച്ചത്. ഏപ്രിൽ മാസം പകുതിയോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടു. മെയ് മാസത്തിൽ മതിയെന്ന് ബിജെപിയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ ഉൾപ്പടെയുള്ള കമ്മീഷൻ അം​ഗങ്ങളോട് ആവശ്യപ്പെട്ടത്. 

തെരഞ്ഞെടുപ്പ് ഏപ്രിൽ 8 നും 12നും ഇടയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് ഒഴിവാക്കണം. വോട്ട് രേഖപ്പെടുത്താനുള്ള സമയം നീട്ടേണ്ടതില്ല. 7 മുതൽ 5 മണി വരെ മതിയെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. മെയ് 16നാണ് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് നടന്നതെന്ന് ബിജെപി ഓർമ്മിപ്പിച്ചു. അതുകൊണ്ട് തന്നെ റംസാൻ വ്രതമൊക്കെ കഴിഞ്ഞതിനു ശേഷം മെയ് 16ന് മുമ്പായി തെരഞ്ഞെടുപ്പ് നടന്നാൽ മതിയെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. 

കലാശക്കൊട്ട് നിയന്ത്രണവിധേയമായെങ്കിലും അനുവദിക്കണമെന്നും മുന്നണികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. 80 കഴിഞ്ഞവർക്കും കൊവിഡ് രോ​ഗികൾക്കും അം​ഗവൈകല്യം ഉള്ളവർക്കും പോസ്റ്റൽ വോട്ട് അനുവദിക്കുമ്പോൾ അത് വലിയ തോതിൽ ദുരുപയോ​ഗം ചെയ്യപ്പെടുമെന്ന ആശങ്ക ബിജെപി പങ്കുവച്ചു. അതിനാൽ, കൃത്യമായ നിയന്ത്രണം അക്കാര്യത്തിൽ ഉണ്ടാവണം. കേന്ദ്രസേന പ്രശ്നബാധിത ബൂത്തുകളിൽ രണ്ടാഴ്ച മുമ്പെങ്കിലും വന്ന് നിയന്ത്രണമേറ്റെടുക്കണമെന്ന നിർദ്ദേശവും ബിജെപി മുന്നോട്ട് വച്ചിട്ടുണ്ട്. 

കള്ളവോട്ട് തടയാനുള്ള നടപടി വേണമെന്ന് കോൺ​ഗ്രസും മുസ്ലീം ലീ​ഗും ആവശ്യപ്പെട്ടു. മലപ്പുറം പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്ന് ലീ​ഗ് ആവശ്യപ്പെട്ടു. അക്കാര്യം പരി​ഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ‌ തലസ്ഥാനത്തെത്തിയിരിക്കുന്നത്. ഉദ്യോ​ഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയശേഷം നാളെ മാധ്യമപ്രവർത്തകരെ കണ്ട് മടങ്ങിപ്പോകുന്ന കമ്മീഷൻ ഒരാഴ്ച്ചയ്ക്കകം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 


 

click me!