മോദിയുടെ ശരണംവിളി: പത്തനംതിട്ടയിൽ രാഷ്‌ട്രീയ സമവാക്യം മാറുമെന്ന പ്രതീക്ഷയിൽ എൻഡിഎ

By Marketing FeatureFirst Published Apr 4, 2021, 10:30 AM IST
Highlights

കെ.സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയിൽ വിജയ പ്രതീക്ഷയുണ്ടായിരുന്ന എൻഡിഎക്ക് മോദി ഹെലികോപ്റ്ററിൽ പറന്നതോടെ അടൂരും ആറൻമുളയിലും റാന്നിയിലും പ്രതീക്ഷ വെക്കാനുള്ള സാഹചര്യമായി. 

കോന്നി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോന്നി റാലിയോടെ പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം പൂർണമായും മാറിമറിഞ്ഞു. പ്രധാനമന്ത്രിയുടെ ശരണംവിളി നിയമസഭാ തെരഞ്ഞെടുപ്പിലെ എല്ലാ പ്രവചനങ്ങളും കണക്കുകൂട്ടലുകളും അപ്പാടെ മാറ്റിമറിച്ചിരിക്കുകയാണ്. നിലവിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയിൽ വിജയ പ്രതീക്ഷയുണ്ടായിരുന്ന എൻഡിഎക്ക് മോദി ഹെലികോപ്റ്ററിൽ പറന്നതോടെ അടൂരും ആറൻമുളയിലും റാന്നിയിലും പ്രതീക്ഷ വെക്കാനുള്ള സാഹചര്യമായി. 

കോന്നി മണ്ഡലത്തിലെ പ്രമാടം എന്ന കൊച്ചു ഗ്രാമത്തിലേക്ക് പ്രധാനമന്ത്രി കടന്നുവന്നത് കൗതുകത്തോടെയും ആവേശത്തോടെയുമാണ് നാട്ടുകാർ സ്വീകരിച്ചത്. ഒരു ലക്ഷത്തോളം പേരാണ് പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മോദിയുടെ വിജയ് റാലിയ്ക്കായി എത്തിയതെന്നാണ് കണക്കു കൂട്ടുന്നത്. ഇതിൽ ഭൂരിഭാഗവും പത്തനംതിട്ടയിലെ 5 മണ്ഡലങ്ങളിൽ നിന്നാണ്. ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിൽ നിന്നും ശേഷിച്ചവർ എത്തി. ആയിരക്കണക്കിന് പേർക്കാണ് മോദിയെ ഒരു നോക്ക് കാണാൻ പോലും കഴിയാതെ ശബ്ദം മാത്രം കേട്ട് മടങ്ങേണ്ടിവന്നത്. കിലോമീറ്ററുകൾക്ക് അപ്പുറം വാഹനം തടഞ്ഞതിനാൽ നടന്നും ഓടിയും ഇവർ പ്രമാടത്ത് വന്നെങ്കിലും നിറഞ്ഞുകവിഞ്ഞ പുരുഷാരത്തിന് പിന്നിൽ നിൽക്കാൻ മാത്രമാണ് കഴിഞ്ഞത്.

കോന്നി മണ്ഡലത്തിൽ നിന്ന് വൻ ജനപങ്കാളിത്തമാണുണ്ടായത്. ബിജെപിയുമായി ഒരു ബന്ധവുമില്ലാത്തയാളുകൾ വരെ പ്രധാനമന്ത്രിയുടെ വേദിയിലെത്തിയത് ബിജെപി നേതൃത്വത്തെ പോലും അമ്പരപ്പിച്ചു. ദുഖവെള്ളിയാഴ്ചയായിട്ടും നിരവധി ക്രിസ്ത്യൻ വിശ്വാസികൾ പ്രമാടത്തെത്തിയത് കെ.സുരേന്ദ്രന് ആത്മവിശ്വാസം പകരുന്നതാണ്. വോട്ടർമാരുടെ മനസറിഞ്ഞാണ് നരേന്ദ്രമോദി പ്രസംഗിച്ചത്. സ്വാമിയേ ശരണമയ്യപ്പാ എന്ന് നാലു തവണ മോദി വിളിച്ചതോടെ ആടിനിന്ന നിഷ്പക്ഷ വോട്ടുകൾ എൻഡിഎ പക്ഷത്തേക്ക് മറിഞ്ഞുകഴിഞ്ഞുവെന്നാണ് എൻഡിഎ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. 

ബിജെപിയുടെയും ബിഡിജെഎസിന്റെയും ഐക്യം മോദിയുടെ സന്ദർശനത്തോടെ ഉഷാറായി. മോദിയുടെ സന്ദർശനത്തിന് പിന്നാലെ ബിഡിജെഎസിന്റെ നേതാക്കൾ തങ്ങളുടെ സ്വാധീനമുള്ള സ്ഥലങ്ങളിൽ വീടു കയറി വോട്ടുറപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. കോന്നി, റാന്നി മണ്ഡലങ്ങളിൽ ഈഴവ വോട്ടർമാരിൽ വലിയ മാറ്റം സൃഷ്ടിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനം ഉപകരിച്ചുവെന്നാണ് ബിഡിജെഎസ് നേതൃത്വം പറയുന്നത്. കോന്നിയിൽ ഉപതിരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രന് 40,000 വോട്ട് കിട്ടിയിരുന്നു. അത് എൻഡിഎ വോട്ട് എന്നതിനേക്കാളുപരി സുരേന്ദ്രന്റെ വ്യക്തി പ്രഭാവം കൊണ്ട് കൂടി ലഭിക്കുന്നതാണ്. 

മോദിയുടെ സന്ദർശനം, ബിഡിജെഎസിന്റെ പരിശ്രമം, മോദിക്കെതിരായി അടൂർ പ്രകാശിട്ട ഫേസ്‌ബുക്ക് പോസ്റ്റ് എന്നിവ വലിയ തോതിൽ സുരേന്ദ്രന് വേണ്ടി വോട്ടൊഴുകാൻ കാരണമാകും. പ്രധാനമന്ത്രിയുടെ സന്ദർശനം വർഗീയപരമായി ചിത്രീകരിച്ച് അടൂർ പ്രകാശ് പുലിവാൽ പിടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് ലഭിച്ചിരിക്കുന്ന കമന്റ് അതാണ് വ്യക്തമാക്കുന്നത്. മോദിയുടെ സന്ദർശനവും അടൂർപ്രകാശിന്റെ ഫേസ്‌ബുക്ക് പോസ്റ്റും റോബിൻ പീറ്ററിന് കിട്ടേണ്ടിയിരുന്ന നായർ വോട്ടുകൾ കെ.സുരേന്ദ്രന് ലഭിക്കാൻ കാരണമാവും എന്ന ഭയത്തിലാണ് യുഡിഎഫ്.

click me!