ചടയമം​ഗലത്തും ഇടതുമുന്നണിയിൽ പൊട്ടിത്തെറി; പ്രവർത്തകരുടെ പ്രതിഷേധം

By Web TeamFirst Published Mar 10, 2021, 7:04 PM IST
Highlights

ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ സി പി ഐ പ്രവർത്തകരാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. എ.മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

കൊല്ലം: സ്ഥാനാർഥി നിർണയത്തെ ചൊല്ലി ചടയമംഗലത്തും ഇടതുമുന്നണിയിൽ പൊട്ടിത്തെറി. ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ സി പി ഐ പ്രവർത്തകരാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. എ.മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളടക്കം ഇരുന്നൂറോളം പേർ പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്. 

സിപിഐ സംസ്ഥാന സമിതി അംഗമാണ് ജെ.ചിഞ്ചുറാണി.  പ്രാദേശിക നേതൃത്വത്തിൻ്റെ കടുത്ത എതിർപ്പ് മറികടന്നാണ് സി പി ഐ കൊല്ലം ജില്ലാ നേതൃയോഗം ചിഞ്ചു റാണിയെ സ്ഥാനാർഥിയാക്കാൻ ഉള്ള നിർദ്ദേശം സംസ്ഥാന കൗൺസിലിന് നൽകിയത്. പ്രാദേശിക നേതാവ് എ.മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്ന് പ്രാദേശിക ഘടകങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വനിതാ പ്രാതിനിധ്യം എന്ന നിലപാട് ഉയർത്തി നേതാക്കൾ പ്രാദേശിക നേതൃത്വത്തിൻ്റെ ആവശ്യം തള്ളുകയായിരുന്നു. തീരുമാനത്തിനെതിരെ പരസ്യ പ്രതിഷേധം ഉയർത്തുമെന്ന് ഒരു വിഭാഗം പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, സിപിഎമ്മിന്റെ സിറ്റിം​ഗ് സീറ്റ് കേരളാ കോൺ​ഗ്രസിന് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകരുടെ വലിയ മാർച്ച് നടന്നു. പാർട്ടി ചിഹ്നത്തിൽ തന്നെ വോട്ട് ചെയ്യാനുള്ള ആഗ്രഹം വ്യക്തമാക്കിയാണ് പ്രകടനം. കേന്ദ്ര നേതൃത്വത്തിന് അയച്ച പരാതിയും പരിഗണനയ്ക്ക് വരാതിരുന്നതോടെയാണ് പ്രവർത്തകരും അണികളും ശക്തി വ്യക്തമാക്കിയുള്ള പ്രകടനവുമായി രം​ഗത്തെത്തിയത്. പ്രാദേശിക വികാരം ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ ജില്ലാ കമ്മിറ്റിക്ക് പിഴവ് പറ്റിയെന്നാണ് പ്രതിഷേധക്കാരുടെ വിമർശനം. സിപിഎം മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെയുള്ള പ്രതിഷേധം.

Read Also: കുറ്റ്യാടി വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി സിപിഎം പ്രവർത്തകർ; ശക്തി വിളിച്ചോതി വൻ പ്രതിഷേധ പ്രകടനം...

 

click me!