ജീവൻമരണ പോരാട്ടത്തിൽ നിര്‍ണ്ണായകം ലതികാ ഫാക്ടര്‍; അങ്കം കൊഴുപ്പിച്ച് ഏറ്റുമാനൂര്‍

Published : Apr 04, 2021, 05:42 PM IST
ജീവൻമരണ പോരാട്ടത്തിൽ നിര്‍ണ്ണായകം ലതികാ ഫാക്ടര്‍; അങ്കം കൊഴുപ്പിച്ച് ഏറ്റുമാനൂര്‍

Synopsis

ഏറ്റുമാനൂരിൽ ജയിക്കാൻ തന്നെയാണ് മത്സരം എന്നാണ് ലതികാ സുഭാഷ് പറയുന്നത്. ലതികാ ഫാക്ടര്‍ കോൺഗ്രസിന് തിരിച്ചടിയാകുമെന്നും അത് ഫലത്തിൽ ഗുണം ചെയ്യുമെന്നും വിഎൻ വാസവനും പ്രതീക്ഷിക്കുന്നു 

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തോടെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ ദൂരവ്യാപക ഫലമുണ്ടാക്കുന്നതിൽ പ്രധാന സംഭവമായിരുന്നു ലതികാ സുഭാഷിന്റെ രാജിയും കോൺഗ്രസ് ഓഫീസിന് മുന്നിലെ മൊട്ടയടിയും. ഒരു സാമാന്യ മത്സരത്തിന് അപ്പുറം രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയിൽ വരാതിരുന്ന ഏറ്റുമാനൂര്‍ മണ്ഡലത്തിലും ഇതോടെ തെരഞ്ഞെടുപ്പ് കളത്തിൽ പ്രാധാന്യമേറി. 

വനിതകൾക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും ഏറ്റുമാനൂരിൽ ജയിക്കാൻ തന്നെയാണ് മത്സരിക്കുന്നത് എന്നും ലതികാ സുഭാഷ് പറയുമ്പോൾ ഏറ്റുമാനൂരിൽ അവര്‍ പിടിക്കുന്ന വോട്ടിനും പ്രാധാന്യം ഏറുകയാണ്. രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളിറക്കിയതു കൊണ്ട് വനിതകൾക്ക് പ്രാധാന്യം കിട്ടുമോ എന്നും ചോദിച്ചാണ് ലതികാ സുഭാഷിന്‍റെ പ്രചാരണത്തിന് കൊട്ടിക്കലാശം ആയത്. 

ലതികാ ഫാക്ടര്‍ യുഡിഎഫ് ക്യാമ്പിലുണ്ടാക്കുന്ന വിള്ളലിൽ തന്നെയാണ് ഇടത് സ്ഥാനാര്‍ത്ഥി ആത്മവിശ്വാസം കൂട്ടുന്നത്. ലതികാ ഫാക്ടര്‍ കോൺഗ്രസിന് തിരിച്ചടിയാകുമെന്നും അത് ഫലത്തിൽ ഗുണം ചെയ്യുമെന്നും വിഎൻ വാസവനും പ്രതീക്ഷിക്കുന്നു . 

സീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കിട്ടിയ ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സാധാരണക്കാരുടെ ശബ്ദം നിയമസഭയിലെത്തിക്കാൻ പ്രിൻസ് ലൂക്കോസ് വിജയിക്കണമെന്നായിരുന്നു പ്രചാരണത്തിനെത്തിയ ഉമ്മൻ ചാണ്ടിയുടെ ആഹ്വാനം. ബിഡിജെഎസിൽ നിന്ന് സീറ്റ് ഏറ്റുവാങ്ങിയാണ് എൻഡിഎ സ്ഥാനാര്‍ത്ഥി ടിഎൻ ഹരികുമാര്‍ മത്സര രംഗത്ത് ഉള്ളത്. 

1,64,709 വോട്ടാണ് ഇത്തവണ ഏറ്റുമാനൂരിൽ ഉള്ളത്. മുന്നണി സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരും അടക്കം എട്ട് പേര്‍ ജനവിധി തേടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1,65,464 വോട്ടാണ് ഏറ്റുമാനൂരിലുണ്ടായിരുന്നത്. 79.96 പോളിംഗ് ശതമാനം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാര്‍ത്ഥി സുരേഷ് കുറുപ്പ് പിടിച്ചത് 53,805 വോട്ടാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ചാഴിക്കാടന് 44,906 വോട്ടും ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എജി തങ്കപ്പന് 27,504 വോട്ടും കിട്ടി. 

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021