'നേതാക്കളുടെ പിന്നാലെ പോകുന്നയാളല്ല ശരദ് പവാർ'; മാണി സി കാപ്പനെ തളളി ടി പി പീതാംബരൻ

By Web TeamFirst Published Feb 13, 2021, 12:00 PM IST
Highlights

കാപ്പൻ്റെ നീക്കത്തിന് ശരദ് പവാറിൻ്റെ പിന്തുണയില്ല. നേതാക്കളുടെ പിന്നാലെ പോകുന്നയാളല്ല പവാർ. കാപ്പൻ്റെ നാളത്തെ നീക്കമറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ടി പി പീതാംബരൻ പറഞ്ഞു. 

ദില്ലി: എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോയ മാണി സി കാപ്പനെ തള്ളി എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ. കാപ്പൻ്റെ നീക്കത്തിന് ശരദ് പവാറിൻ്റെ പിന്തുണയില്ല. നേതാക്കളുടെ പിന്നാലെ പോകുന്നയാളല്ല പവാർ. കാപ്പൻ്റെ നാളത്തെ നീക്കമറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ടി പി പീതാംബരൻ പറഞ്ഞു. 

ഇന്ന് രാവിലെയാണ് മാണി സി കാപ്പൻ യുഡിഎഫിൽ ഘടകക്ഷിയാകുമെന്ന് മാധ്യമങ്ങളെ അറിയിച്ചത്. എൻസിപി കേന്ദ്രനേതൃത്വം ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കും. ഘടകക്ഷിയായിട്ടായിരിക്കും താൻ യുഡിഎഫിന്റെ ഐശ്വര്യകേരള യാത്രയിൽ പങ്കെടുക്കുക എന്നും മാണി സി കാപ്പൻ പറഞ്ഞു.

കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കിലും ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കില്ല. പുതിയ പാർട്ടിയുണ്ടാക്കുന്ന കാര്യമൊക്കെ പിന്നിട് ആലോചിക്കേണ്ട കാര്യങ്ങളാണ്. ദേശീയ നേതൃത്വം ഒപ്പം നിൽക്കുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം. പാലായിലെ ജനങ്ങൾ തനിക്കൊപ്പം നിൽക്കും. 101 ശതമാനവും അക്കാര്യത്തിൽ വിശ്വാസമുണ്ട്. നാളത്തെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. ഏഴ്  ജില്ലാ പ്രസിഡന്റുമാരും ഒരു അഖിലേന്ത്യ സെക്രട്ടറിയും , 9 സംസ്ഥാന ഭാരവാഹികളും തന്നോടൊപ്പമുണ്ട്. ഇവരും നാളത്തെ  യാത്രയിൽ പങ്കെടുക്കും. പാലായിൽ താൻ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. 

Read Also: ഒടുവിൽ പ്രഖ്യാപനം വന്നു, മാണി സി കാപ്പൻ എൽഡിഎഫ് വിട്ടു; യുഡിഎഫിൽ ഘടകക്ഷിയാകും...

എൽ ഡി എഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നു എന്ന മാണി സി കാപ്പൻ്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎൽഎ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണെന്നാണ് എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ പ്രതികരിച്ചത്. എൽഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവിൽ ഇല്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുൻപ് കാപ്പൻ എടുത്ത നിലപാട് അനുചിതമാണെന്നും ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.

Read Also: മാണി സി കാപ്പൻ ജനങ്ങളോട് കാണിച്ചത് നീതികേട്; എൽഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവിൽ ഇല്ലെന്നും ശശീന്ദ്രൻ...
 

click me!