കേരളത്തില്‍ ഇടതിന് നേരിയ മുന്‍തൂക്കം; കോണ്‍ഗ്രസില്‍ ജനത്തിന് വിശ്വസമില്ലെന്ന് ഒ.രാജഗോപാല്‍

By Web TeamFirst Published Mar 23, 2021, 12:20 PM IST
Highlights

93 വയസായ താന്‍ ആരോഗ്യ കാരണങ്ങളാലാണ് ഇത്തവണ മത്സരിക്കാന്‍ ഇറങ്ങാത്തതെന്നും. എന്നാല്‍ സജീവമായി പ്രചരണ രംഗത്തുണ്ടെന്നും പറയുന്ന രാജഗോപാല്‍ ഇപ്പോള്‍ നേമത്തെ സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കും.

തിരുവനന്തപുരം:  കേരളത്തില്‍ ഇടത് മുന്നണിക്കാണ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഒ രാജഗോപാലിന്‍റെ അഭിപ്രായ പ്രകടനം. ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും ദുര്‍ബലരായ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ജനങ്ങള്‍ താല്‍പ്പര്യം കാണിക്കില്ലെന്നാണ് രാജഗോപാല്‍ പറയുന്നത്. ചെന്നിത്തല സ്മാര്‍ട്ടാണ് പക്ഷെ പ്രതിപക്ഷത്തിന് സ്വീകാര്യതയില്ല. 

93 വയസായ താന്‍ ആരോഗ്യ കാരണങ്ങളാലാണ് ഇത്തവണ മത്സരിക്കാന്‍ ഇറങ്ങാത്തതെന്നും. എന്നാല്‍ സജീവമായി പ്രചരണ രംഗത്തുണ്ടെന്നും പറയുന്ന രാജഗോപാല്‍ ഇപ്പോള്‍ നേമത്തെ സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കും. നേമത്ത് ശക്തമായ ത്രികോണ മത്സരമാണ് എന്ന് പറയുന്ന രാജഗോപാല്‍, കോണ്‍ഗ്രസിന്‍റെ  മുരളീധരന്‍റെ സ്ഥാനാര്‍ത്ഥി എന്ന രീതിയില്‍ വ്യക്തിപരമായി തനിക്ക് പ്രശ്നമൊന്നും തോന്നുന്നില്ലെങ്കിലും കേരളത്തിലും ദേശീയ തലത്തിലും കോണ്‍ഗ്രസ് ദുര്‍ബലമാണ് എന്ന് രാജഗോപാല്‍ പറയുന്നു.

ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ചോദ്യത്തിന്, ചില അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടായിരിക്കാം. അത് രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്വഭാവികമാണ്. ചിലരുടെ ആവശ്യങ്ങള്‍ ന്യായമായിരിക്കാം. എങ്കിലും ചില സമയങ്ങളില്‍ ചില ഒത്തുതീര്‍പ്പുകള്‍ അത്യവശ്യമാണ്. കേരളത്തില്‍ ചിലയിടത്ത് സിപിഐഎം ബിജെപി ഡീല്‍ നടക്കുന്നു എന്ന ആര്‍എസ്എസ് നേതാവ് ആര്‍.ബാലശങ്കറിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തില്‍. അദ്ദേഹം കേരളത്തിലല്ല ഇപ്പോള്‍ എന്നാണ് രാജഗോപാല്‍ ആദ്യം പ്രതികരിച്ചത്. അദ്ദേഹം മനസിലാക്കിയത് ശരിയല്ല. അത് തെറ്റായ കാഴ്ചപ്പാട് ഉണ്ടാക്കും. അദ്ദേഹം സംഘപരിവാറിന്‍റെ ഭാഗമായ സ്വയംസേവകനാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് പലരും തനിക്ക് സ്ഥാനാര്‍ത്ഥിയാകണമെന്ന് തോന്നും, എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മറ്റ് പലഘടകങ്ങളെ ആശ്രയിച്ചാണ് നടക്കുന്നു. സ്ഥാനാര്‍ത്ഥിയാകണമെന്ന ഒരാളുടെ വാദത്തിന് ചിലപ്പോള്‍ ന്യായം ഉണ്ടാകാമെങ്കിലും, എതിരായി എടുക്കുന്ന തീരുമാനത്തിന് അതിനേക്കാള്‍ കൂടിയ ന്യായീകരണം ഉണ്ടാകും.

ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ രാജഗോപാല്‍. മഞ്ചേശ്വരത്ത് കുറഞ്ഞവോട്ടിനാണ് കഴിഞ്ഞ തവണ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്, അതിനാല്‍ അവിടെ അദ്ദേഹത്തിന് സാധ്യതയുണ്ട്. കോന്നിയില്‍ ശബരിമല പ്രക്ഷോഭത്തിന്‍റെയും മറ്റും പാശ്ചത്തലത്തില്‍ ഒരു വൈകാരിക അടുപ്പമുള്ള മത്സരമായിരിക്കും സുരേന്ദ്രന്. 

ത്രിപുര, ഹരിയാന, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളിലെ പോലെ ബിജെപിക്ക് പെട്ടന്നൊരു വളര്‍ച്ച കേരളത്തില്‍ ലഭിക്കാത്തത് എന്താണ് എന്ന ചോദ്യത്തിന് രാജഗോപാലിന്‍റെ മറുപടി ഇതായിരുന്നു, കേരളത്തിലെ അവസ്ഥ വ്യത്യസ്തമാണ്. ഇവിടെ ഒന്ന് രണ്ട് ഘടകങ്ങള്‍ ഉണ്ട്. 90 ശതമാനത്തോളം സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. അവര്‍ ചിന്തിക്കും, സംവദിക്കും. അത് വിദ്യസമ്പന്നരായ ജനതയുടെ ശീലമാണ്. അത് ഒരു പ്രശ്നമാണ്. രണ്ടാമത്തെ കാര്യം സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും, 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. എല്ലാ കണക്കുകൂട്ടലിലും ഈ വസ്തു കടന്ന് വരും. അതിനാല്‍ തന്നെ കേരളത്തെ മറ്റൊരു സംസ്ഥാനവുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ കാര്യങ്ങളില്‍ വ്യത്യാസമുണ്ട്. ഇപ്പോള്‍ കൃത്യമായ വളര്‍ച്ച ബിജെപിക്കുണ്ട്. എന്നാല്‍ പതുക്കെയാണ് ഇത്.

പിണറായിയെ പ്രശംസിക്കുന്നത് രാഷ്ട്രീയമായി കാണേണ്ടെന്നും രാജഗോപാല്‍ പറയുന്നു. ഒരാള്‍ നല്ലത് ചെയ്താല്‍ അതിനെ അഭിനന്ദിക്കുന്നത് സത്യസന്ധതയാണ്. രാഷ്ട്രീയ പ്രവര്‍ത്തനം നുണയല്ല, അത് സത്യമായിരിക്കണം. വിഎസ് അച്യുതാനന്ദനെക്കുറിച്ച് ഇതേ കാര്യം എനിക്ക് പറയാന്‍ സാധിക്കില്ല. എല്ലാ വ്യക്തികളിലും അവരുടെതായ ഗുണം ഉണ്ടാകും. പിണറായി വിജയന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മികച്ചയാളാണ്. അത് ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. അദ്ദേഹം കുറച്ചെ സംസാരിക്കൂ, പക്ഷെ ലക്ഷ്യം നേടും. ദരിദ്ര അവസ്ഥയില്‍ നിന്നും ഇന്നത്തെ നിലയില്‍ എത്തിയത് തന്നെ ഇത്തരം ഗുണങ്ങള്‍ ഉള്ളതിനാലാണ്. ഞാന്‍ എല്ലാവരുമായി സൌഹൃദത്തിലാണ്. അടിയന്തരാവസ്ഥകാലത്ത് ജയിലിലായപ്പോള്‍ കമ്യൂണിസ്റ്റുകളുമായും,സോഷ്യലിസ്റ്റുകളുമായും ഞാന്‍ സൌഹൃദത്തിലായിരുന്നു. 

പിണറായി വീണ്ടും ഭരണത്തില്‍ വരണമെന്ന ചിന്തയാണ് ചിലര്‍ക്ക് ഉള്ളത്. അത് കൃത്യമായി പറയാന്‍ എനിക്ക് സാധിക്കില്ല. എന്നാല്‍ കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയില്‍ അവരെ രക്ഷിക്കാന്‍ ആര്‍ക്കുമാകില്ല. അവരുടെ ദിനങ്ങള്‍ അവസാനിച്ചിരിക്കുന്നു. 

click me!