ബംഗാളിൽ ബിജെപിയുടെ മുഖമാകാൻ ഗാംഗുലി ക്രീസിലിറങ്ങുമോ? ആദ്യ പട്ടിക പുറത്തിറക്കാൻ ഇന്ന് യോഗം; മോദിയുമെത്തും

By Web TeamFirst Published Mar 4, 2021, 12:40 AM IST
Highlights

നൂറു സീറ്റു വരെ കിട്ടാമെങ്കിലും മമതയെ പോലെ ഒരു പ്രാദേശിക നേതാവ് ഇല്ലാത്തത് ബിജെപിക്ക് പ്രതിസന്ധിയാകുന്നു എന്നാണ് സർവെകൾ ചൂണ്ടികാട്ടിയത്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ ഇന്ന് ബിജെപിയുടെ നിർണായക യോഗം ചേരുമ്പോൾ എല്ലാ കണ്ണുകളും സൗരവ് ഗാംഗുലിയിലേക്കാണ്. മമത ബാനർജിക്കെതിരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു മുഖം ഇല്ലാത്തത് ബിജെപിയുടെ സാധ്യത കുറയ്ക്കുന്നു എന്ന സർവ്വെകളുടെ പശ്ചാത്തലത്തിൽ ഗാംഗുലിയെ കളത്തിലെത്തിക്കാൻ വലിയ പരിശ്രമമമാണ് നടക്കുന്നത്.

ബിജെപിക്ക് വേണ്ടി ദാദ കളത്തിലിറങ്ങുമോ എന്നത് തന്നെയാണ് ബംഗാളി മാധ്യമങ്ങളിലടക്കം രണ്ടു ദിവസമായി പ്രധാന ചർച്ച. ഇതുവരെയും സസ്പെൻസ് നിലനിർത്തുന്ന ഗാംഗുലി ഇന്ന് മനസ് തുറക്കുമോയെന്നതാണ് അറിയാനുള്ളത്. ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ ഇന്ന് ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പങ്കെടുക്കുന്നതിനാൽ തീരുമാനം വൈകില്ലെന്നാണ് സൂചന.

നന്ദിഗ്രാമിലെ ഉൾപ്പടെ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ബിജെപി. തെരഞ്ഞെടുപ്പിന്‍റെ തുടക്കത്തിൽ സ‍ർവ്വെകൾ നല്കുന്ന സൂചന ബിജെപി പിന്നിലാണെന്നാണ്. നൂറു സീറ്റു വരെ കിട്ടാമെങ്കിലും മമതയെ പോലെ ഒരു പ്രാദേശിക നേതാവ് ഇല്ലാത്തത് ബിജെപിക്ക് പ്രതിസന്ധിയാകുന്നു എന്നാണ് സിവോട്ടർ സർവ്വെയടക്കം ചൂണ്ടികാട്ടിയത്.

ഇന്ത്യൻ ക്രിക്കറ്റിന് വലിയ സംഭാവന നൽകിയ മുൻ നായകൻ സൗരവ് ഗാംഗുലി പോരാട്ടത്തിനിറങ്ങിയാൽ ബംഗാളിൽ ഉടനീളം അത് തരംഗം സൃഷ്ടിക്കുമെന്നാണ് ബിജെപി കരുതുന്നത്. ഹൃദ്രോഗത്തിന് ചികിത്സ ആവശ്യമായി വന്ന ഗാംഗുലി അവസാന വാക്ക് പറഞ്ഞിട്ടില്ല. സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്നവരിൽ പ്രമുഖൻ.

എന്നാൽ തതാഗത് റോയി, സുവേന്ദു അധികാരി, സ്വപൻ ദാസ്ഗുപ്ത ലോക്കറ്റ് ചാറ്റർജി തുടങ്ങിയവരും ഈ സ്ഥാനം ആഗ്രഹിക്കുന്നവരാണ്. നാല്പത് ശതമാനം വോട്ട് ലോക്സഭയിൽ നേടിയ ബിജെപിക്ക് അഞ്ചു ശതമാനം വിഹിതം കൂടുതൽ കിട്ടാൻ നല്ലൊരു മുഖം അനിവാര്യമാണ്, ഗാംഗുലി ഇല്ല എന്നാണ് ഉത്തരം നല്കുന്നതെങ്കിൽ മമതയ്ക്കെതിരെ മോദി എന്നതാവും ബിജെപി മുദ്രാവാക്യം. 

click me!